waste

പാങ്ങോട്: കല്ലറ - പാലോട് റോഡിൽ ഭരതന്നൂർ ആല വളവ് മുതൽ പാലോട് ഫോറസ്റ്റ് റേഞ്ചോഫീസിന്റെ മുറ്റം വരെ കോഴി വേസ്റ്റുകൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വളവുകളിലും വഴിയരികിലെ കാട്ടിനിടയ്ക്കും തള്ളിയ മാലിന്യങ്ങൾ ഇപ്പോൾ നടുറോഡിലാണ് വലിച്ചെറിയുന്നത്. മാലിന്യ നിക്ഷേപം ഇത്രയും ഇതിരുവിട്ടിട്ടും വേണ്ടപ്പെട്ട അധികൃതർ വിഷയം കണ്ട മട്ട് കാട്ടാറില്ലെന്നാണ് പൊതുവായ പരാതി.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭരതന്നൂർ ശിവക്ഷേത്രം റോഡിൽ ക്ഷേത്രത്തിന് സമീപത്തായി വഴിയിൽ തന്നെ കോഴിവേസ്റ്റ് തള്ളിയിരുന്നു. പിന്നാലെയെത്തിയ വാഹനങ്ങൾ കയറിയിറങ്ങി വേസ്റ്റ് നാലുപാടും ചിന്നി ചിതറി മാംസാവശിഷ്ടം നാല്പാടും വ്യാപിച്ചു. ഈ വഴി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. ഒടുവിൽ നാട്ടുകാർ തന്നെ മാലിന്യം നീക്കം ചെയ്തു.

 വില്ലനായി മഴയും

ഇവിടുത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞ് റോഡും കുണ്ടും കുഴിയുമായിട്ട് കാലങ്ങളായി. മഴകൂടി പെയ്തതോടെ റോഡ് തോടായി. കുഴികൾ നിറയെ വെള്ളം. ഇതിനൊപ്പമാണ് റോഡിലേക്ക് തള്ളുന്ന മാലിന്യവും. ഇറച്ചി മാലിന്യത്തിൽ നിന്നുള്ള മലിനജലം മഴവെള്ളത്തിൽ കലർന്ന് റോഡിലൂടെ ഒഴുകുകയാണ്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പകർച്ചാവ്യാധി ഭീഷണിയിലേക്ക് കൂപ്പുകുത്തുകയാണ്.

മാലിന്യ നിക്ഷേപം ഇവിടെ

ഭരതന്നൂർ ഗാർഡ് സ്റ്റേഷൻ, മൈലൂട്, സുമതി വളവ്, അടപ്പ് പാറ, പാണ്ഡ്യൻ പാറ

 മാലിന്യ നിക്ഷേപം രൂക്ഷം

അനധികൃത അറവുശാലകൾ, കക്കൂസ് മാലിന്യം എന്നിവ രാത്രികാലങ്ങളിൽ ജലായശയങ്ങളിലും ആളൊഴിഞ്ഞ പാതയോരങ്ങളിലും നിക്ഷേപിക്കുന്ന സംഘങ്ങളാണ് ഇവിടെയും വേസ്റ്റ് തള്ളുന്നതെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്റെ ഓരങ്ങൾ, തോടുകൾ, കവലകൾ എന്നിവിടങ്ങളിലെല്ലാം നേരം വെളുക്കുമ്പോൾ മാലിന്യ കൂനകൾ പ്രത്യക്ഷപ്പെടും. ഇതിൽ നിന്നുള്ള അസഹ്യമായ ദുർഗന്ധം കാരണം വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

പരിശോധനകൾ ചടങ്ങുകൾ മാത്രം

മേഖലയിലെ കോഴിഫാമുകളിൽ മിക്കവയ്ക്കും വേണ്ട രീതിയിൽ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളില്ലാത്തവയാണ് എന്ന ആരോപണവും ശക്തമാണ്. ആരോഗ്യപ്രവർത്തകരുടെ പരിശോധനകൾ വെറും ചടങ്ങുകൾ മാത്രമാണെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരോട് പരാതികൾ പറഞ്ഞാലും നടപടികളുണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.