rishabh-pant-ravi-shasthr
rishabh pant ravi shasthri

മുംബയ് : കുറച്ചു മത്സരങ്ങളായി ഫോം കണ്ടെത്താൻ കഴിയുന്നില്ലെങ്കിലും ഋഷഭ് പന്ത് ലോകോത്തര നിലവാരമുള്ള കളിക്കാരൻ തന്നെയാണെന്ന് ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി. സമീപകാല പ്രകടനത്തിന്റെ പേരിൽ പന്തിനെ തള്ളിക്കളയില്ലെന്നും പിഴവുകൾ തിരുത്തി മുന്നോട്ടുപോകാൻ എല്ലാ പിന്തുണയും നൽകുമെന്നും ശാസ്ത്രി പറഞ്ഞു.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ മോശം പ്രകടനത്തെ തുടർന്നാണ് ഋഷഭിനെതിരെ വിമർശനങ്ങൾ ഉയരാൻ തുടങ്ങിയത്. ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലും ഋഷഭ് മോശം ഫോം തുടർന്നതോടെ രവിശാസ്ത്രി തന്നെ പരസ്യവിമർശനവുമായി എത്തിയിരുന്നു. എത്ര പ്രതിഭയുള്ള താരമായാലും സ്ഥിരമായി മോശം ഷോട്ടുകൾ കളിച്ച് പുറത്താകുന്നത് ശരിയല്ലെന്നും ഇത് തുടർന്നാൽ ചെവിക്ക് പിടിക്കുമെന്നുമാണ് ശാസ്ത്രി അന്ന് പറഞ്ഞിരുന്നത്. എന്നാൽ ആ വാക്കുകൾ താനും ടീം മാനേജ്മെന്റും പന്തിന് എതിരെയാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് ഇന്നലെ രവിശാസ്ത്രി വ്യക്തമാക്കി.

കളിക്കാർ പിഴവുകൾ കാണിക്കുമ്പോൾ അത് ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യേണ്ടത് തന്റെ ജോലിയാണെന്നും അത് ചെയ്യാതിരിക്കാനാവില്ലെന്നും ശാസ്ത്രി വിശദീകരിച്ചു. പന്തിനെതിരെ വിമർശനവുമായി മുൻ താരങ്ങൾ രംഗത്തുവന്നിരുന്നു. എന്നാൽ ചാനൽ ചർച്ചകളിലും പത്രത്തിലെ കോളങ്ങളിലും വിദഗ്ദ്ധാഭിപ്രായം പറയുന്നവർക്ക് അവരുടേതായ ന്യായീകരണങ്ങളുണ്ടാകുമെന്നും അത് നോക്കി തനിക്ക് ജോലി ചെയ്യാനാവില്ലെന്നും ശാസ്ത്രി പറഞ്ഞു. എന്നാൽ പന്തിന് പിന്തുണയുമായി കഴിഞ്ഞദിവസം യുവ്‌രാജ് സിംഗ് രംഗത്തെത്തിയിരുന്നു.

അതേസമയം വിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഋഷഭ് പന്തിന് അവസരം ലഭിച്ചേക്കില്ലെന്നാണ് സൂചന. വൃദ്ധിമാൻ സാഹയാകും വിൻഡീസിനെതിരെ വിക്കറ്റ്കീപ്പറായി ഇറങ്ങുക.

ഞാനെന്താ തബല വായിക്കാൻ മാത്രമായി ഇരിക്കുന്നയാളാണോ? കളിക്കാരുടെ പിഴവുകൾ ചൂണ്ടിക്കാട്ടാനും തിരുത്താനും ഒപ്പം നിൽക്കാനുമാണ് ഞാനുള്ളത്. ഋഷഭ് പന്ത് ഏത് എതിരാളികളെയും തകർത്തെറിയാൻ കരുത്തുള്ള കളിക്കാരനാണ്. അവന് വേണ്ട എല്ലാ പിന്തുണയും നൽകും.

രവി ശാസ്ത്രി