കാസർകോട്: സി.പി.എം സംസ്ഥാന സമിതി അംഗം സി.എച്ച് കുഞ്ഞമ്പുവിനെയും ആദ്യഘട്ടത്തിൽ പരിഗണിച്ചിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ ജയാനന്ദയെയും ഒഴിവാക്കി അവസാന നിമിഷം ശങ്കർ റൈയെ സി.പി.എം രംഗത്തിറക്കിയതോടെ ബി.ജെ.പിയാണ് ശരിക്കും ഞെട്ടിയത്. മണ്ഡലത്തിന് പുറത്തുനിന്നുള്ള ആരെയെങ്കിലും സി.പി.എം ഇറക്കുമെന്നും പ്രാദേശിക വോട്ടുകളെല്ലാം പാർട്ടിക്ക് സ്വന്തമാക്കാം എന്നുമാണ് ബി.ജെ.പി നേരത്തെ കണക്കുകൂട്ടിയിരുന്നത്. എന്നാൽ മുസ്ലിംലീഗ് സ്ഥാനാർത്ഥി നിർണയത്തോടെ യു.ഡി.എഫിനുള്ളിൽ ഉണ്ടായിട്ടുള്ള പ്രാദേശിക വികാരം മുതലെടുക്കുകയും ബി.ജെ.പി വോട്ടുകളിൽ വിള്ളൽ വീഴ്ത്തുകയും വേണം എന്ന ചിന്തയോടെയുള്ള സി.പി.എമ്മിന്റെ നീക്കമാണ് കുഞ്ഞമ്പുവിനെ പുറത്തിരുത്തിയത്. പുതുമുഖവും മണ്ഡലത്തിൽ സുപരിചിതനുമായ യക്ഷഗാന കലാകാരൻ ശങ്കർ റൈയെ സി.പി.എം കളത്തിലിറക്കിയത് ദ്വിമുഖ തന്ത്രത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ്. മണ്ഡലത്തിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ ഇടയിൽ നിർണായക സ്വാധീനമുള്ള ശങ്കർ റൈക്ക് കൂടുതൽ വോട്ടുകൾ ഏകീകരിക്കാൻ കഴിയുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.
മഞ്ചേശ്വരം മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം ശങ്കർ റൈ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമായ പിന്തുണ ലഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥിതിയല്ല നിലവിലുള്ളത്. എതിരാളികളായി യു.ഡി.എഫിനെയും ബി.ജെ.പിയെയും ഒരുപോലെയാണ് കാണുന്നത്. 2006 ലെ എൽ.ഡി.എഫ് വിജയം ആവർത്തിക്കും.
സി.പി.എം ജില്ലാ കമ്മിറ്റി യോഗം തീരുമാനം അംഗീകരിച്ചയുടനെ ജന്മനാട്ടിൽ നിന്ന് ശങ്കർ റൈ പ്രചാരണം തുടങ്ങുകയും ചെയ്തു. ജന്മനാടായ ബാഡൂരിൽ പഴയകാല കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വീടുകളിലും, മുതിർന്ന പ്രവർത്തകരുടെ വീടുകളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. ബാഡൂരിൽ നിന്ന് അംഗഡിമുഗർ വഴി ഖത്തീബ് നഗറിലേക്ക് സ്ഥാനാർത്ഥിയെ ആനയിച്ചുകൊണ്ടുള്ള പ്രകടനവും നടന്നു. ശങ്കർ റൈ കളത്തിലിറങ്ങിയതോടെ മണ്ഡലത്തിലെ തന്നെ കരുത്തരെ ഇറക്കി വിജയമുറപ്പിക്കാനാണ് അതേസമയം ബി.ജെ.പി ആലോചിക്കുന്നത്. എൻ.ഡി.എ സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ നിന്നുള്ള ഒരാളെ തന്നെ ഇറക്കിയേക്കും.