ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോഡി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യക്കാരൻ മുൻ ക്രിക്കറ്റ് ക്യാപ്ടൻ മഹേന്ദ്രസിംഗ് ധോണിയാണെന്ന് സർവേ റിപ്പോർട്ട്. യുഗവ് എന്ന സംഘടന 41 രാജ്യങ്ങളിലായി 42000 പേരെ ഉൾപ്പെടുത്തി നടത്തിയ സാമ്പിൾ സർവേയിലാണ് ധോണി മോഡിക്ക് പിന്നിലെത്തിയത്. സച്ചിൻ ടെൻഡുൽക്കർ , വിരാട് കൊഹ്‌ലി എന്നിവരെയൊക്കെ മറികടന്നാണ് ധോണിയുടെ നേട്ടം.
ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ വനിത ബോക്‌സിംഗ് ചാമ്പ്യൻ എം.സി. മേരികോമാണ്.
ധോണിയുടെ ഫ്യൂച്ചർ പ്ളാൻ:
സെലക്ടർമാർ തുറന്നുസംസാരിക്കണമെന്ന് ഗൗതം ഗംഭീർ
ന്യൂഡൽഹി : ഇന്ത്യൻ ടീമിൽ തുടർന്നു കളിക്കുമോ വിരമിക്കുമോ തുടങ്ങിയ കാര്യങ്ങൾ സെലക്ടർമാർ മഹേന്ദ്രസിംഗ് ധോണിയോട് തുറന്നു സംസാരിക്കണമെന്ന് മുൻ ഇന്ത്യൻ താരവും എം.പിയുമായ ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു.
ലോകകപ്പിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. വരുന്ന ഡിസംബർവരെ കളിക്കാനുണ്ടാവില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതിനിടെയാണ് ഗംഭീർ ഇക്കാര്യം പറഞ്ഞത്. വിരമിക്കാനുള്ള തീരുമാനം വ്യക്തിക്ക് വിട്ടുകൊടുക്കണമെന്ന് പറഞ്ഞ ഗംഭീർ ഒാരോ പരമ്പരയും അടിസ്ഥാനമാക്കിമാത്രം കളിക്കുവാൻ തീരുമാനിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ സെലക്ടർമാരാണ് മുന്നിട്ടിറങ്ങേണ്ടതെന്നും ഗംഭീർ ചൂണ്ടിക്കാട്ടി.