പദ്മനാഭപുരം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വഴി നീളെ സ്വീകരണം ഏറ്റുവാങ്ങി വരുന്ന നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് സംസ്ഥാന അതിർത്തിയിലേക്ക് പ്രവേശിക്കും. ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റി നങ്കയും കുമാരകോവിലിൽ നിന്ന് കുമാരസ്വാമിയും വെള്ളിക്കുതിരയും എഴുന്നള്ളി പദ്മനാഭപുരം കൊട്ടാരത്തിൽ എത്തിയ ശേഷമാണ് ഘോഷയാത്ര പുറപ്പെട്ടത്. രാവിലെ ഏഴോടെ ആരംഭിച്ച ഉടവാൾ കൈമാറ്റ ചടങ്ങുകൾ ഏഴേമുക്കാലോടെ അവസാനിച്ചു. എട്ടരയോടെ സരസ്വതിദേവി വിഗ്രഹത്തെ ആനപ്പുറത്തെഴുന്നള്ളിച്ച് കൊട്ടരമുറ്റത്തെത്തിച്ചു. തുടർന്ന് പല്ലക്കുകളിൽ കുമാരസ്വാമി വിഗ്രഹവും, മുന്നൂറ്റി നങ്ക വിഗ്രഹവും എഴുന്നള്ളിച്ചെത്തിച്ചു. കൊട്ടാരത്തിനു അഭിമുഖമായി ആനയും പല്ലക്കുകളും നിന്നപ്പോഴേക്കും അവിടെ ഭക്തജനങ്ങൾ നിറഞ്ഞു. കൊട്ടാരത്തിന്റെ മുകളിലെ കിളിവാതിലിലൂടെ പുഷ്പവൃഷ്ടിയുണ്ടായതോടെ സ്ത്രീകൾ വായ്ക്കുരവയിട്ടു. തുടർന്ന് 8.50നായിരുന്നു ഗാർഡ് ഒഫ് ഓണർ. തമിഴ്നാട് ദേവസ്വം ജീവനക്കാരാണ് പല്ലക്കുകളും വെള്ളിക്കുതിരയെയും ചുമക്കുന്നത്. വിവിധ കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് പൊലിമ പകർന്നു. വഴികളെല്ലാം ഭക്തർ വൃത്തിയായി കഴുകിയ ശേഷം അരിപ്പൊടികൊണ്ട് കോലമിട്ട് മനോഹരമാക്കി, പറയും നിലവിളക്കും പടുക്കയും ഒരുക്കിയാണ് ഘോഷയാത്രയെ സ്വീകരിക്കുന്നത്. എല്ലായിടത്തും
കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. അന്നദാനം ഉൾപ്പെടെ ഭക്തർ ഒരുക്കിയിരുന്നു. ഘോഷയാത്ര തിരുവനന്തപുരത്തേക്കു പോകുമ്പോഴും തിരികെയെത്തുമ്പോഴും കടന്നു പോകുന്ന 60 കിലോമീറ്ററോളം പ്രദേശത്ത് ഉത്സവമാണ്. കരമന നിന്നും കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര വാഹനം, അലങ്കരിക്കാതെ മൂടിക്കെട്ടി ചുമന്നാണ് കൊണ്ടുവരുന്നത്. വിഗ്രഹങ്ങൾക്ക് ഇറക്കിപൂജ നടത്തുന്ന സ്ഥലങ്ങളിൽ കുതിരയും ഇറക്കിവയ്ക്കുന്നതാണ് പതിവ്.
എഴുന്നള്ളത്തും തിരിച്ചെഴുന്നള്ളത്തും
വിഗ്രഹ ഘോഷയാത്ര പദ്മനാഭപുരം കൊട്ടാരവളപ്പിൽ നിന്ന് യാത്ര പുറപ്പെടുന്നതും വിജയദശമിക്കു ശേഷം മടങ്ങിയെത്തുന്നതും വ്യത്യസ്ത പാതകളിലൂടെയാണ്. കൊട്ടാരത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്ര നേരെ കേരളപുരം മഹാദേവക്ഷേത്രത്തിലാണ് ആദ്യമെത്തുന്നത്. ഇവിടെ യാത്രാംഗങ്ങളുടെ ഉച്ചയൂണിന് ശേഷം അഴകിയമണ്ഡപം വഴി കുഴിത്തുറയിലേക്ക് പോകും. മടക്കയാത്രയിൽ അഴകിയമണ്ഡപത്തു നിന്നും ചാരോട് വഴിയാണ് ഘോഷയാത്ര മാതൃക്ഷേത്രത്തിലേക്ക് എത്തുന്നത്. പദ്മനാഭപുരം കോട്ടവാതിലിൽ നടക്കുന്ന സ്വീകരണത്തിന് ശേഷം സരസ്വതി ദേവി തേവാരക്കെട്ടിലേക്ക് കടക്കും. കുമാരസ്വാമിയെ മൂന്നുതെരുവുകളിലൂടെ പ്രദക്ഷിണമായാണ് കുമാരകോവിലിലേക്ക് കൊണ്ടുപോകുന്നത്.
പദ്മനാഭപുരത്തു നിന്ന് യാത്ര പുറപ്പെടുന്നതിന് തലേന്നാളാണ് ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്കയുടെ എഴുന്നള്ളത്ത് പുറപ്പെടുന്നത്. പൊലീസിന്റെ അകമ്പടിയോടെ തലേന്ന് വൈകിട്ട് പദ്മനാഭപുരത്ത് എത്തിക്കുന്ന വിഗ്രഹത്തിന് കൽക്കുളം നീലകണ്ഠസ്വാമി കോവിലിൽ ഇറക്കിപൂജ നടത്തും. മടക്കയാത്രയിലും ഒരു ദിവസം ഇവിടെ തങ്ങിയ ശേഷമാണ് മുന്നൂറ്റിനങ്കയെ ശുചീന്ദ്രത്തേക്ക് കൊണ്ടുപോകുന്നത്.