ആറ്റിങ്ങൽ: കുത്തനെയുള്ള ഇറക്കം,ടാറിംഗാകെ പൊട്ടിത്തകർന്ന് മെറ്റൽച്ചീളുകൾ ചിന്നിച്ചിതറിക്കിടക്കുന്നു. ഇറക്കമിറങ്ങിവരുന്ന വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കമർത്തിയാൽ ഈ മെറ്റലിൽ തെന്നി മറിയുമെന്ന കാര്യത്തിൽ സംശയമില്ല.ഇത്തരത്തിലൂള്ള റോഡിലൂടെ നടന്ന് പൊറുതി മുട്ടിയ നാട്ടുകാർ സമരത്തിനൊരുങ്ങുകയാണ്.മുദാക്കൽ ഗ്രാമ പഞ്ചായത്തിൽ കല്ലിൻ മൂട്ടിൽ നിന്നും പള്ളിയറ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന റോഡിന്റെ അവസ്ഥയാണിത്.ഈ റോഡിൽ പള്ളിയറ ക്ഷേത്രത്തിനു സമീപം 300 മീറ്ററോളം വരുന്ന ഭാഗമാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. 25 സ്കൂൾ ബസുകൾ കുട്ടികളുമായി ഈ റൂട്ടിൽ ഓടുന്നുണ്ട്. അതു പോലെ പൂവണത്തുംമൂട്ടിലെ ഏകദേശം 20 ഓളം ആട്ടോകൾ ഈ റൂട്ടുവഴി ദിവസവും പല പ്രാവശ്യം ഒാടുന്നുണ്ട്. റോഡ‌് തർന്നതിനാൽ പലപ്പോഴുംഇതുവഴിയുള്ള ഓട്ടം വിളിച്ചാൽ ആട്ടോകൾ വിസമ്മതിക്കുകയാണ്. ഇതുവഴി രണ്ടു മൂന്നു പ്രാവശ്യം ഓടിക്കഴിയുമ്പോൾ വണ്ടി വർക്ക്ഷോപ്പിലാകുമെന്നാണ് ആട്ടോ ഡൈവർമാർ പറയുന്നത്. മെറ്റൽ ഇളകി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്. രോഗികളുമായി വാഹനത്തിൽ പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.മുദാക്കൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളുടെ അതിർത്തിയാണ് ഈ റോഡ്. അതുകൊണ്ട് വാർഡ്മെമ്പർമാർ ആരും ശ്രദ്ധിക്കുന്നില്ലെന്ന പരാതിയുമുണ്ട്. പൊതുമരാമത്ത് വകുപ്പും ഈ റോഡിനെ കൈ ഒഴിഞ്ഞ മട്ടാണ്.
റോഡ് തകർന്നിട്ട് വർഷം 3
റോഡ് തകർന്നതിനെപ്പറ്റി പരാതി നൽകിയിട്ടും ആറും തിരിഞ്ഞു നോക്കുന്നില്ല. ഇതിലൂടെ സഞ്ചരിക്കുന്നവർക്ക് അപകടങ്ങൾ പതിവാണ്......നാട്ടുകാർ
കുത്തനെ ഇറക്കമുള്ള ഭാഗമായതിനാൽ ഇവിടെ അപകടങ്ങൾ പതിവാണ്. റോഡിൽ കട്ടറും കുഴിയും കണ്ട് വെട്ടിയൊടിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ മറിയുന്നത് സ്ഥിരമാണ്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനം മറിഞ്ഞ് പിന്നിലിരുന്ന സ്ത്രീക്ക് സാരമായി പരിക്കേറ്റിരുന്നു. രണ്ടു സ്ത്രീകൾ സ്കൂട്ടറിൽ വരുമ്പോൾ ഗട്ടറിൽ തെന്നി വീണാണ് അപകടം സംഭവിച്ചത്.