ഓവറിലെ ആറുബോളും സിക്സറായി പറത്തുമെന്ന് വീമ്പു പറഞ്ഞയാൾ ആദ്യബാളിൽത്തന്നെ ക്ളീൻ ബൗൾഡായി പുറത്തു പോകേണ്ടി വന്ന അപഹാസ്യചിത്രമാണ് പാലായിൽ യു.ഡി.എഫ് കാഴ്ചവച്ചത്. 2943 വോട്ടിന്റെ ഭൂരിപക്ഷം നേടി എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പൻ തന്റെ നാലാംഅങ്കത്തിൽ പാലാ പിടിച്ചപ്പോൾ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ പുതിയൊരു അദ്ധ്യായം കുറിക്കലായി അത് മാറും. കെ.എം. മാണി അൻപത്തിനാലുവർഷമായി വിടാതെ കൊണ്ടുനടന്ന പാലാ സീറ്റിന് പുതിയൊരു അവകാശി ഉണ്ടായത് മാണിയുടെ വിയോഗത്തിനു ശേഷമാണെന്നതും ശ്രദ്ധേയമാണ്. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി കേരള കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറികളും ചക്കളത്തിപ്പോരുമൊക്കെ യു.ഡി.എഫിന്റെ വിജയ സാദ്ധ്യതയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാം. എന്നിരുന്നാൽപോലും എൽ.ഡി.എഫ് ബാനറിൽ എൻ.സി.പിക്കാരനായ മാണി സി. കാപ്പന്റെ വിജയം അത്യുജ്ജ്വലമെന്നു തന്നെ വിശേഷിപ്പിക്കണം. യു.ഡി.എഫിന്റെ മാത്രമല്ല മാണിയുടെ അനന്തരാവകാശിയായി പാർട്ടിയുടെ അമരം പിടിച്ചടക്കിയ പുത്രൻ ജോസ് കെ. മാണി ഇനിയും ധാരാളം രാഷ്ട്രീയ പാഠങ്ങൾ മനസിരുത്തി പഠിക്കാനുണ്ടെന്ന് ഒാർമ്മപ്പെടുത്തുന്നതു കൂടിയാണ് പാലായിലെ തിരഞ്ഞെടുപ്പ് ഫലം.
2016 വരെ പാലായിൽ നടന്ന പതിമ്മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കെ.എം. മാണിയെ തോല്പിക്കാൻ എതിർപക്ഷത്തിനായില്ലെന്നതിൽ നിന്നുതന്നെ അദ്ദേഹത്തിന്റെ സ്വീകാര്യതയും പൊതുസമ്മതിയും മനസിലാക്കാം. അദ്ദേഹത്തിന്റെ നിര്യാണം അനിവാര്യമാക്കിയ ഉപതിരഞ്ഞെടുപ്പിൽ സ്വാഭാവികമായും യു.ഡി.എഫിന് തന്നെയാകും വിജയമെന്ന് ഫലപ്രവചന പണ്ഡിതന്മാർ ഒരേസ്വരത്തിൽ വിധി എഴുതിയതാണ്. പോളിംഗ് ശതമാനത്തിൽ മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആറുശതമാനം കണ്ടു കുറവു വന്നെങ്കിലും എക്സിറ്റ് ഫലം യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേലിന് അനുകൂലമായിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ആദ്യഘട്ടം മുതൽതന്നെ മാണി സി. കാപ്പനായിരുന്നു ലീഡ്. ഏതാണ്ട് ഏറ്റക്കുറച്ചിലോടെ അവസാനഘട്ടം വരെ അത് നിലനിറുത്താനും കഴിഞ്ഞു. 2016-ൽ 4703 വോട്ടിന് മാണിയോട് തോറ്റ മാണി സി. കാപ്പന് വലിയ ഭൂരിപക്ഷം നേടാനായില്ലെങ്കിലും ഇൗ വിജയത്തിന് ഏറെ തിളക്കവും അർത്ഥവ്യാപ്തിയുമുണ്ട്. എൽ.ഡി. എഫിനെ സംബന്ധിച്ചിടത്തോളം പിണറായി സർക്കാരിനെതിരായ വിമർശകരെ നേരിടാനുള്ള ശക്തമായ ആയുധമാണിത്. ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഭരണകൂടത്തിനെതിരായ വിധിയെഴുത്തായി ആരും കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുൻകൂർ ജാമ്യമെടുത്തിരുന്നു. അരനൂറ്റാണ്ടിലധികമായി യു.ഡി.എഫിനൊപ്പം നിന്ന പാലാമണ്ഡലം ചുവടുമാറി തങ്ങൾക്കൊപ്പമെത്തിയതിൽ എൽ.ഡി.എഫിന് ഏറെ ആഹ്ളാദിക്കാനുണ്ട്. അസാദ്ധ്യമെന്നു കരുതിയ വിജയത്തിന് ചുക്കാൻ പിടിച്ച സി.പി.എം തന്നെയാണ് ഏറ്റവുമധികം പ്രശംസ അർഹിക്കുന്നത്.
