തിരുവനന്തപുരം: എൽ.എൽ.ബി (ത്രിവത്സര - ഈവനിംഗ്) പരീക്ഷകൾ തോന്നിയ മട്ടിൽ നടത്തിയ കേരള സർ
വകലാശാലക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പരീക്ഷാ കൺട്രോളർ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. 2017 സെപ്തംബറിൽ ക്ലാസുകൾ ആരംഭിച്ചശേഷം 16 മാസത്തോളം ഒരു സെമസ്റ്റർ പരീക്ഷ പോലും നടത്താതിരുന്ന സർവകലാശാല ആഴ്ചകളുടെ വ്യത്യാസത്തിൽ പരീക്ഷകൾ ഒന്നിച്ച് നടത്തുകയായിരുന്നു.
2018 ഡിസംബറിൽ ആദ്യ സെമസ്റ്റർ പരീക്ഷ തുടങ്ങി. കഴിഞ്ഞ ജനുവരിയിൽ പൂർത്തിയാക്കി. കഴിഞ്ഞ ജൂണിൽ ആരംഭിച്ച രണ്ടാം സെമസ്റ്റർ പരീക്ഷ ജൂലായിലാണ് പൂർത്തിയായത്. ഇതിനു പിന്നാലെ ഒന്നാം സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷ ആരംഭിച്ചു. ജൂലായ് 5ന് രണ്ടാം സെമസ്റ്റർ പരീക്ഷ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ മൂന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനമിറക്കി. എന്നാൽ പ്രളയം കാരണം ആഗസ്റ്റ് 25 നാണ് പരീക്ഷ തുടങ്ങിയത്. മൂന്നാം സെമസ്റ്റർ പൂർത്തിയാകും മുമ്പ് നാലാം സെമസ്റ്ററിന്റെ വിജ്ഞാപനമിറക്കി.
6 മാസത്തെ ഇടവേളകളിലായി 24 മാസങ്ങൾ കൊണ്ട് 4 സെമസ്റ്റർ പരീക്ഷ നടത്തേണ്ട സർവകലാശാല വെറും 10 മാസങ്ങൾ കൊണ്ട് 4 സെമസ്റ്റർ പരീക്ഷകളാണ് നടത്തിയത്. വിദ്യാർത്ഥികൾക്ക് കോഴ്‌സിന്റെ ഭാഗമായ സെമിനാറുകളും ടെസ്റ്റ്പേപ്പറുകളും പൂർത്തിയാക്കാനായില്ല. എൽ എൽ ബി പരീക്ഷകൾ കൃത്യമായി നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സർവകലാശാല നടപ്പാക്കുന്നില്ലെന്ന് ലാ അക്കാഡമി വിദ്യാർത്ഥി ഉല്ലാസ് കൃഷ്ണന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു.