തിരുവനന്തപുരം : നവരാത്രി പൂജയ്‌ക്കായി പദ്മനാഭപുരത്ത് നിന്ന് പുറപ്പെട്ട നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിൽ ആഘോഷപൂർവമായ സ്വീകരണം നൽകി. ഇതിനോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഗവർണർ ഭദ്രദീപം തെളിച്ചു. കസവുമുണ്ടും ഉത്തരീയവും ധരിച്ചെത്തിയ ഗവർണർ ഘോഷയാത്രയ്ക്കൊപ്പം കൊണ്ടുവന്ന ഉടവാളിനെ വണങ്ങി.
തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങൾക്കാണ് സ്വീകരണം നൽകിയത്. വാദ്യഘോഷങ്ങളും കാവടിയുൾപ്പെടെയുള്ള കലാരൂപങ്ങളും ഒരുക്കിയിരുന്നു. കേരള പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.
വ്യാഴാഴ്‌ച രാത്രി കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തിയ വിഗ്രഹങ്ങൾ ഇന്നലെ ഉച്ചയോടെയാണ് കളിയിക്കാവിളയിലെത്തിയത്. എം.എൽ.എമാരായ സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, റവന്യൂ, ദേവസ്വം, പൊലീസ് അധികൃതർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഇന്നലെ രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജ നടന്നു. ഇന്ന് രാവിലെ നെയ്യാറ്റിൻകരയിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര വൈകിട്ട് തിരുവനന്തപുരത്തെത്തും. കുമാരസ്വാമിയെ കരമന മുതൽ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്.
സന്ധ്യയോടെ ഘോഷയാത്ര കിഴക്കേകോട്ടയിലെത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും. പദ്മതീർത്ഥക്കുളത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിലാണ് സരസ്വതീദേവിയെ പൂജയ്‌ക്കിരുത്തുന്നത്. കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും പൂജയ്‌ക്കിരുത്തും. എട്ടിനാണ് പൂജയെടുപ്പ്. ഒരു ദിവസത്തെ നല്ലിരുപ്പിനുശേഷം 10ന് തിരുവനന്തപുരത്തു നിന്ന് തിരിച്ചെഴുന്നള്ളത്തായി പുറപ്പെടുന്ന വിഗ്രഹഘോഷയാത്ര 12ന് പദ്മനാഭപുരത്തെത്തും.