atrocities-of-sfi

തിരുവനന്തപുരം: വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഇടയിൽ നടന്ന യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മികച്ച വിജയം നേടി എസ്.എഫ്.ഐ ചരിത്രം ആവർത്തിച്ചു. രണ്ട് പതിറ്റാണ്ടിനുശേഷം കെ.എസ്.യു രംഗത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടു. എസ്.എഫ്.ഐയിലെ 2219 വോട്ട് നേടിയ ജോബിൽ ജോസാണ് പുതിയ ചെയർമാൻ. 416 വോട്ടാണ് കെ.എസ്.യു സ്ഥാനാർത്ഥിക്ക് കിട്ടിയത്.

2088 വോട്ട് നേടിയ ആര്യ ചന്ദ്രനാണ് വൈസ് ചെയർപേഴ്സൺ. ഈസ്ഥാനത്തേക്ക് മത്സരിച്ച കെ.എസ്.യു സ്ഥാനാർത്ഥിക്ക് 536 വോട്ടുമാത്രമാണ് ലഭിച്ചത്. സച്ചു രാജപ്പനെ ആർട്സ് ക്ലബ് സെക്രട്ടറിയായും ബി. ബിബിനെ മാഗസിൻ എഡിറ്ററായും തിരഞ്ഞെടുത്തു. യൂണിവേഴ്സിറ്റി കോളേജിൽ അടുത്തിടെ നടന്ന കത്തിക്കുത്തുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടായ സാഹചര്യത്തിൽ കോളേജിലെ എസ്.എഫ്.ഐയുടെ ഏകാധിപത്യത്തെക്കുറിച്ച് വ്യാപകമായ ആക്ഷേപമാണ് ഉയർന്നത്. പിന്നാലെ കെ.എസ്.യുവും എ.ഐ.എസ്.എഫും യൂണിറ്റ് രൂപീകരിക്കുകയും ചെയ്‌തു.

സമീപത്തെ ആർട്സ് കോളേജിലും എസ്.എഫ്.ഐക്കാണ് മുൻതൂക്കം. എസ്.എഫ്‌.ഐയുടെ കൈപ്പിടിയിലുള്ള കോളേജിൽ ഇത്തവണ ചെയർമാൻ സീറ്റിലേക്ക് മാത്രമാണ് മത്സരമുണ്ടായിരുന്നത്. എ.ഐ.ഡി.എസ്.ഒയാണ് എസ്.എഫ്‌.ഐക്കെതിരെ മത്സരിച്ചത്. എ.ഐ.ഡി.എസ്.ഒയുടെ കോളേജ് യൂണിറ്റ് സെക്രട്ടറി കൂടിയായ മീര 170 വോട്ട് നേടി.

കൊടിതോരണങ്ങൾ കത്തിച്ച് ആഹ്ലാദം

എതിർ ശബ്ദമുയർത്തി മത്സര രംഗത്തുണ്ടായിരുന്നവരുടെ കൊടിതോരണങ്ങൾ കത്തിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ വിജയം ആഘോഷിച്ചത്. കോളേജ് കാമ്പസിനുള്ളിൽ നിന്നു പ്രകടനമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസിനകത്തും പുറത്തുമായി കെ.എസ്.യുവും എ.ഐ.എസ്.എഫും സ്ഥാപിച്ചിരുന്ന ബോർഡുകളും കൊടികളും വാരിക്കൂട്ടി കോളേജിന് മുന്നിലെ റോഡിലിട്ടാണ് കത്തിച്ചത്. ഇതിനെതിരെ കെ.എസ്.യുവും എ.ഐ.എസ്.എഫും പൊലീസിൽ പരാതി നൽകി. കനത്ത പൊലീസ് കാവൽ ഒരുക്കിയിരുന്നു. മറ്റ് അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.