juice-shop

ബംഗളൂരു: ഒരു സിഗരറ്റ് തരാമോ? എങ്കിൽ ജ്യൂസ് തരാം. ബംഗളൂരുവിൽ മല്ലേശ്വരത്തെ ആനന്ദിന്റെ ജ്യൂസ് കടയിലേതാണ് ഈ സ്പെഷ്യൽ ഓഫർ. ജ്യൂസ് കിട്ടുമ്പോഴും കണ്ണു തള്ളിപ്പോകും. പഴങ്ങളുടെ തോടിലാണ് ജ്യൂസ് വിളമ്പുന്നത്. കട്ട പരിസ്ഥിതി സൗഹൃദം. കഴിയുന്നത്ര വെള്ളം ലാഭിക്കുക, പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന ഒന്നും കഴിവിന്റെ പരമാവധി ചെയ്യാതിരിക്കുക - ഇതാണ് ആനന്ദിന്റെ പോളിസി.

നേരത്തേ അറിയപ്പെടുന്ന റേഡിയോ ജോക്കിയായിരുന്നു. പിന്നീടാണ് അച്ഛന്റെ കട ഏറ്റെടുത്തു നടത്താൻ തുടങ്ങിയത്. ഒരു സാദാ ജ്യൂസ് കട ആയാൽ ക്ളച്ചുപിടിക്കില്ലെന്ന് വ്യക്തമായതോടെയാണ് എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാൻ തീരുമാനിച്ചത്. നേരത്തേ തന്നെ കടുത്ത പരിസ്ഥിതി പ്രേമിയായ ആനന്ദിന് കടയിൽ പാത്രങ്ങൾ കഴുകാൻ ഒത്തിരി വെള്ളം ചെലവാക്കുന്നത് സഹിക്കാനാവുന്നതിലപ്പുറമായിരുന്നു. ഒരു ഗ്ളാസ് ഒരു തവണ കഴുകാൻ കുറഞ്ഞത് 200 മില്ലി ലിറ്റർ വെള്ളം വേണം. ഇങ്ങനെ നോക്കിയാൽ ഒരു ദിവസം പാത്രം കഴുകാനായി മാത്രം ചെലവാകുന്നത് ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ്.

ഇതൊഴിവാക്കാനാണ് പഴങ്ങളുടെ തോടിൽ ജ്യൂസ് നൽകി പരീക്ഷണം നടത്തിയത്. തണ്ണിമത്തനിലായിരുന്നു ആദ്യ പരീക്ഷണം. ആദ്യം ചിലരൊക്കെ നെറ്റിചുളിച്ചെങ്കിലും വളരെ വേഗം സംഗതി ക്ളിക്കായി. അതോടെ പരീക്ഷണങ്ങളായി. കൈതച്ചക്ക, ഡ്രാഗൺഫ്രൂട്ട്, പാഷൻ ഫ്രൂട്ട്... എന്തിനേറെ വാഴപ്പഴത്തിന്റെ തൊലിയിൽപ്പോലും ഇപ്പോൾ ജ്യൂസ് വിളമ്പും. ഇതു കഴിക്കാനായി മാത്രം ദൂരെ ദിക്കുകളിൽ നിന്ന് ആളുകളെത്തുന്നുണ്ട്. ഉപയോഗിച്ചശേഷം തോടെല്ലാം പശുക്കൾക്ക് നൽകും.പുകവലിക്കെതിരെയുള്ള സന്ദേശമെന്ന നിലയിലാണ് ഒരു സിഗരറ്റിന് ഒരു ജ്യൂസ് ഓഫർ നടപ്പാക്കിയത് ഇതും നന്നായി പോകുന്നത്. അടുത്ത സ്പെഷ്യൽ ഓഫർ എന്താണെന്ന് കാത്തിരിക്കുകയാണ് ആനന്ദിന്റെ സ്ഥിരം കസ്റ്റമേഴ്സ്.