shajan

കോവളം: വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുകാരണം രോഗികൾ വലയുകയാണ്. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിയത് 682 രോഗികളാണ്. ഇവരെ പരിശോധിക്കാൻ ഉണ്ടായിരുന്നത് രണ്ടു ഡോക്ടർമാരും. എന്നാൽ ഒരു ഡോക്ടർ വാർഡിൽ പരിശോധനയ്ക്ക് പോയതോടെ മണിക്കൂറുകൾ കാത്തുനിന്ന അമ്മയ്ക്കും കുഞ്ഞിനും ഡോക്ടറെ കാണാനാകാതെ മടങ്ങേണ്ടിവന്നത‌് സംഘർഷാവസ്ഥ ഉണ്ടാക്കി. രണ്ട് സിവിൽ സർജനും മൂന്ന് അസിസ്റ്റന്റ് സർജനും ഉൾപ്പടെ അഞ്ച് ഡോക്ടർമാരാണ് ഇവിടെ ഉള്ളത്. ഇതിൽ ഒരു അസിസ്റ്റന്റ് സർജൻ അവധിയിലാണ്. ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടർമാരിൽ ഒരാൾക്ക് ഉപകേന്ദ്രങ്ങളിലേക്ക് പോകേണ്ട ഡ്യൂട്ടിയാണുള്ളത്. ശേഷിക്കുന്നത് മൂന്ന‌് ഡോക്ടർമാർ മാത്രമാണ്. ഇതിൽ മെഡിക്കൽ ഓഫീസർ ചുമതലയുള്ള ഡോക്ടർക്ക് അഡ്മിനിസ്ട്രേഷനും വകുപ്പുതല മീറ്റിങ്ങും ഉണ്ട്. ഓഫീസർ സി.എച്ച്.സിയിൽ എത്തിയാൽ തന്നെ വളരെക്കുറച്ച് രോഗികളെ നോക്കി മടങ്ങിപ്പോകും.

ആശുപത്രി പ്രവർത്തനങ്ങളാകെ താളം തെറ്റിക്കുന്ന നിലയിലാണ് മെഡിക്കൽ ഓഫീസറുടെ ഇടപെടലെന്നാണ‌് ആക്ഷേപം. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമുള്ള ഒ.പി യിൽ ഏതാനും പേർ അപകട കേസുകളിൽ എത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ സ്റ്റിച്ചിടുാൻ പോയി. ഇതോടെ രോഗികളുടെ ക്യൂ ആശുപത്രിയുടെ പ്രധാന കവാടവും കഴിഞ്ഞ് നീണ്ടു. പുതിയ മന്ദിര നിർമ്മാണത്തനായി ഇവിടെ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചതോടു കൂടി ദുരിതം കൂടി. ചെറിയ മുറികളിലാണ് പരിശോധന ഉൾപ്പെടെ നടക്കുന്നത്. ഒരു മുറിയിൽ തന്നെ ഒന്നിലധികം ഡോക്ടർമാർ പരിശോധന നടത്തേണ്ട ഗതികേട്. സ്ഥലസൗകര്യമില്ലാത്തതിനാൽ ജീവനക്കാരും രോഗികളും തമ്മിലുള്ള ബഹളം പതിവാണ്.