maradu-flat-case

തിരുവനന്തപുരം : മരടിലെ ഫ്ളാറ്റ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡി.ജി.പി ലോക്‌നാഥ് ബഹ്റ നിർദ്ദേശിച്ചു. ക്രൈംബ്രാഞ്ചിലേയും ലോക്കൽ പൊലീസിലേയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. ഇതുസംബന്ധിച്ച് മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരുന്ന കേസുകൾ ക്രൈം ബ്രാഞ്ചിന് കൈമാറും.

എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ മേൽനോട്ടച്ചുമതല എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിക്കാണ്. എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ജോസി ചെറിയാൻ, എറണാകുളം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ ബിജി ജോർജ്ജ് എന്നിവർ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തിൽ ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരും എസ്.എച്ച്.ഒമാരും ഉൾപ്പെടും. അന്വേഷണപുരോഗതി റിപ്പോർട്ട് 15 ദിവസത്തിനകം നൽകണം.