വക്കം: വക്കത്ത് റോഡുകളിലെ വെള്ളക്കെട്ട് ശാപമായി മാറുന്നു. വക്കത്തെ മിക്ക റോഡുകളുടെയും സ്ഥിതി ഇതാണ് മഴക്കാലമായാൽ ചെളിവെള്ളത്തിലൂടെ മാത്രമേ യാത്ര ചെയ്യാൻ കഴിയൂ. പ്രധാന റോഡിന് സമാന്തരമായി നിരവധി ഇടറോഡുകളാൽ സമ്പന്നമാണ് വക്കം ഗ്രാമ പഞ്ചായത്ത്. ഏത് റോഡിലും വെള്ളക്കെട്ടിന് കുറവില്ല. വക്കം ജംഗ്ഷനായ ചന്തമുക്കിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നടത്തിയ പരീക്ഷണം ദയനീയ പരാജയപ്പെട്ടു. വെള്ളക്കെട്ടിന് പരിഹാരം കാണാൻ റോഡിൽ മെറ്റൽ നിരത്തി അതിന് മുകളിൽ ഇന്റർലോക്ക് പാകിയാണ് പരീക്ഷണം നടത്തിയത്.ഇന്റർലോക്കിന്റെ വശങ്ങളിലൂടെ മഴവെള്ളം ഇറങ്ങി മെറ്റൽ വഴി മണ്ണിൽ പിടിക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെട്ടത്.എന്നാൽ ഇതിന് കാര്യമായ പ്രയോജനവും ഉണ്ടായില്ല.റോഡിനിരുവശങ്ങളിലും ഓട ഇല്ലാത്തതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. നിലയ്ക്കാ മുക്കിൽ നിന്നും വക്കത്തേയ്ക്ക് വരുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ഒരു കിലോമീറ്ററോളം ദൂരത്തിൽ ഓടയുണ്ട്. നിലവിൽ ഓടകൾ മൂടിയ നിലയിലാണ്.മഴക്കാലപൂർവ ശുചീകരണം നടന്നില്ലെന്നുള്ളതിന്റെ വ്യക്തമായ തെളിവാണിത്.വക്കത്ത് മലിനജലം ഒഴുകി പോകാൻ ഒരിടത്തും ഓടകൾ ഇല്ലന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളം കെട്ടിക്കിടക്കുന്നത് മൂലം കൊതുകിന്റെ ശല്യവും ഏറെയാണ്.

ഓടകളില്ല

മലിനജലം വഴിനീളെ

ദുർഗന്ധം രൂക്ഷം

കൊതുക് പെരുകുന്നു

പകർച്ച വ്യാധി ഭീതി

മഴക്കാലത്ത് മലിനജലം റോഡിലൂടെ ഒഴുകും. മഴ തീരുമ്പോൾ റോഡിൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കൊണ്ട് നിറയും.ഇത് താണ്ടി വേണം പിന്നീടുള്ള യാത്ര. വക്കം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ ഇs റോഡുകളിൽ വെള്ളക്കെട്ടുകൾ നിത്യ സംഭവമാണ്. ഇവിടെ വെള്ളത്തിന് ദുർഗന്ധവും ഉണ്ടന്ന് രക്ഷിതാക്കൾ പറയുന്നു.

പ്രതികരണം. വക്കം ഗ്രാമ പഞ്ചായത്തിലെ റോഡുകളിലെ വെള്ളക്കെട്ടിനും, റോഡ് തകർച്ചയ്ക്കും ശാശ്വതപരിഹാരം കണ്ടത്തണമെന്ന് വക്കം ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ബിഷ്ണു ആവശ്യപ്പെട്ടു.

വക്കം മാർക്കറ്റ് ജംഗ്ഷനിലെ റോഡിലെ വെള്ളക്കെട്ട്

വക്കം ഹയർ സെക്കണ്ടറി സ്കൂൾ മതിലിനോട് ചേർന്നുള്ള വെള്ളക്കെട്ട്