കോന്നി: ഇടത് പാളയത്തിലെ സ്ഥാനാർത്ഥി നിർണയത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെ യു.ഡി.എഫിലും സ്ഥാനാർത്ഥി നിർണയം മലവെള്ളം പോലെ കലങ്ങി മറിയുന്നു. അടൂർ പ്രകാശ് എം.പി നിർദ്ദേശിച്ച പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കില്ലെന്ന് ഡി.സി.സി നേതൃത്വം നിലപാട് സ്വീകരിച്ചതോടെയാണ് സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായത്. അടൂർ പ്രകാശ് ഇടഞ്ഞുനിൽക്കുന്നത് കോൺഗ്രസ് നേതൃത്വത്തിനും തലവേദനയായിട്ടുണ്ട്.
ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് നാലുപേരുടെ സ്ഥാനാർത്ഥി പട്ടിക നൽകിയിരിക്കുന്നതെന്നാണ് സൂചന. നിലവിലെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ജോർജ്, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ജനറൽ സെക്രട്ടറിയുമായ വിനീത അനിൽ എന്നിവരുടെ പേരുകളാണ് ഇതിലുള്ളത്. ഈ പേരുകൾ കൂടാതെ സംസ്ഥാന നേതൃത്വം സതീഷ് കൊച്ചുപറമ്പിലിന്റെ പേരും പരിഗണിക്കുന്നുണ്ട്.
റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കണമെന്ന അടൂർ പ്രകാശിന്റെ തീരുമാനം സംസ്ഥാന നേതൃത്വം പരിഗണിച്ചാൽ ജില്ലാ നേതൃത്വം തിരഞ്ഞെടുപ്പിൽ നിർജ്ജീവമാകുമെന്ന നിലപാടിലാണ്. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമായ കോന്നി അടൂർ പ്രകാശിലൂടെയാണ് തിരിച്ചുപിടിച്ചതെങ്കിലും പാർട്ടിയെ മറികടന്ന് സ്ഥാനാർത്ഥിയെ പരസ്യമായി നിർദ്ദേശിച്ചതിലുള്ള അമർഷം ജില്ലാ നേതൃത്വത്തിനുണ്ട്. മാത്രമല്ല മണ്ഡലത്തിലെ പ്രമുഖ സാമുദായിക സംഘടനയെ പിണക്കുന്ന തരത്തിലുള്ള അടൂർ പ്രകാശിന്റെ നിലപാടും ജില്ലാ നേതൃത്വത്തിന്റെ എതിർപ്പിന് കാരണമായി. അരൂരിൽ ഷാനിമോൾ ഉസ്മാനാണ് സ്ഥാനാർത്ഥിയാകുന്നതെങ്കിൽ നിലവിൽ ജില്ലാ പഞ്ചായത്ത് അംഗവും കോന്നി സ്വദേശിയുമായ വിനീത അനിലിനെ കോന്നിയിലേക്ക് പരിഗണിച്ചേക്കാനും സാദ്ധ്യതയുണ്ട്.
ഇതിനിടെ പി. മോഹൻരാജ് യു.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചന ശക്തമായതോടെ അടൂർ പ്രകാശിന്റെ അനുയായികൾ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. കോൺഗ്രസ് കോന്നി ബ്ളാേക്ക് കമ്മിറ്റി ഒാഫീസിന് മുന്നിൽ തടിച്ചുകൂടിയ സ്ത്രീകളടക്കമുള്ളവർ അടൂർ പ്രകാശ് നിർദ്ദേശിക്കുന്നയാളെ മാത്രമേ സ്ഥാനാർത്ഥിയായി അംഗീകരിക്കൂവെന്ന് പറഞ്ഞു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഒാഫീസിന് മുന്നിൽ മുദ്രാവാക്യവും വിളിച്ചു.
കോന്നി എ ഗ്രൂപ്പിന് വിട്ടുകൊടുത്ത് അരൂർ ഐ ഗ്രൂപ്പ് ഏറ്റെടുക്കാനുള്ള സമവായ ചർച്ചയാണ് കെ.പി.സി.സി തലത്തിൽ നടക്കുന്നത്. അങ്ങനെ വന്നാൽ പി.മോഹൻരാജിനാണ് കൂടുതൽ സാദ്ധ്യത. എന്നാൽ, കോന്നി എ ഗ്രൂപ്പിന് വിട്ടുകൊടുക്കാനാവില്ലെന്ന നിലപാടിലാണ് അടൂർ പ്രകാശ്. എ, ഐ ഗ്രൂപ്പുകൾ വച്ചുമാറുന്നതിൽ ഏകദേശ ധാരണയായെങ്കിലും അടൂർ പ്രകാശിനെ അനുനയിപ്പിച്ച ശേഷമാവും അന്തിമ പ്രഖ്യാപനം. എ ഗ്രൂപ്പിന് വിട്ടുകൊടുത്താൽ റെബൽ സ്ഥാനാർത്ഥിയെ നിറുത്തുമെന്ന് യൂത്ത് കോൺഗ്രസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഇതിനിടെ, ഡി.സി.സി പ്രസിഡന്റ് ബാബുജോർജിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവുമായി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറത്തിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം കെ.പി.സി.സി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥി നിർണയത്തിനായി ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ കെ.യു.ജനീഷിന്റെ പേര് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണ് ഇടതുപാളയത്തിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയത്. നിലവിൽ ജില്ലാ കമ്മിറ്റി കണ്ടുവച്ചിരുന്ന പേരുകളൊന്നും പരിഗണിക്കാതെ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം കെ.എൻ.ബാലഗോപാൽ അറിയിച്ചതോടെ ഒരു വിഭാഗം നേതാക്കൾ ക്ഷുഭിതരായി സെക്രട്ടേറിയറ്റിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിന് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിൽ അമർഷമുണ്ടെങ്കിലും പുറത്ത് പ്രകടിപ്പിക്കുന്നില്ല. എൽ.ഡി.എഫിൽ സി.പി.ഐ ഉൾപ്പടെയുള്ള മറ്റ് ഘടക കക്ഷികൾക്കും ജനീഷിന്റെ സ്ഥാനാർത്ഥിത്വത്തിൽ നീരസമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവച്ച ബി.ജെ.പിയും മണ്ഡലത്തിൽ വിജയ പ്രതീക്ഷയിലാണ്. പത്തനംതിട്ട ജില്ലയിലെ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ സംസ്ഥാന നേതാക്കളായ കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ, മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. ശബരിമല വികാരം ഏറെ അലയടിച്ച കോന്നിയിൽ കെ.സുരേന്ദ്രൻ മത്സരിക്കണമെന്ന നിലപാടിലാണ് പ്രവർത്തകർ. മത്സരിക്കുന്നില്ലെന്ന നിലപാടിലാണെങ്കിലും പാർട്ടി നേതൃത്വം നിർദ്ദേശിച്ചാൽ കെ.സുരേന്ദ്രൻ മത്സര രംഗത്ത് എത്തുമെന്നാണ് സൂചന. ഇങ്ങനെയെങ്കിൽ ഉപതിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമായി കോന്നി മാറും.