doha-world-athletic-meet
doha world athletic meet

ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്

ഇന്ന് ദോഹയിൽ തുടക്കമാകും

ദോഹ : ലോകത്തിന്റെ വേഗ സ്വപ്നങ്ങളും ഉയരക്കനവുകളും ദൂര മോഹങ്ങളും ഇനി ദോഹയിലാണ്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇക്കുറി വേദിയാകുന്നത് ദോഹയിലെ ഖലീഫ സ്റ്റേഡിയമാണ്. സെപ്തംബറിൽ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയായതും ഇതേ സ്റ്റേഡിയമാണ്.

ലോക അത്‌‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന ആദ്യ മിഡിൽ ഇൗസ്റ്റ് രാജ്യമാണ് ഖത്തർ. 210 രാജ്യങ്ങളിൽ നിന്നായി 1900 ത്തിലധികം താരങ്ങൾ പുരുഷ വനിതാ വിഭാഗങ്ങളിലായി മത്സരിക്കാനുണ്ടാകും. 10 ദിവസമായി അരങ്ങേറുന്ന ലോക മേളയിൽ 24 ഇനങ്ങളിലാണ് മത്സരമുള്ളത്. ഉത്തേജക വിലക്കിലായതിനാൽ റഷ്യ ഒൗദ്യോഗികമായി ഇൗ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നില്ല. റഷ്യൻ താരങ്ങൾ സ്വതന്ത്രരായാണ് മത്സരിക്കാൻ ഇറങ്ങുന്നത്. അഭയാർത്ഥികളായ താരങ്ങളുടെ സംഘവും ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുണ്ടാകും. ഒക്ടോബർ ആറിനാണ് ലോക ചാമ്പ്യൻഷിപ്പ് സമാപിക്കുന്നത്.

അമേരിക്കയാണ് നിലവിലെ ലോക ചാമ്പ്യൻമാർ. രണ്ടാംസ്ഥാനം കെനിയയ്ക്കും. ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഭൂരിഭാഗവും ദോഹയിൽ മാറ്റുരയ്ക്കാനെത്തുന്നുണ്ട്. പുരുഷ 100 മീറ്ററിലെ നിലവിലെ ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്ലിൻ, ആറ് ഒളിമ്പിക് സ്വർണങ്ങൾ നേടിയിട്ടുള്ള ആലിസൺ ഫെലിക്സ്, സ്‌പ്രിന്റ് റാണിമാരായ ഷെല്ലി ആൻഫ്രേസർ, എലൈൻ തോംപ്‌സൺ തുടങ്ങിയവരാണ് മീറ്റിന്റെ ആകർഷണം.

49

വയസുകാരനായ സ്പാനിഷ് നടത്ത താരം ഏൻജൽ ഗാർഷ്യയാണ് ഇൗ ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായമേറിയ മത്സരാർത്ഥി. 50 കി.മീ നടത്തയിലാണ് ഏൻജൽ ഗാർഷ്യ മത്സരിക്കുന്നത്.

18

ആതിഥേയരായ ഖത്തർ 18 താരങ്ങളെയാണ് അണിനിരത്തുന്നത്. വനിതാ ട്രിപ്പിൾ ജമ്പിൽ മറിയം ഫരീദ്, പുരുഷ ഹൈജമ്പിലെ നിലവിലെ ചാമ്പ്യൻ മുതാസ് ഇൗസ ബർഷിം, 400 മീറ്റർ ഹർഡിൽസിൽ അബ്ദു റഹ്‌‌മാൻ സാംബ തുടങ്ങിയവരാണ് ആതിഥേയരുടെ സ്വർണ പ്രതീക്ഷകൾ

സെമന്യ ഇല്ല

ഇരട്ട ഒളിമ്പിക് സ്വർണമെഡൽ ജേതാവായ ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യയ്ക്ക് അത്‌ലറ്റിക് ഫെഡറേഷന്റെ വിലക്കിനെ തുടർന്ന് മത്സരിക്കാനാവില്ല. ശരീരത്തിൽ പുരുഷ ഹോർമോണിന്റെ അളവ് കൂടിയിരിക്കുന്നതിനാലാണ് സെമന്യയ്ക്ക് വിലക്ക് കല്പിച്ചിരിക്കുന്നത്.

13/25

ഇൗ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 25 താരങ്ങളാണ് മത്സരിക്കാനിറങ്ങുന്നത്. അതിൽ 13 പേരും മലയാളികൾ.

പി.യു. ചിത്ര, ജിൻസൺ ജോൺസൺ, ശ്രീശങ്കർ, എം.പി. ജാബിർ, കെ.ടി. ഇർഫാൻ, മുഹമ്മദ് അനസ്, ടി. ഗോപി, മുഹമ്മദ് അനസ്, വിസ്മയ വി.കെ, ജിസ്‌‌ന മാത്യു, അമോജ് ജേക്കബ്, അലക്സ് ആന്റണി, നിർമൽ നോഹ് ടോം എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളികൾ.

4 x 400 മീറ്റർ മിക്സ‌ഡ് റിലേ ഇൗ ലോക ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിക്കും. അനസ്, ആരോക്യ രാജീവ്, പൂവമ്മ, വിസ്മയ എന്നിവരാണ് ഇൗയിനത്തിൽ ഇന്ത്യയ്ക്കുവേണ്ടി മത്സരിക്കാനിറങ്ങുന്നത്.

