kala-poottu

കല്ലമ്പലം : പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്ക് മികച്ച മാതൃകയുമായി പള്ളിക്കൽ പഞ്ചായത്ത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവ പഞ്ചായത്തുതലത്തിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയാണ് പഴയകാല കാർഷിക സ്മരണകളുടെ ഓർമ്മകൾ വിദ്യാർത്ഥികൾക്ക് നുകരാൻ ഉതകും വിധം പള്ളിക്കൽ പഞ്ചായത്ത് നടപ്പിലാക്കിയത്. ജില്ലയിലെ പ്രധാന നെല്ലറയായിരുന്നു പള്ളിക്കൽപുഴ പാടശേഖരം. ഏക്കറുകണക്കിന് വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരത്ത് മരമടിയും കാളവേലയും കാണാൻ അന്യനാടുകളിൽ നിന്നുപോലും കാഴ്ചക്കാർ എത്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ പോയകാലത്തെ ആ കാർഷിക സ്മരണകൾ വീണ്ടും പുതിയകാലത്തെ കുരുന്നുകൾക്ക് പകർന്ന് പള്ളിക്കൽ പുഴ പാടശേഖരത്ത് വീണ്ടും കാളപ്പൂട്ടും മരമടിയും നടന്നു. പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നെത്തിയ നൂറുകണക്കിന് കുട്ടികർഷകർ ക്ക് പുതിയൊരനുഭവമായി പാഠം .കാളപൂട്ടിന് മുമ്പ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പള്ളിക്കൽ ഷബാന ഓഡിറ്റോറിയത്തിൽ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കൂർ ഉണ്ണി നിർവഹിച്ചു .വൈസ് പ്രസിഡന്റ് എം ഹസീന അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ടി. ബേബിസുധ അദ്ധ്യക്ഷയായി. എസ് പുഷ്പലത, പള്ളിക്കൽ നസീർ, ഷീജ. ജി. ആർ, പ്രസന്ന ദേവരാജൻ, നിസാമുദ്ദീൻ , മുരളി തുടങ്ങിയവർ സംസാരിച്ചു. മണിവർണൻ .ജി .കെ സ്വാഗതവും സ്മിത. കെ നന്ദിയും പറഞ്ഞു.കൃഷിവകുപ്പ് റിട്ട ഡെപ്യൂട്ടി ഡയറക്ടർ നാരായണൻ നായർ കാർഷിക ക്ലാസ് നയിച്ചു. കൃഷി ഓഫീസർ സ്മിതയെ ചടങ്ങിൽ കർഷകരുടെ നേതൃത്വത്തിൽ ആദരിച്ചു.