പാലാ വിധിയോടെ കേരള കോൺഗ്രസിലെ ജോസ്, ജോസഫ് പക്ഷങ്ങൾ ഇനി യു.ഡി.എഫിൽ അധികനാൾ ഒരുമിച്ച് തുടരില്ലെന്ന് സൂചന. ഒന്നുകിൽ തർക്കങ്ങൾ തീർത്ത് ഒറ്റക്കെട്ടായി മുന്നണിയിൽ നിൽക്കുക, അല്ലെങ്കിൽ മറ്റു വഴികൾ തേടുക എന്ന മുന്നറിയിപ്പ് യു.ഡി.എഫ് നേതൃത്വം നൽകിക്കഴിഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്വം പൂർണ്ണമായും കേരള കോൺഗ്രസുകളിൽ കെട്ടിവയ്ക്കുകയാണ് ഇന്നലെ യു.ഡി.എഫ് നേതാക്കൾ ചെയ്തതെന്നത് ശ്രദ്ധേയം. ഉത്തരവാദിത്വം തങ്ങൾക്കില്ലെന്നാണ് കോൺഗ്രസ്, ലീഗ് നേതൃത്വങ്ങളുടെ നിലപാട്. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിനിർണയ വേളയിൽത്തന്നെ കേരള കോൺഗ്രസിലെ തർക്കങ്ങളിലുള്ള അതൃപ്തി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രകടിപ്പിച്ചതാണ്.
പിന്നീടും പല ഘട്ടങ്ങളിൽ താക്കീതു നൽകി. തമ്മിൽത്തല്ലിയാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നു വരെ മുന്നറിയിപ്പ് നൽകിയതാണെങ്കിലും മറ്റു ഘടകകക്ഷികൾ യോജിക്കാത്തതിനാലാണ് കടുത്ത നിലപാടിലേക്ക് പോകാതിരുന്നത്.
ഫലം വന്നശേഷവും ജോസ്, ജോസഫ് പക്ഷങ്ങൾ വിട്ടുവീഴ്ചയ്ക്കില്ലെന്ന് തെളിയിക്കുന്നതാണ് അവരുടെ പ്രതികരണങ്ങൾ. ഇരു കൂട്ടരും പരസ്പരം പഴിചാരി ഇന്നലെയും രംഗത്തെത്തി. ജോസഫ് വിഭാഗം ചതിച്ചെന്നും വോട്ട്മറിച്ചതിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളുണ്ടെന്നുമാണ് ജോസ് പക്ഷത്തിന്റെ വാദം. മുതിർന്ന നേതാവായ ജോസഫിനെ അപമാനിച്ചതടക്കമുള്ള വിഷയങ്ങൾ അവരുയർത്തുന്നു. രണ്ടില ചിഹ്നം അനുവദിക്കാൻ ഒരുക്കമായിരുന്നിട്ടും അനാവശ്യ പിടിവാശി കാട്ടി അപക്വമായ നിലപാട് സ്വീകരിച്ചെന്നും അവർ കുറ്റപ്പെടുത്തുന്നു.
പി.ജെ. ജോസഫിന് പാലായിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമില്ലെന്നു പറയുമ്പോഴും മുതിർന്ന നേതാവായ ജോസഫിനെ യു.ഡി.എഫ് കൺവെൻഷൻ വേദിയിൽ കൂവി അപമാനിച്ചതടക്കമുള്ള വിഷയങ്ങൾ സാധാരണ വോട്ടർമാരിൽ അവമതിപ്പുണ്ടാക്കിയെന്ന തോന്നൽ പാലായിൽ ശക്തമാണ്. വിധിയിൽ അത് നിഴലിച്ചെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നടക്കം പ്രചരിക്കുന്നത്.