തിരുവനന്തപുരം: കേരള കോൺഗ്രസിലെ ആഭ്യന്തര സംഘർഷം പാലായിലെ വിജയത്തിന് വിഘാതമായെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ജനങ്ങളുടെ വൈകാരിക പ്രതിഷേധവും അമർഷവുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ദിരാഭവനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
തിരഞ്ഞെടുപ്പ് ഫലം കെ.പി.സി.സി അംഗീകരിക്കുന്നു. എന്നാൽ ഇതൊരു രാഷ്ട്രീയ വിധിയായി കണക്കാക്കുന്നില്ല. ജനാധിപത്യത്തിൽ വോട്ടർമാർ യജമാനന്മാരാണ്. അവരെ പരിഹസിക്കുന്ന നിലപാട് പൊതുസമൂഹം അംഗീകരിക്കില്ല. ഇനി വരുന്ന അഞ്ചു ഉപതിരഞ്ഞെടുപ്പുകളാണ് പ്രധാനം. അതിൽ യു.ഡി.എഫ് നല്ല വിജയം കൈവരിക്കും. പാലായിലേത് സാങ്കേതികമായി പറഞ്ഞാൽ യു.ഡി.എഫിനേറ്റ പരാജയം തന്നെയാണ്. എന്നാൽ കോൺഗ്രസ് പ്രവർത്തകർ അവിടെ ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്.
കേരള കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഇടപെട്ടതാണ്. മദ്ധ്യസ്ഥം വഹിച്ചു. ലീഗും അനുരഞ്ജനത്തിന് നല്ല ശ്രമം നടത്തി. യു.ഡി.എഫിന്റെ അടിത്തറയിൽ ഒരു വിള്ളലും വന്നിട്ടില്ല. കേരള കോൺഗ്രസിലെ അന്തഃച്ഛിദ്രം തങ്ങളോടുള്ള പരിഹാസമായി ജനങ്ങൾ കണ്ടതാണ് ഈ വിധിക്ക് കാരണം.
പാലായിലെ വിജയത്തിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും ഒരു മേനിയും അവകാശപ്പെടാനില്ല. കഴിഞ്ഞ തവണത്തേതിനെക്കാൾ അവർക്ക് 44 വോട്ട് കുറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ വോട്ടിൽ കുറവുണ്ടായിട്ടില്ല. മൂന്ന് ദിവസം സെക്രട്ടേറിയറ്റിന് അവധി നൽകി മുഖ്യമന്ത്റിയും മന്ത്റിമാരും ഉദ്യോഗസ്ഥന്മാരും പൂർണമായി പാലായിൽ താമസിച്ച് അധികാരദുർവിനിയോഗമാണ് നടത്തിയത്. സർക്കാരിനെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ ആത്മവിശ്വാസം ഇപ്പോഴും തങ്ങൾക്കുണ്ട്. വരുന്ന ഉപതിരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിനെയും ബി.ജെ.പിയെയും വെല്ലുവിളിക്കുകയാണ്. എല്ലാ മണ്ഡലങ്ങളും പ്രധാനമാണെങ്കിലും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന വട്ടിയൂർക്കാവിനും മഞ്ചേശ്വരത്തിനും പ്രത്യേകപ്രാധാന്യമാണ് നൽകുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.