ആര്യനാട്: ഇത് വാഹന പാർക്കിംഗ് അല്ല, ആര്യനാട് ജനമൈത്രി പൊലീസ് സ്റ്റേഷന് മുൻവശമാണ്. സ്റ്റേഷന് മുന്നിൽ പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങളാണ് ഇവ. സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ കുന്നുകൂടിയതോടെ പിന്നീട് വന്ന വാഹനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാതായി. ഇതോടെ തൊണ്ടി വാഹനങ്ങൾ റോഡിന്റെ ഓരത്ത് സൂക്ഷിക്കാൻ തുടങ്ങി. ഇപ്പോൾ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കുവേണ്ടി എത്തുന്നവർക്ക് സ്വന്തം വാഹനം പാർക്ക് ചെയ്യാൻ ഇടമില്ലാതായി.
അടുത്തകാലത്ത് പൊലീസ് സ്റ്റേഷന്റെ മുന്നിലുണ്ടായിരുന്ന വാഹനങ്ങൾ ആനന്ദേശ്വരം റോഡിലേയ്ക്ക് മാറ്റി. ഇതോടെ ഈ റോഡിലെ യാത്രയും അവതാളത്തിലായി. റോഡിന്റെ വശങ്ങളിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇടുത്തിടെ പിടികൂടിയ മണൽ ലോറികൾ സ്റ്റേഷന്റെ പ്രധാന കവാടത്തിന്റെ ഇരുവശവുമായി സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇവിടെയെത്തുന്നവർക്ക് സ്റ്റേഷന്റെ ഗേയിറ്റാണെന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. സ്റ്റേഷന് മുന്നിലെ റോഡിന് പൊതുവേ വീതി കുറവാണ്. ഇതുകൊണ്ട് തന്നെ വാഹനങ്ങൾ റോഡിന്റെ വശത്ത് പാർക്ക് ചെയ്തിരിക്കുന്നതിനാൽ യാത്ര വളരെ ദുഃസഹമാണ്. എതിർ ദിശയിൽ നിന്നും വരുന്ന വാഹനങ്ങൾ കാണാൻ തന്നെ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറയുന്നു.
കൊക്കോട്ടേല പാലം യാഥാർത്ഥ്യമായതോടെ ആര്യനാട് നിന്നും കുറ്റിച്ചൽ ഭാഗത്തേയ്ക്ക് നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. വാഹനങ്ങൾ റോഡിന്റെ ഇരു വശങ്ങളിലും ഉള്ളതുകാരണം കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് സ്റ്റേഷന് സമീപത്ത് എത്തുമ്പോൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്.
സ്റ്റേഷന് മുന്നിലെ കൊടും വളവിൽ തന്നെ തൊണ്ടിവാഹനങ്ങൾ പൊലീസ് കൊണ്ടിടുകയാണ്.
പലസമയങ്ങളിലായി പിടികൂടിയ വാഹനങ്ങൾ ഇപ്പോൾ തുരുമ്പിച്ച് ഉപയോഗ ശൂന്യമായി. തൊണ്ടി വാഹനങ്ങൾ ഇപ്പോൾ ഇഴജന്തുക്കൾക്കും തെരുവ് നായ്ക്കൾക്കും അഭയകേന്ദ്രമായി മാറി. കാലപ്പഴക്കം കൊണ്ട് കേസിന്റെ സമയം വരുമ്പോൾ വാഹനങ്ങൾ ദ്രവിച്ച് ഇല്ലാതാകും. ഇപ്പോൾ പിടികൂടിയ മണൽ ലോറികൾ പെറ്റിയടിച്ച് വിടുകയോ യഥാ സമയം ലേലം ചെയ്യുകയോ ചെയ്താൽ തന്നെ വരുമാനം ഉണ്ടാക്കാം. സ്റ്റേഷന്റെ പരിസരത്തെ റോഡിൽ നിന്നും തൊണ്ടിവാഹനങ്ങൾ മാറ്റാനുള്ള നടപടികൾ ഉണ്ടാകണമെന്ന ആവശ്യം ശക്തയിട്ടുണ്ട്.