sailfish

കരയിലെ വേഗമേറിയ ഓട്ടക്കാരൻ ചീറ്റപ്പുലിയാണെന്ന് എല്ലാവർക്കും അറിയാം. അതുപോലെ കടലിലെ 'ചീറ്റപ്പുലി'യാണ് സെയ്‌ൽഫിഷുകൾ. എല്ലാ സമുദ്രങ്ങളിലും ആഴമേറിയ തണുത്ത ഭാഗങ്ങളിൽ കാണപ്പെടുന്ന സെയ്‌ൽഫിഷുകളാണ് ലോകത്തെ ഏറ്റവും വേഗതയേറിയ മത്സ്യങ്ങൾ. ഇവയുടെ വേഗത എത്രയെന്ന് അറിയണ്ടേ? മണിക്കൂറിൽ 110 കിലോമീറ്റർ. നാല് മുതൽ ഏഴ് വർഷം വരെയാണ് ഇവയുടെ ആയുസ്. താരതമ്യേന ആറടി ഉയരമുള്ള ഒരു മനുഷ്യനെക്കാൾ വലിപ്പം സെയ്‌ൽഫിഷുകൾക്കുണ്ട്. 11 അടി വരെ നീളമുള്ള സെയ്‌ൽഫിഷുകൾക്ക് 120 മുതൽ 220 പൗണ്ട് വരെയാണ് ഭാരം. നീലയും ചാരവും നിറത്തിൽ കാണപ്പെടുന്ന സെയ്‌ൽഫിഷുകളുടെ ശരീരത്തിന് അടിഭാഗം വെള്ള നിറമാണ്. സെയ്‌ൽഫിഷുകൾക്ക് വലിയ കൂർത്ത ചിറകുകൾ ഉണ്ട്. പായ്‌ക്കപ്പലിലും മറ്റും ദിശനിയന്ത്രിക്കാൻ സ്ഥാപിച്ചിരിക്കുന്ന വലിയ സെയിലുകളോട് സാദൃശ്യമുള്ളവയാണ് ഈ ചിറകുകൾ. കട്ടി കൂടിയ ഈ ചിറകുകളുടെ സാന്നിദ്ധ്യമാണ് ഇവയ്‌ക്ക് ഇങ്ങനെ പേര് ലഭിക്കാൻ കാരണം. സാധാരണ ഗതിയിൽ സെയ്‌ൽഫിഷുകൾ ഇരകൾക്ക് നേരെ ഈ ചിറകുകൾ വിടർത്തി ആക്രമിക്കുന്നത് പതിവാണ്.

ബിൽ ഫിഷുകളുടെ കുടുംബത്തിൽപ്പെട്ട സെയ്‌ൽഫിഷുകൾ മത്തി പോലെയുള്ള ചെറു മത്സ്യങ്ങളെയാണ് ആഹാരമാക്കുന്നത്. തരം കിട്ടിയാൽ ചെറിയ തിരണ്ടികളെയും നീരാളികളെയും ഇവ അകത്താക്കാറുണ്ട്. ഇവയുടെ മാംസത്തിന് താരതമ്യേന കട്ടി കൂടുതലായതിനാൽ ഭഷണത്തിനായി ഉപയോഗിക്കാറില്ല. ഫിഷിംഗ് ഗെയിമുകളിൽ താരമാണ് ഇക്കൂട്ടർ. കുതിച്ചു പായുന്ന സെയ്‌ൽഫിഷുകളെ പിന്തുടർന്ന് പിടിക്കുക എന്ന സാഹസിക വിനോദങ്ങൾ പോലും ലോകത്തിന്റെ പല ഭാഗത്തും നടക്കാറുണ്ട്. കൂർത്ത് നീണ്ട മേൽത്താടിയാണ് ഇവയുടെ മറ്റോരു പ്രത്യേകത.