തിരുവനന്തപുരം: പദ്മനാഭപുരത്തു നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് അനന്തപുരി ഇന്ന് വരവേല്പ് നൽകും. ഉച്ചയ്ക്ക് നേമം വില്ലേജ് ആഫീസ് വളപ്പിലാണ് വിഗ്രഹങ്ങൾക്ക് സ്വീകരണം നൽകുക. കരമന ആവടി അമ്മൻ കോവിലിൽ വിഗ്രഹ ഘോഷയാത്ര എത്തുന്നതോടെ പൊലിമയേറും. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കുമാരസ്വാമി വെള്ളിക്കുതിരപ്പുറത്തേറ്റും.
ഇന്നലെ രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജ കഴിഞ്ഞ് ഇന്ന് രാവിലെയാണ് വിഗ്രഹഘോഷയാത്ര പുറപ്പെടുക. സന്ധ്യയോടെ ഘോഷയാത്ര കിഴക്കേകോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും. പദ്മതീർത്ഥക്കുളത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിലാണ് സരസ്വതീദേവിയെ പൂജയ്ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.
നവരാത്രി വിഗ്രഹങ്ങളെ വരവേൽക്കാനും തുടർന്നുള്ള പൂജയ്ക്കുമായി ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കോട്ടയ്ക്കകത്ത് നവരാത്രി ട്രസ്റ്റും മറ്റിടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡുമാണ് തയ്യാറെടുപ്പുകൾ നടത്തുന്നത്.
വിഗ്രഹ പൂജകൾ നാളെ രാവിലെ ആരംഭിക്കും
സരസ്വതിദേവി വിഗ്രഹം പൂജയ്ക്കിരുത്തുന്ന പദ്മതീർത്ഥക്കരയിലെ നവരാത്രി മണ്ഡപത്തിൽ എഴുന്നള്ളിപ്പ് എത്തുന്ന ഇന്ന് സരസ്വതി വിഗ്രഹം മണ്ഡപത്തിനകത്തെ നല്ലിരുപ്പ് മുറിയിലാണ് ഇറക്കിവയ്ക്കുന്നത്. നവരാത്രി കഴിഞ്ഞാൽ മണ്ഡപം അടച്ചിടുന്നതാണ് പതിവ്. നവരാത്രി ദിവസങ്ങളിൽ മാത്രമാണ് മണ്ഡപത്തിൽ പൂജയ്ക്കിരുത്തുന്നത്. മണ്ഡപത്തിൽ അലങ്കാരമുൾപ്പെടെ മോടി പിടിപ്പിക്കുന്നുണ്ട്. സരസ്വതിക്ക് മുന്നിലാണ് നവരാത്രി സംഗീതോത്സവം നടക്കുന്നത്.
വേളിമല കുമാരസ്വാമിയെ ഇറക്കിപൂജ നടത്തുന്ന ആര്യശാല ദേവീക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം ബോർഡ് നടത്തുന്നത്. ക്ഷേത്രത്തിന് മുന്നിൽ വിഗ്രഹത്തിനും വെള്ളിക്കുതിരയ്ക്കും വെവ്വേറെ പന്തലുകൾ നിർമ്മിക്കുന്നു. നവരാത്രിക്കാലത്ത് ശീവേലിക്ക് പൊലീസ് സേനയുടെ ഗാർഡ് ഒഫ് ഓണർ ഉണ്ടായിരിക്കും. ക്ഷേത്രത്തിന്റെ ശ്രീകോവിലകത്താണ് മുരുക വിഗ്രഹത്തെ കുടിയിരുത്തുക. പുറത്താണ് വാഹനമായ വെള്ളിക്കുതിരയെ സ്ഥാപിക്കുന്നത്. വിശ്വാസികൾ വെള്ളിക്കുതിരയ്ക്ക് മാല ചാർത്തുകയും പച്ചില സമർപ്പിക്കുകയും ചെയ്യും.
ഭക്തർക്ക് നിൽക്കാൻ ക്ഷേത്രത്തിന് പുറത്ത് ആര്യശാല റോഡുവരെ പ്രത്യേകപന്തലും നിർമ്മിച്ചുവരികയാണ്. മുന്നൂറ്റിനങ്ക വിഗ്രഹത്തെ പൂജയ്ക്കിരുത്തുന്ന ചെന്തിട്ട ഭഗവതിക്ഷേത്രത്തിലും ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.