'ഓർമയുണ്ടോ ഈ മുഖം'.. ചോദ്യമല്ല, വിനീത് ശ്രീനിവാസൻ നായകനായി 2014 ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്ത അൻവർ സാദിഖിന്റെ രണ്ടാമത്തെ സിനിമയാണ് മനോഹരം. പേരുപോലെ തന്നെ ഒരു ചെറുപ്പക്കാരന്റെ ഒരു മനോഹര ജീവിതകഥയാണ് ഈ സിനിമ പറയുന്നത്.
മനോഹരം പറയുന്നത്
ചുവരെഴുത്തടക്കമുള്ള ആർട്ട് വർക്കുകൾ ചെയ്ത് ജീവിക്കുന്ന നായകകഥാപാത്രമായ മനോഹരൻ എന്ന മനുവിന്റെ ജീവിതം ഫ്ളക്സ് ബോർഡുകളുടെ കടന്നുവരവോടെ ദുരിതപൂർണമാകുന്നു. എവിടെയും പരാജയപ്പെടുന്ന മനു, തന്റെ സഹപാഠിയും സമ്പന്നന്റെ മകനുമായ രാഹുൽ നാട്ടിൽ ഒരു ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റ് തുടങ്ങാനൊരുങ്ങുന്നുവെന്ന് മനസിലാക്കി അതിനുമുമ്പ് സ്വന്തം നിലയിൽ ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റ് ആരംഭിക്കുന്നു. ഇതേതുടർന്ന് അയാൾക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ വേലിയേറ്റങ്ങളാണ് സിനിമ പറയുന്നത്.
നീട്ടിയും കുറുക്കിയും നീങ്ങുന്ന മനോഹരം
ചിത്രകലയിൽ പ്രാഗത്ഭ്യമുള്ള ചെറുപ്പക്കാരനായ മനുവിന്റെ ജീവിതം നാട്ടിൻപുറത്തെ നന്മകളിൽ ചാലിച്ച് പറയുകയാണ് സംവിധായകൻ. പാലക്കാട്ടെ ചിറ്റിലഞ്ചേരി എന്ന ഗ്രാമമാണ് സിനിമയ്ക്ക് പശ്ചാത്തലമാക്കിയിരിക്കുന്നത്. ആദ്യ പകുതിയിൽ മനുവിന്റെ തമാശകളും ദുരിതങ്ങളും നിറഞ്ഞ ജീവിതമാണ് സിനിമ അനാവരണം ചെയ്യുന്നതെങ്കിൽ രണ്ടാം പകുതിയിൽ നാടകീയ രംഗങ്ങളിലൂടെയാണ് സഞ്ചാരം. ഓരോ രംഗങ്ങളിലൂടെയും കഥാഗതി മാറിമറിയുന്ന തരത്തിലുള്ള സഞ്ചാരമാണ് പിന്നീട്. ഒന്നൊഴിയാതെയുള്ള പ്രശ്നങ്ങളുടെ പ്രളയവും ഇവിടെയാണ്. ഇവയൊക്കെ മനുവിന് തരണം ചെയ്യാനാവുമോയെന്ന കാര്യം തിയേറ്ററിൽ നിന്ന് കണ്ടറിയണം. ഇതോടൊപ്പം സാങ്കേതികവിദ്യയുടെ കടന്നുവരവിൽ ചുവരെഴുത്തുകാർക്ക് ഉണ്ടാകുന്ന പ്രതിസന്ധികളും സിനിമ പറഞ്ഞുവയ്ക്കുന്നു.
കഥയുടെ ഈ പോക്കിനൊപ്പം സമാന്തരമായി മനുവിന്റെ പ്രണയകഥയും മുന്നേറുന്നുണ്ട്. അതിലുമുണ്ട്ചില അപ്രതീക്ഷിത ട്വിസ്റ്റുകൾ. ആ പ്രണയകഥയിലെ ട്വിസ്റ്റിന് അവസാനം കുറിക്കുന്നത് ക്ളൈമാക്സിലാണെന്നു മാത്രം. തമാശയുടെ വകുപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് വിനീതും ബേസിൽ ജോസഫുമാണ്. ചിലതൊക്കെ ഒഴിവാക്കാമായിരുന്നില്ലേ എന്ന സംശയം പ്രേക്ഷകനിലും ഉണ്ടായേക്കാം.
മനു എന്ന കഥാപാത്രത്തെ വിനീത് ശ്രീനിവാസൻ തന്റെ പതിവ് പാറ്റേണിൽ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദന്റെ അതിഥികൾ എന്ന സിനിമയിൽ വിനിത് അവതരിപ്പിച്ച കഥാപാത്രത്തിനോട് ചില സാമ്യതകളുണ്ടുതാനും. എന്നാൽ തന്റേതായ രീതിയിൽ വിനീത് ആ വേഷം ഭംഗിയാക്കിയിട്ടുണ്ട്. നായികയായ ശ്രീജയെ അവതരിപ്പിക്കുന്ന അപർണ ദാസിന് കാര്യമായൊന്നും ചെയ്യാനില്ല. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള അപർണയ്ക്ക് നായികയെന്ന സ്വപ്‌നസാക്ഷാത്കാരമാണ് ഈ സിനിമ. തനി നാടൻ പെണ്ണിന്റെ വേഷത്തിലാണ് അപർണ എത്തുന്നത്. ടെലിവിഷൻ അവതാരകയായ നന്ദിനിശ്രീയും സിനിമയിലെ സാന്നിധ്യമാണ്. ദീപക് പറമ്പോൽ, ഹരീഷ് പേരടി, ഇന്ദ്രൻസ്, ഡൽഹി ഗണേഷ്, ജൂഡ് ആന്റണി, വി.കെ.പ്രകാശ്, അഹമ്മദ് സിദ്ധീഖ്, നിസ്താർ സേട്ട്, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണാ നായർ, കലാരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
122 മിനിട്ടുള്ള സിനിമയ്ക്ക് സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെബിൻ ജേക്കബിന്റെ വിഷ്വലുകൾ മനോഹരമാണ്. ചക്കാലക്കൽ ഫിലിംസിന്റെ ബാനറിൽ ജോസ് ചക്കാലക്കലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വാൽക്കണം: ചെറുതാണ് മനോഹരവും
റേറ്റിംഗ്: 2.5