vattiyoorkav

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തെ ആവേശത്തിലാഴ്ത്തി ഇടതുമുന്നണി സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന്റെ റോഡ് ഷോ. മറ്റ് മുന്നണികൾ ഇപ്പോഴും സ്ഥാനാർത്ഥി നിർണയ ചർച്ചകളുമായി മുന്നോട്ടു പോകവേയാണ് പ്രചാരണ പരിപാടികളുമായി പ്രശാന്ത് ഒരു പടി മുന്നിലെത്തിയത്. മണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങളെയെല്ലാം സ്പർശിച്ച് കടന്നുപോയ റോഡ് ഷോയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് എല്ലായിടത്തും ലഭിച്ചത്. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി പ്രചാരണം ആരംഭിച്ച ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് മികച്ച തുടക്കമിട്ടു.
ഇന്നലെ ഉച്ചയ്ക്കുശേഷം മൂന്നരയോടെ പേരൂർക്കട ലാ അക്കാഡമി ജംഗ്ഷനിൽ നിന്നായിരുന്നു റോഡ് ഷോയുടെ തുടക്കം. സ്ഥാനാർത്ഥിയുടെ തുറന്ന ജീപ്പിന് പിറകിലായി ചുവന്ന കൊടികൾ പാറിച്ച് നൂറുകണക്കിനു ഇരുചക്രവാഹനങ്ങളും ആട്ടോറിക്ഷകളും. പഞ്ചവാദ്യം, ബാൻഡ് ഷോ, നാസിക് ഡോൾ തുടങ്ങിയ വാദ്യമേളങ്ങൾ ഇരുവശങ്ങളിലും നിലയുറപ്പിച്ചു. മേയറുടെ ചിത്രമേന്തിയ പ്ലക്കാർഡുകളുമായി ആയിരത്തിലധികം പ്രവർത്തകരാണ് ഷോയിൽ അണിനിരന്നത്. ചുവന്ന ബലൂണുകളും കൊടിതോരണങ്ങളും റോഡ് ഷോയ്ക്ക് മിഴിവേകി.
വഴിനീളെ കാത്തുനിന്ന വോട്ടർമാരെ അഭിവാദ്യം ചെയ്ത് മുന്നേറിയ സ്ഥാനാർത്ഥിക്ക് ഊഷ്മള വരവേല്പാണ് ലഭിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയെ കാണാനും ആശീർവദിക്കാനും കാത്തുനിന്നവരിൽ പാർട്ടി പ്രവർത്തകരും കൊച്ചുകുട്ടികളും സ്ത്രീകളും പ്രായമായവരും ഉണ്ടായിരുന്നു. സ്ഥാനാർത്ഥിക്കൊപ്പം ഫോട്ടോയെടുത്തും അഭിവാദ്യം ചെയ്തും അവർ പിന്തുണയറിയിച്ചു.
പേരൂർക്കട ലാ അക്കാഡമി ജംഗ്ഷനിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ റോഡ് ഷോ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം വി. ശിവൻകുട്ടി, ജില്ലാ സെക്രട്ടേറിയറ്റംഗം കെ.സി. വിക്രമൻ എന്നിവർ സംബന്ധിച്ചു. രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും എൽ.ഡി.എഫ് സർക്കാരിന്റെ വികസനക്കുതിപ്പ് വട്ടിയൂർക്കാവിലും പ്രതിഫലിക്കുമെന്നും വി.കെ.പ്രശാന്ത് പറഞ്ഞു. സ്ഥാനാർത്ഥിയുടെ വാക്കുകൾ ജനം ഹർഷാരവത്തോടെ സ്വീകരിച്ചു.
വട്ടിയൂർക്കാവ്, ശാസ്തമംഗലം, കവടിയാർ, നന്തൻകോട്, പ്ലാമൂട്, ഗൗരീശപട്ടം, പട്ടം, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, പാതിരപ്പള്ളി, കുടപ്പനക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അമ്പലമുക്കിലാണ് റോഡ് ഷോ സമാപിച്ചത്.