ലോകം ചിത്രയെ

കാണട്ടെ

രണ്ടുവർഷംമുമ്പ് ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും ലണ്ടനിലെ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ച അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയിലെ താപ്പാനകൾക്കുമുന്നിൽ തല ഉയർത്തി മലയാളിതാരം പി.യു. ചിത്ര ഇക്കുറി ദോഹയിലെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ഇക്കുറിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയാണ് ചിത്ര ലോക ചാമ്പ്യൻഷിപ്പിന് യോഗ്യയായത്. 1500 മീറ്ററിലാണ് ചിത്ര മാറ്റുരയ്ക്കുന്നത്. 42 പേരാണ് ചിത്രയ്ക്കൊപ്പം മത്സരിക്കാനിറങ്ങുന്നത്. ഇതിൽ 40-ാം റാങ്കുകാരിയാണ് ചിത്ര. 4 മിനിട്ട് 12.65 സെക്കൻഡാണ് ചിത്രയുടെ മികച്ച സമയം. മെഡൽ പ്രതീക്ഷയൊന്നും ചിത്ര വച്ചുപുലർത്തുന്നില്ല. എന്നാൽ ലോക കായികവേദിയിൽ കാൽവയ്ക്കാൻ കിട്ടിയ അവസരം മോശമാക്കരുതെന്ന വാശിയിലാണ് ഇൗ പാലക്കാടൻ പെൺകുട്ടി.

മറ്റ് മലയാളി തിളക്കങ്ങൾ

ജിൻസൺ ജോൺസൺ

ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയും നേടിയ ജിൻസൺ പുരുഷവിഭാഗം 1500 മീറ്ററിലാണ് ഇറങ്ങുന്നത്. 3 മിനിട്ട് 35.24 സെക്കൻഡാണ് മികച്ച സമയം. 57 പേർ മത്സരിക്കുന്ന ഇനത്തിൽ 26-ാം റാങ്കുകാരനാണ് ജിൻസൺ.

മുഹമ്മദ് അനസ്

വ്യക്തിഗത 400 മീറ്ററിൽ യോഗ്യത ലഭിക്കാതിരുന്ന അനസ് റിലേയിലാണ് മത്സരിക്കുന്നത്.

കെ.ടി. ഇർഫാൻ

ലണ്ടൻ ഒളിമ്പിക്സിൽ പത്താം സ്ഥാനത്തെത്തി വിസ്മയം സൃഷ്ടിച്ച ഇർഫാൻ 20 കി.മീ നടത്തത്തിൽ മത്സരിക്കുന്നു.

എം.പി ജാബിർ

41 പേർ മത്സരിക്കുന്ന 400 മീറ്റർ ഹർഡിൽസിൽ 22-ാം റാങ്കിലാണ് ജാബിർ. മികച്ച സമയം 49.13 സെക്കൻഡ്.

ടി. ഗോപി

മാരത്തോണിലെ മലയാളി പ്രതിനിധിയാണ് വയനാട്ടുകാരൻ തോന്നയ്ക്കൽ ഗോപി

വനിതകളുടെ 400 മീറ്ററിലെ പുതു പ്രതീക്ഷ ഹിമദാസ് ആദ്യം ഇന്ത്യൻ ടീമിലുണ്ടായിരുന്നുവെങ്കിലും പരിക്കുമൂലം പിൻമാറി. സ്‌പ്രിന്റ് താരം ദ്യുതി ചന്ദിന് യോഗ്യത നേടാനായില്ലെങ്കിലും ഐ.എ.എ.എഫ് പ്രത്യേക ക്ഷണത്തിലൂടെ മത്സരിക്കാൻ അവസരം ലഭിച്ചു.

ശ്രീശങ്കർ

8 മീറ്റർ ചാടിക്കടന്ന ശ്രീശങ്കറിന് അനുഭവ സമ്പത്ത് ആർജിക്കുകയാണ് ഇൗ ലോക ചാമ്പ്യൻഷിപ്പിലെ ലക്ഷ്യം.

ഖലീഫ സ്റ്റേഡിയം

2022 ലെ ലോകകപ്പിന്റെ വേദികളിലൊന്നായ ഖലീഫ സ്റ്റേഡിയം അത്യന്താധുനിക രീതിയിലാണ് ലോക ചാമ്പ്യൻഷിപ്പിന് ഒരുക്കിയിരിക്കുന്നത്.

40,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിന്റെ പുനർനവീകരണം പൂർത്തിയായത് 2017 ലാണ്.
അത്യാധുനിക ശീതികരണ സംവിധാനമാണ് സ്റ്റേഡിയത്തിനുള്ളിൽ, പുറത്ത് 40 ഡിഗ്രിയോളം താപനില ഉയർന്നാലും അകത്ത് 17-21 സെൽഷ്യസിനുള്ളിൽ നിയന്ത്രിച്ചുനിറുത്താനാകും.

ഫിഫയുടെ അംഗീകാരമുള്ള വെളിച്ച സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എൽ.ഇ.ഡിയാണ് പൂർണമായും ഉപയോഗിച്ചിരിക്കുന്നത്.

64 വി.ഐ.പി സ്യൂട്ടുകളും 6000 ത്തിലധികം കാറുകൾക്കും 2300 ബസുകൾക്കുമുള്ള പാർക്കിംഗ് സംവിധാനവും ഇവിടെയുണ്ട്.

സ്റ്റേഡിയത്തിനുചുറ്റുമായി ഇൻഡോർ കായികകേന്ദ്രമായ ആസ‌്‌പയർ അക്കാഡമി, കായിക ആശുപത്രി, ആഡംബര ഷോപ്പിംഗ് മാൾ തുടങ്ങിയവയും.