മാണി സി. കാപ്പന്റെ വിജയത്തിന് സഹായിച്ച ഘടകങ്ങൾ നിരവധി ഉണ്ടാകാം. ചിട്ടയോടുകൂടി നടന്ന പ്രചാരണവും വോട്ടർമാരുടെയിടയിലുള്ള ജനസമ്മതിയും കറപുരളാത്ത വ്യക്തിത്വവുമെല്ലാം കാപ്പനെ തുണച്ചിട്ടുണ്ടാകും. ജീവനോടെ ഇല്ലെങ്കിലും മാണിയുടെ മരിക്കാത്ത ഒാർമ്മകളും അദ്ദേഹം പാലായുടെ വികസനത്തിനായി ചെയ്തകാര്യങ്ങളും ആർക്കും മറക്കാനാവില്ലെന്ന യു.ഡി.എഫിന്റെ വിശ്വാസത്തിന് ഉലച്ചിലുണ്ടാക്കിയത് സ്വന്തം കൂടാരത്തിലുള്ളവർ തന്നെയാണെന്ന വസ്തുത നിഷേധിക്കാനാവില്ല. പാർട്ടിയെ സ്വകാര്യസ്വത്തായി മാറ്റാൻ ശ്രമിച്ചപ്പോഴാണ് കലഹം തുടങ്ങിയത്. സ്ഥാനാർത്ഥി നിർണയവേളയിൽ അരുതാത്തത് പലതും നടന്നു. കേരള കോൺഗ്രസിലെ ഭിന്നത ഇപ്പോഴും തുടരുകയാണ്. പാർട്ടി ചിഹ്നം പോലുമില്ലാതെ മത്സരിക്കേണ്ടി വന്നിട്ടും ജോസ് ടോമിനു നന്നായി പിടിച്ചുനിൽക്കാനായത് നേട്ടം തന്നെയായി കരുതാം. മത്സരത്തിൽ തോൽക്കാൻ സെൽഫ് ഗോൾതന്നെ ധാരാളമാണ്.
അടുത്തമാസം നടക്കാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കാവുന്നതാണ് പാലായിലെ ഫലം. എൽ.ഡി.എഫിന് കൂടുതൽ ആത്മവിശ്വാസത്തോടെ ഇൗ തിരഞ്ഞെടുപ്പുകളെ സമീപിക്കാനാകും. പാലായിലെ തിരഞ്ഞെടുപ്പ് യു.ഡി.എഫിന് അഭിമാന പ്രശ്നമായിരുന്നു. സകല നേതാക്കളും പാലായിൽ തമ്പടിച്ചായിരുന്നു പ്രചാരണം. എന്നാൽ പാലാ മുനിസിപ്പാലിറ്റിയിലും മൂന്ന് പഞ്ചായത്തുകളിലും മാത്രം മുന്നിട്ടു നിൽക്കാനേ യു.ഡി.എഫിന് കഴിഞ്ഞുള്ളൂ. ഒൻപത് പഞ്ചായത്തുകളിലും മുന്നിലെത്തിയത് മാണി സി. കാപ്പനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 24821 വോട്ട് നേടിയ ബി.ജെ.പി സ്ഥാനാർത്ഥിക്ക് ഇത്തവണ 18044 വോട്ടുമാത്രമാണ് ലഭിച്ചത്. വോട്ടുമറിച്ചെന്നും വിറ്റെന്നും മറ്റുമുള്ള പതിവ് ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നതാണ് ബി.ജെ.പി സ്ഥാനാർത്ഥിയുടെ പേരിൽ കുറിക്കപ്പെട്ട വോട്ടുകൾ. വോട്ടുചോർച്ചയെക്കുറിച്ച് പഠിക്കുമെന്നാണ് സ്ഥാനാർത്ഥി എൻ. ഹരി പറഞ്ഞത്. പഠിച്ചിട്ടൊന്നും കാര്യമില്ല.അനുയായികളെ ഒപ്പം നിറുത്താൻ ത്രാണിയില്ലെങ്കിൽ ഇതാണ് സംഭവിക്കുക.
പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അഴിമതി മുഖ്യവിഷയമായി ഉയർന്നുവന്നിരുന്നു. ഇരുമുന്നണികളും മൂർച്ചയേറിയ ആയുധമായി അഴിമതിയെ മുന്നിൽ നിറുത്തുകയും ചെയ്തു. അവസാന നാളുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി ഇൗ വിഷയത്തിൽ തന്റെ സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് വ്യക്തമാക്കിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. അഴിമതി നടത്തുന്നത് എത്ര ഉന്നതരായാലും വച്ചുപൊറുപ്പിക്കില്ലെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. അഴിമതിക്കാർ സർക്കാർ ഭക്ഷണം കഴിക്കേണ്ട അവസ്ഥയിലെത്തുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ സാധാരണ വോട്ടർമാരെ ഏറെ സ്വാധീനിച്ചിരിക്കുമെന്ന് വ്യക്തം.
അടുത്തമാസത്തെ അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ കഴിഞ്ഞാൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വരുന്നത്. അതുകഴിയുമ്പോൾ നിയമസഭാ തിരഞ്ഞെടുപ്പും . ഏതാണ്ട് തുല്യശക്തികൾ തമ്മിലുള്ള പോരാട്ടമായതിനാൽ വിജയത്തെ സ്വാധീനിക്കാനാവുന്ന ഘടകങ്ങൾ കണ്ടെത്തി സമർത്ഥമായി ഉപയോഗിക്കുന്നതിലാണ് മിടുക്ക്. ഉപതിരഞ്ഞെടുപ്പുപോലും ജീവന്മരണപോരാട്ടമാകുന്നത് അതുകൊണ്ടാണ്.