രംഗം ഊട്ടി ഗുരുകുലം. ഒരു ചെറുപ്പക്കാരൻ കടന്നുവരുന്നു. മെലിഞ്ഞ ശരീരപ്രകൃതി. ഞാൻ ചോദിച്ചു:
''എന്താ പേര്?"
''ഡെയ്ഫാൻ."
''എന്താ വന്നത് ?"
''ഞാനൊരു വിഷാദരോഗിയാണ്. അതു മാറാനുള്ള ഉപദേശം വേണം. സിദ്ധികൊണ്ടു മാറ്റിത്തന്നാലും മതി."
''എനിക്കങ്ങനെയുള്ള സിദ്ധികളൊന്നുമില്ലല്ലോ. ഏതായാലും മൂന്നു ദിവസം ഇവിടെ നില്ക്ക്."
ആളെക്കണ്ടിട്ട് ഒരു വിഷാദരോഗത്തിന്റെയും ലക്ഷണമില്ല. മൂന്നാം ദിവസം ഞാൻ ചോദിച്ചു:
''ഇയാൾക്കു വിഷാദരോഗമുണ്ടെന്നു പറഞ്ഞതാരാ?"
''ആരും പറഞ്ഞില്ല. എനിക്കറിയാം ഉണ്ടെന്ന്. ഡോക്ടറുടെ അടുത്തു പോയി മരുന്നും കഴിച്ചതാണ്."
''ഡോക്ടറുടെയടുത്ത് ഇയാളെ കൊണ്ടുപോയതാരാ?"
''ആരും കൊണ്ടുപോയതല്ല. ഞാൻ തന്നത്താൻ പോയി."
''ഇയാൾക്കു വിഷാദരോഗമൊന്നുമില്ല. ഇല്ലാത്ത രോഗം മാറ്റിത്തരാനുള്ള ഉപദേശമോ സിദ്ധിയോ എന്റെ കൈവശമില്ല."
''അല്ല. എനിക്കു വിഷാദരോഗമുണ്ട്."
''എടോ, ഇല്ലാത്ത വിഷാദരോഗമുണ്ടെന്നും പറഞ്ഞു ചെന്നാലും ഡോക്ടർ മരുന്നുതരും. മരുന്നു തരാനാണ് ഡോക്ടർ അവിടെയിരിക്കുന്നത്. ഇല്ലാത്ത വിഷാദരോഗം ഉണ്ടെന്നുള്ള ഇയാളുടെ അവകാശവാദം ഒന്നും ചെയ്യാതെ കൂനിക്കൂടിയിരുന്ന് ഉറങ്ങാനുള്ള ലൈസൻസായി ഇയാൾ ഇപ്പോൾ ഉപയോഗിക്കുന്നു. അതുകൊണ്ടാണല്ലോ ഇവിടെ നടക്കുന്ന ക്ളാസുകളിലൊന്നും പങ്കെടുക്കാതെ ഇയാൾ പോയിക്കിടന്നുറങ്ങിയത്. ഇനി ഇയാളുടെ വിഷാദരോഗം മാറ്റാനുള്ള വഴി വടിയെടുത്തു മുതുകത്തു മൂന്നു പെട പെടയ്ക്കുകയാണ്. വിഷാദരോഗമെല്ലാം അപ്പോൾ ഒറ്റയടിക്കു പോയ്മറയും."
അയാൾ ആകെ പരിഭ്രമിച്ചതുപോലെ തോന്നി. ഗുരുകുലത്തിൽ സന്ദർശകനായെത്തിയ ഒരു മാന്യൻ പിന്നീട് എന്നോടു പറഞ്ഞു, ''വർഷങ്ങൾക്കു മുമ്പ് ഇതേ വാക്കുകൾ തന്നെയാണ് ഞാൻ ഇവിടെയിരുന്നുകൊണ്ട് ഗുരു നിത്യയോടു പറഞ്ഞത്." (ഇദ്ദേഹം ഇപ്പോൾ കേരള സർക്കാരിലെ ഒരു ഉന്നതോദ്യോഗസ്ഥനായി റിട്ടയർ ചെയ്ത് സാംസ്കാരിക കാര്യങ്ങളിൽ വ്യാപൃതനായി ജീവിക്കുന്നു.) അദ്ദേഹം തുടർന്നു.
''ഞാൻ അയാളോടു പറഞ്ഞു: 'വീടുവിട്ട് പോയി സ്വതന്ത്രമായി സ്വയം തൊഴിലെടുത്തു ജീവിക്കുക. അപ്പോൾ ഈ വിഷാദരോഗമൊക്കെ മാറും."
ചെറുപ്പക്കാരൻ അടുത്ത ദിവസം രാവിലെ സ്ഥലം വിടുകയും ചെയ്തു.
ഇങ്ങനെ എത്രയോ ചെറുപ്പക്കാരുണ്ടാവാം, തനിക്കു വിഷാദരോഗമോ അതുപോലെയുള്ള മനോരോഗങ്ങളോ ഉള്ളവനാണ് താൻ എന്ന സങ്കല്പം മൂത്ത് യഥാർത്ഥ രോഗികളായിത്തീരുന്നതായിട്ട്. ചില മനഃശാസ്ത്ര പ്രസിദ്ധീകരണങ്ങൾ ഇതിന് ആക്കം കൂട്ടുകയും ചെയ്യും.