mani-c-kappan-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലംവന്ന് നാലു മാസം പിന്നിടുമ്പോൾ പാലായിലുണ്ടായ 'അട്ടിമറി' കേരള രാഷ്ട്രീയത്തിൽ പലതുകൊണ്ടും ശ്രദ്ധേയമാണ്. 54 വർഷം കെ.എം. മാണിയെന്ന അതികായൻ കൈവെള്ളയിൽ കാത്ത പാലാ ആദ്യമായി എതിർപാളയത്തിലുള്ളൊരു മാണിയെ പുൽകുമ്പോൾ കെ.എം. മാണിയുടെ വിയോഗത്തിന് ആറു മാസം തികയാൻ 12 ദിവസം ബാക്കിയിരിക്കെയുണ്ടായ തോൽവി യു.ഡി.എഫിന് കയ്പ് നിറഞ്ഞതാണ്.

അഞ്ച് ഉപതിരഞ്ഞെടുപ്പുകളുടെ ചൂടിലേക്ക് കേരളം നടന്നുനീങ്ങുമ്പോഴുണ്ടായ ജനവിധി മുന്നണികളെ ഗൗരവചിന്തയ്ക്ക് പ്രേരിപ്പിക്കുന്നതാണ്. ലോക്‌സഭാ ഫലത്തോടെ തകർന്നടിഞ്ഞുവെന്ന് എതിരാളികൾ വിലയിരുത്തിയ ഇടതുപക്ഷത്തെ, ജീവനിൽ പ്രതീക്ഷയുണ്ടെന്നു വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന വിധിയാണ് പാലായിലേത്. കേരളം തങ്ങൾക്ക് വഴിമാറിത്തുടങ്ങിയെന്ന ചിന്തയോടെ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച് നീങ്ങിയ യു.ഡി.എഫിനെ 'അങ്ങനെയങ്ങ് പോകാൻ വരട്ടെ'യെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതുമാണ്.

അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലേക്ക് ആത്മവിശ്വാസത്തോടെ നീങ്ങാൻ ഇടതുമുന്നണിയെ ഇത് സഹായിക്കും. അഞ്ചിടത്തും പുതുമുഖങ്ങളെ, അതിൽ നാലിടത്ത് യുവാക്കളെ അണിനിരത്തി പോരിനിറങ്ങുന്ന സി.പി.എമ്മിൽ ഇത് ആവേശമുണർത്തുമെന്ന് ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ഹാങോവറിൽ സിക്സറടിക്കുമെന്ന പ്രതീക്ഷയുമായി നിന്ന കോൺഗ്രസിനും യു.ഡി.എഫിനും മുഖത്തേറ്റ അടിയാണിത്.

ഇടതുപക്ഷത്തേക്ക് ഒരിക്കലും ചായാത്ത മണ്ഡലമെന്ന് സാങ്കേതികമായി പാലായെ പറയാനാവില്ല. കെ.എം. മാണിയും കോൺഗ്രസിലെ എ ഗ്രൂപ്പും സി.പി.എമ്മിനൊപ്പം കൂട്ടുകൂടിയ സന്ദർഭത്തിൽ പാലായും മാണിയും 'ഇടതാ'യിട്ടുണ്ട്. എങ്കിലും കോൺഗ്രസും കേരള കോൺഗ്രസും ചേർന്നാൽ ഒരിക്കലും ഇളകാത്ത യു.ഡി.എഫ് കോട്ടയെന്ന് വിശ്വസിച്ചുനിന്നവരെ അമ്പരപ്പിക്കുകയും ഉലയ്ക്കുകയും ചെയ്യുന്നതു തന്നെയാണ് ഇന്നലെ മാണി സി.കാപ്പൻ നേടിയ അട്ടിമറിവിജയം.

ജോസിന്

തിരിച്ചടി

തൽക്കാലത്തേക്കെങ്കിലും കേരളരാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് മദ്ധ്യകേരളത്തിൽ, കേരള കോൺഗ്രസിന്റെ വിലപേശൽ ശേഷിയെ ഇടിച്ചുതാഴ്ത്തുന്നുണ്ട് പാലാഫലം. മാണിയുടെ കാലത്ത് കൈവന്ന പ്രസക്തി ചോദ്യചിഹ്നമാവുന്നു. സ്വന്തം സ്ഥാനാർത്ഥിയെ കാക്കാനാവാത്ത ജോസ് കെ.മാണിക്ക് കനത്ത തിരിച്ചടിയാണ്.

പാലായിലെ വീഴ്ചയുടെ പഴി പൂർണ്ണമായും കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾക്കുമേൽ കെട്ടിവച്ച് ആത്മവിശ്വാസം ചോരാതെ കാക്കാനാണ് യു.ഡി.എഫ് ശ്രമം. കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്കെതിരെ കോൺഗ്രസിന്റെയും ലീഗ്, ആർ.എസ്.പി പോലുള്ള കക്ഷികളുടെയും നേതാക്കൾ കൂട്ടത്തോടെ രംഗത്തു വന്നത് ഇതിന്റെ സൂചനയാണ്.

