sachin-opener
sachin opener

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒാപ്പണർ സ്ഥാനത്ത് കളിക്കാൻ അന്നത്തെ ടീം മാനേജ്മെന്റിനും സെലക്ടർമാർക്കും മുന്നിൽ കാലുപിടിക്കേണ്ടിവന്നിട്ടുണ്ടെന്ന് സച്ചിന്റെ വെളിപ്പെടുത്തൽ. 1994 ലാണ് സച്ചിൻ മദ്ധ്യനിരയിൽ നിന്ന് ഒാപ്പണിംഗ് പൊസിഷനിലേക്ക് എത്തുന്നത്. പ്രതിരോധാത്മകമായി ബാറ്റ് ചെയ്യുന്നതായിരുന്നു അന്നത്തെ ഒാപ്പൺമാരുടെ രീതി. അതിൽനിന്ന് വ്യത്യസ്തമായി ആക്രമിച്ച് കളിക്കാൻ സച്ചിൻ ആഗ്രഹിച്ചു. എന്നാൽ ഇതിന് അവസരം നൽകാൻ ടീമിന്റെ തലപ്പത്തുള്ളവർക്ക് താത്പര്യമില്ലായിരുന്നു. ഒടുവിൽ സച്ചിന്റെ നിരന്തര അഭ്യർത്ഥനയിലാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. തന്റെ തീരുമാനം പിഴച്ചാൽ പിന്നീടൊരിക്കലും ഇൗ ആവശ്യവുമായി വരികയില്ലെന്നും സച്ചിൻ അന്ന് വാക്ക് നൽകിയിരുന്നു.

അങ്ങനെ ഇറങ്ങിയ സച്ചിൻ ഒാക്‌ലാൻഡിൽ ന്യൂസിലൻഡിനെതിരെ ആദ്യമത്സരത്തിൽ 49 പന്തുകളിൽ 82 റൺസടിച്ചു. പിന്നെയൊരിക്കലും ഒാപ്പണറാക്കണമെന്ന് തനിക്ക് പറയേണ്ടിവന്നിട്ടില്ലെന്നും സച്ചിൻ പറഞ്ഞു. അസ്‌ഹറുദ്ദീന്റെ ക്യാപ്ടൻസിയിൽ അജയ് ജഡേജയ്ക്കൊപ്പമാണ് സച്ചിൻ ആദ്യമായി ഒാപ്പണിംഗിന് ഇറങ്ങിയത്.