തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപകർക്ക് നയപരമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ കേരളയുടെ രണ്ടാം പതിപ്പ് കോവളത്ത് ഹോട്ടൽ റാവീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സ്റ്റാർട്ടപ്പുകൾക്ക് അനന്ത സാദ്ധ്യതകളുണ്ട്. ഇൻകുബേഷൻ സൗകര്യങ്ങളും പരസ്പര ധാരണകൾക്കുള്ള വേദികളും ധനസഹായ സംവിധാനങ്ങളും കേരള സ്റ്റാർട്ടപ്പ് മിഷൻ ലഭ്യമാക്കുന്നുണ്ട്. റോബോട്ടുകളെ ഉപയോഗിച്ച് മാൻഹോൾ വൃത്തിയാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച ജന്റോബോട്ടിക്‌സിന് ടൈഗർ ഗ്ലോബൽ പോലുള്ള രാജ്യാന്തര നിക്ഷേപകരിൽ നിന്ന് നിക്ഷേപം ലഭിച്ചു.
പുതിയ സംഭരണനയം മുന്നോട്ടുവച്ചതിലൂടെ സ്റ്റാർട്ടപ്പുകളിൽ നിന്ന് ഒരു കോടി രൂപവരെയുള്ള സാങ്കേതികവിദ്യാ ഉത്പന്നങ്ങൾ വാങ്ങാൻ സർക്കാർ വകുപ്പുകൾക്ക് അനുമതി നൽകി. സംരംഭകത്വ വികസന കേന്ദ്രങ്ങൾ ആരംഭിക്കാനും സ്‌കൂൾ വിദ്യർത്ഥികൾക്ക് റാസ്‌പ്ബെറി പൈ കിറ്റുകൾ വിതരണം ചെയ്യാനും കഴിഞ്ഞു. സ്‌കൂൾ, കോളേജ് തലങ്ങളിൽ സംരംഭകത്വത്തിന് പ്രോത്സാഹനം നൽകുന്ന പരിപാടികളും നടപ്പാക്കിയെന്ന് മുഖ്യമന്ത്റി പറഞ്ഞു.
കേരള സ്റ്റാർട്ടപ്പുമായി സഹകരിച്ചുള്ള വനിതാ സംരംഭകത്വത്തിന് സഹായകമായ സ്റ്റാർട്ടപ്പ് ഇന്ത്യയുടെ 'വിംഗ് വിമെൻ റൈസ് ടുഗതർ", 'അഡോബി ക്രിയേറ്റീവ് ജാം" എന്ന ഡിസൈൻ ഹാക്കത്തോൺ മുഖ്യമന്ത്റി പ്രകാശനം ചെയ്തു. ഓപ്പോ, വാധ്വാനി ഫൗണ്ടേഷൻ, ഓർബിറ്റ് മൈക്രോ സിസ്റ്റംസ് ലിമിറ്റഡ് എന്നിവയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒപ്പിട്ട ധാരണാപത്രങ്ങൾ മുഖ്യമന്ത്റിയുടെ സാന്നിദ്ധ്യത്തിൽ കൈമാറി.
കൊച്ചി ആസ്ഥാനമായുള്ള ടെക്‌നോളജി സ്റ്റാർട്ടപ്പായ സീവ് ടെക്‌നോളജീസിൽ നിക്ഷേപം നടത്തുമെന്ന് വീഡിയോ കോൺഫറൻസിലൂടെ ട്വിറ്റർ സഹസ്ഥാപകൻ ക്രിസ്റ്റഫർ ബിസ് സ്റ്റോൺ പറഞ്ഞു.കേരള ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ജോയിന്റ് സെക്രട്ടറി അനിൽ അഗർവാൾ, ഐ.എ.എം.എ.ഐ സി.ഇ.ഒ ജിതേന്ദർ എസ്. മിൻഹാസ്, കെ.എസ്.എം സി.ഇ.ഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ദ്വിദിന സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.