kerala-byelection-

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തിയാണ് വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് വട്ടിയൂർക്കാവ് സീറ്റ് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കോൺഗ്രസ് നേതാവ് എൻ. പീതാംബരക്കുറുപ്പ്. പാർട്ടി തന്നെ ബലിയാടാക്കുകയായിരുന്നു എന്ന് പറഞ്ഞ് സ്ഥാനാർത്ഥിത്വം കിട്ടാത്തതിനെതിരെ ആഞ്ഞടിക്കുകയാണ് അദ്ദേഹം. തനിക്കെതിരെ ഇന്ദിരാഭവന് മുന്നിൽ നടന്ന പ്രതിഷേധത്തേയും അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നു. പീതാംബരക്കുറുപ്പ് കേരളകൗമുദി 'ഫ്ളാഷി'നോട്:

ആവശ്യപ്പെട്ടത് മുരളിയല്ല

കെ. മുരളീധരൻ ആണ് എന്നെ നിർദേശിച്ചത് എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണ്. പ്രതിപക്ഷ നേതാവാണ് ഞാൻ വട്ടിയൂർക്കാവിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രവർത്തനങ്ങൾ തുടങ്ങാനും അദ്ദേഹം നിർദേശിച്ചു. അതേ തുടർന്ന് മണ്ഡലത്തിന് അകത്തും പുറത്തുമുള്ള പല പ്രമുഖരേയും കണ്ട് പിന്തുണ ഉറപ്പിച്ചിരുന്നു. വട്ടിയൂർക്കാവ് മണ്ഡലം മുഴുവൻ എനിക്ക് വ്യക്തി ബന്ധങ്ങളുണ്ട്. ജാതി-മത-രാഷ്ട്രീയ ഭേദമന്യേയുളള ബന്ധങ്ങളാണ് അവയെല്ലാം. എത്രയോ കാലമായുളള സുഹൃത്തുക്കൾ എനിക്ക് അവിടെയുണ്ട്.

തിരക്കഥാകൃത്തുക്കളെ കണ്ടെത്തണം

ഞാൻ സ്ഥാനാർത്ഥിയാകുന്നതിനോട് ആർക്കാണ് എതിർപ്പെന്നറിയില്ല. ഇന്ദിരാഭവന് മുന്നിൽ പ്രദർശിപ്പിച്ച സിനിമയുടെ തിരക്കഥ എഴുതിയത് ആരാണെന്നും അതിന്റെ അണിയറ പ്രവർത്തകർ ആരാണെന്നും കെ.പി.സി.സി അന്വേഷിക്കണം. കൊല്ലം സീറ്റിൽ നിന്ന് മാറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഇലയനക്കം പോലുമില്ലാതെയാണ് ഞാൻ മാറി കൊടുത്തത്. ആർ.എസ്.പിക്ക് വേണ്ടി പ്രചാരണത്തിനുമിറങ്ങി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിലുടനീളം യു.ഡി.എഫിന് വേണ്ടി പ്രവർത്തിച്ചു. സീറ്റ് നൽകാതിരിക്കാൻ എനിക്കെതിരെ സ്വഭാവദൂഷ്യം പറഞ്ഞവർ ആരാണെന്നും അവരുടെ ട്രേഡ് മാർക്ക് എന്താണെന്നും ഇനിയെങ്കിലും കണ്ടുപിടിക്കണം. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനുകളിലും ഒരു സ്ത്രീയും എനിക്കെതിരെ പരാതി നൽകിയിട്ടില്ല. അതേസമയം 19 കേസുകൾ വരെയുള്ളവർ ഈ പാർട്ടിയിലുണ്ട്.

അന്ന് ഞാൻ കൊല്ലം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ വിരണ്ട് വീണ്ടും ജയിക്കുമോയെന്ന് ഭയന്നാണ് പലരും ഒന്നിച്ച് നിന്ന് എനിക്കെതിരെ പ്രവർത്തിച്ചത്. അന്ന് ആർ.എസ്.പി എന്റെ പതിനാറ് കോലമാണ് പല സ്ഥലങ്ങളിലായി കത്തിച്ചതെന്ന് ഓർമ്മ വേണം. കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന സുധീരൻ വിളിച്ച് പറഞ്ഞപ്പോൾ ഒരു ഡിമാന്റും വയ്ക്കാതെയാണ് പ്രേമചന്ദ്രന് വേണ്ടി മാറികൊടുത്തത്. കാരണം തത്വദീക്ഷയും മൂല്യവും വച്ച് പുലർത്തുന്ന ഒരു കോൺഗ്രസുകാരനാണ് ഞാൻ. കോൺഗ്രസിനെ വിറ്റ് ജീവിക്കുന്നവനല്ല. തിരുവനന്തപുരം ഡി.സി.സിയിലും കെ.പി.സി.സിയിലും എത്രയോ കൊല്ലം ഞാൻ സംഘടനാരംഗത്ത് പ്രവർത്തിച്ചു. എം.പി ആയിരുന്നപ്പോൾ പോലും സ്വജനപക്ഷപാതം കാണിച്ചിട്ടില്ല. കെ.കരുണാകരന്റെ ഒപ്പം എത്രയോ കാലമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തോട് ഒരു ശുപാർശ പോലും നടത്തിയിട്ടില്ല.

