kv

തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിന് പ്രചാരണ ചൂടേറുന്നു. സി.പി.എം സ്ഥാനാർത്ഥിയായ മേയർ വി.കെ. പ്രശാന്ത് പ്രചാരണത്തിൽ സജീവമായതോടെ യു.ഡി.എഫും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ബി.ജെ.പിയിൽ ഇതുസംബന്ധിച്ച് ധാരണയായിട്ടില്ല. യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. മോഹൻകുമാർ ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ അംഗത്വം രാജിവച്ചു. രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയശേഷം കെ.പി.സി.സിയിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ഡി.സി.സി ഓഫീസിൽ നടന്ന നേതാക്കളുടെ യോഗത്തിലും പങ്കെടുത്തു. മണ്ഡലത്തിലെ ചില ചടങ്ങുകളിലും പങ്കെടുത്തു. പ്രഖ്യാപനം ഉണ്ടായാൽ ഉടൻ റോഡ് ഷോ ഉൾപ്പെടെ നടത്തി പ്രചാരണത്തിലേക്ക് കടക്കാനാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ട് 4ന് പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനും തീരുമാനിച്ചിട്ടുണ്ട്.

ഇടതുമുന്നണി സ്ഥാനാർത്ഥി മേയർ വി.കെ. പ്രശാന്ത് പ്രചാരണത്തിൽ അതിവേഗം മുന്നേറുകയാണ്. വ്യാഴാഴ്ച സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ റോഡ് ഷോയിലൂടെ മണ്ഡലത്തിൽ തന്റെ വരവ് അറിയിച്ച പ്രശാന്ത് മണ്ഡലത്തിലെ രാഷ്ട്രീയ, സാംസ്കാരിക, മതനേതാക്കളെ നേരിൽ കാണാനുള്ള തിരക്കിലാണ്. വൈകിട്ട് മണ്ഡലത്തിൽ ചിലയിടങ്ങളിൽ പ്രവർത്തകരുടെ യോഗത്തിലും പങ്കെടുത്തു. ഞായറാഴ്ച വൈകിട്ട് 4ന് പേരൂർക്കട കൗസ്തുഭം ആഡിറ്റോറിയത്തിലാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അതേസമയം ബി.ജെ.പി സ്ഥാനാർത്ഥിയെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിട്ടില്ല. ഇരു മുന്നണികളും കളത്തിലുണ്ടെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥി കൂടി എത്തിയാൽ മാത്രമേ ചിത്രം വ്യക്തമാകൂ.