തിരിച്ചടിച്ച

വെല്ലുവിളി

രാഷ്ട്രീയമല്ല പാലായിൽ വിധി നിർണ്ണയിച്ചതെന്നാണ് യു.ഡി.എഫ് നേതാക്കൾ പറഞ്ഞത്. എന്നാൽ, രാഷ്ട്രീയം തന്നെ ചർച്ച ചെയ്ത തിരഞ്ഞെടുപ്പാണ് നടന്നതെന്ന് ഇടതുപക്ഷം വാദിക്കുന്നു. പാലായിൽ സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ കോൺഗ്രസ് നേതാക്കൾ വെല്ലുവിളിച്ച കാര്യം അവർ ഓർമ്മിപ്പിക്കുന്നു.

പിണറായി

ചിരിക്കുന്നു

ആ വെല്ലുവിളി ഏറ്റെടുത്ത് സർക്കാരിന്റെ വിലയിരുത്തലാകുമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് നിറമനസ്സോടെ ചിരിക്കാൻ പാലാ വകനൽകുന്നുണ്ട്. ശബരിമലയും സർക്കാരിനെതിരായ ജനവികാരവുമെല്ലാം ലോക്‌സഭയിൽ പ്രതിഫലിച്ച അതേ അളവിൽ തുടരുന്നുവെന്ന യു.ഡി.എഫ് പ്രചരണത്തിന് മറുപടി നൽകാനായി.

ജയിക്കുമെന്ന് പറയുമ്പോഴും യു.ഡി.എഫ് കോട്ടയെന്ന് കരുതിപ്പോന്ന പാലായിൽ സി.പി.എം കേന്ദ്രങ്ങളും ജയമുറപ്പെന്ന് കരുതിയതല്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മാത്രം യു.ഡി.എഫ് സ്ഥാനാർത്ഥി നേടിയത് 33,000 വോട്ടിന്റെ ലീഡാണ്. അത് പതിനായിരത്തിലേക്കെങ്കിലുമോ, 2016ൽ കെ.എം. മാണി നേടിയ നാലായിരത്തിൽപ്പരം വോട്ടിന്റെ ലീഡിലേക്കോ പോലും താഴ്ത്തിയാൽ നേട്ടമെന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ അതിലും മേലേക്കു പോയാണ് മാണി സി.കാപ്പന്റെ അട്ടിമറിവിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിളക്കം അതേപടി നിലനിറുത്തി, 20 മാസത്തിനപ്പുറം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാമെന്ന് കണക്കുകൂട്ടിയ യു.ഡി.എഫിനും കോൺഗ്രസിനും പാലായെ കുറച്ചുകാണാനാവുമായിരുന്നില്ല.

പാലായിലേത് കോൺഗ്രസ് അഭിമാനപോരാട്ടമായെടുത്താണ് നേരിട്ട് പ്രചരണമേറ്റെടുത്തത്. പഴുതടച്ച പ്രചരണവഴികളിലൂടെ നീങ്ങിയ ഇടതുപക്ഷമാകട്ടെ, ചെങ്ങന്നൂർ മോഡലിൽ മന്ത്രിമാരെയടക്കം അണിനിരത്തിയുള്ള സോഷ്യൽ എൻജിനിയറിംഗ് ഫലപ്രദമാക്കാൻ ശ്രമിച്ചു.

ബി.ജെ.പിക്ക്

സംഭവിക്കുന്നത്

അഴിമതിയാരോപണം വരെ സജീവചർച്ചയായി നിറഞ്ഞ പോർക്കളത്തിലെ ഫലത്തിന് കേരള കോൺഗ്രസുകളുടെ ചക്കളത്തിപ്പോരിനെ മാത്രം പഴിചാരുന്നതിൽ അർത്ഥമില്ലെന്ന് കോൺഗ്രസ് നേതൃത്വം തിരിച്ചറിയാതില്ല. ബി.ജെ.പി ഇടതിന് വോട്ടു മറിച്ചെന്ന് ജോസ് പക്ഷവും യു.ഡി.എഫും ആരോപിക്കുമ്പോൾ മറിച്ചാണെന്ന് ഇടതുപക്ഷവും പറയുന്നുണ്ട്. ബി.ജെ.പി വോട്ട് യു.ഡി.എഫിനു കൊടുത്തിട്ടും യു.ഡി.എഫിൽ നിന്നുണ്ടായ അടിയൊഴുക്കാണ് തുണച്ചതെന്നാണ് ഇടതുവാദം.

ബി.ജെ.പിയുടേത് ദയനീയ തിരിച്ചടിയായി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേടിയ വോട്ടിൽ ഗണ്യമായ ഇടിവുണ്ടായത് എൻ.ഡി.എയെ ഇരുത്തിച്ചിന്തിപ്പിക്കും. വോട്ട്ചോർച്ച അവരെ വേട്ടയാടുമെന്നുറപ്പ്. പ്രത്യേകിച്ച് വോട്ടുകച്ചവടമെന്ന ആരോപണമുയർന്ന സാഹചര്യത്തിൽ. അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലേക്കു നീങ്ങുമ്പോൾ ബി.ജെ.പിയുടെ ആത്മവിശ്വാസത്തെ ഇടിക്കുന്നതാണ് പാലാവിധി.