വെള്ളം തന്ന് കഴുത്തറുത്തു

ചില ബ്ളോക്ക് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം എനിക്കെതിരെ ഇന്ദിരാഭവന് മുന്നിൽ പ്രതിഷേധം നടന്നതെന്ന് അറിയാം. ഇവരിൽ പലരും റിയൽ എസ്റ്റേറ്റ് കച്ചവടക്കാരും കോർപ്പറേഷൻ കോൺട്രാക്ടർമാരുമാണ്. വെെകുന്നേരങ്ങളിൽ പല സ്ഥലങ്ങളിലായി സന്ധിച്ച് ഉന്നത നേതാക്കളെ കണ്ട് ഗൂഢാലോചന നടത്തുന്നവരാണ് ഇവർ. ഇവരൊക്കെ സമീപകാലങ്ങളിൽ തിരുവനന്തപുരത്ത് വന്നുപെട്ടവരാണ്. പലരും ടെലിഫോണിലൂടെ എന്നെ വിളിച്ച് അസഭ്യം പറയുന്നുണ്ട്. തിരുവനന്തപുരത്ത് എനിക്കെന്താ കാര്യമെന്നും വട്ടിയൂർക്കാവിൽ എനിക്കെന്താ ബന്ധമെന്നുമാണ് ഇവർ ചോദിക്കുന്നത്. ഇയാൾക്ക് ആര് വോട്ട് തരുമെന്നൊക്കെ ചോദിച്ചു. അതിനൊക്കെ മറുപടി പറയാൻ എനിക്ക് അറിയാത്തത് കൊണ്ടോ ഭാഷ വശമില്ലാത്തതുകൊണ്ടോ അല്ല. ജന്മം കൊണ്ട് ഒരു കോൺഗ്രസുകാരനായതിനാൽ ക്ഷമിക്കുന്നതാണ്. പരിപ്പുവടയ്ക്കും കട്ടൻകാപ്പിക്കും വേണ്ടിയാണ് ഇന്ദിരാഭവന് മുന്നിൽ വന്ന് എനിക്കെതിരെ സമരം ചെയ്തത്. വട്ടിയൂർക്കാവ് സീറ്റിന്റെ പേര് പറഞ്ഞ് തന്ത്രപൂർവം എന്നെ വളഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. മനോഹരമായി എന്നെ കുടുക്കിയ ശേഷം ആഴക്കടലിൽ തളളുകയാണ് ചെയ്തത്. വെള്ളം തന്ന ശേഷം എന്റെ കഴുത്തറത്ത് കളഞ്ഞു.

ഒന്ന് വിളിച്ചു പറയാമായിരുന്നു

വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി ആയി പരിഗണിച്ച ശേഷം എന്നെ മാറ്റിയപ്പോൾ ഒരു നേതാവ് പോലും വിളിച്ച് അറിയിച്ചില്ല. എന്തുകൊണ്ട് മാറ്റേണ്ടി വന്നുവെന്ന സാഹചര്യമെങ്കിലും വിളിച്ച് പറയാമായിരുന്നു. അക്കാര്യത്തിൽ വളരെ വിഷമമുണ്ട്. പാർട്ടി എന്നെ വെറും വേസ്റ്റായാണ് കാണുന്നത്. ആർ.ശങ്കറിനും പനമ്പള്ളി ഗോവിന്ദമേനോനും കെ.കരുണാകരനുമൊപ്പം ഈ രാജ്യം മൊത്തം സഞ്ചരിച്ച് കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച മനുഷ്യനാണ് ഞാൻ. എത്രയോ മെെതാനങ്ങളിൽ എന്റെ പാർട്ടിക്ക് വേണ്ടി തൊണ്ട പൊട്ടി സംസാരിച്ചിട്ടുണ്ട്. ഒരു നേതാവിനെതിരെ കെ.പി.സി.സി ഓഫീസിന് മുന്നിൽ വന്ന് ചാനൽ കാമറകൾക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചപ്പോൾ അവരെ അകത്തേക്ക് വിളിപ്പിച്ച് എന്താണ് നിങ്ങളുടെ പരാതിയെന്ന് ചോദിച്ച് എഴുതി വാങ്ങണമായിരുന്നു. ഒരു ഒാഫീസ് സ്റ്റാഫിനെ കൊണ്ടെങ്കിലും നേതാക്കൾക്ക് അത് ചെയ്യാമായിരുന്നു. കെ. കരുണാകരനൊപ്പം നിന്ന് കഷ്ടപ്പെട്ട് കെട്ടിയുയർത്തിയ ഒാഫീസിന് മുന്നിൽ നിന്നാണ് അവർ എനിക്കെതിരെ മുദ്രാവാക്യം വിളിച്ചത്.

മോഹൻകുമാറിനെ എതിർക്കില്ല

പാർട്ടി ആരെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാലും ആ തീരുമാനം സ്വീകരിക്കും. കെ. മോഹൻകുമാറിന് വേണ്ടി വട്ടിയൂർക്കാവിൽ പ്രചാരണത്തിനിറങ്ങും. പാർട്ടി പുറത്താക്കുന്നതുവരെ അനുസരണയുള്ള ഒരു പാർട്ടി പ്രവർത്തകനായിരിക്കും ഞാൻ.