pinarayi-

തിരുവനന്തപുരം: പാലാ തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന്റെ സമ്പൂർണ തകർച്ചയുടെ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. പരസ്പര അവിശ്വാസത്തിന്റെയും കാലുവാരലിന്റെയും കുതികാൽവെട്ടിന്റെയും വഴിയിലൂടെ സമ്പൂർണ നാശത്തിലേക്കെത്തുക എന്നതല്ലാതെ അവർക്കിനി ഒന്നും ചെയ്യാനില്ല. ബി.ജെ.പിയുമായി സന്ധിചെയ്തു നീങ്ങുന്ന യു.ഡി.എഫിനെ ന്യൂനപക്ഷങ്ങളടക്കം മതനിരപേക്ഷ ജനവിഭാഗങ്ങളാകെ കൈയൊഴിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനക്ഷേമവികസന കർമ്മപരിപാടികളുമായി മുമ്പോട്ടുപോകാൻ എൽ.ഡി.എഫ് ഗവൺമെന്റിനു ലഭിച്ച ജനകീയ മാൻഡേ​റ്റിനെ വിനയത്തോടെ സ്വീകരിക്കുന്നു; ജനങ്ങൾ അർപ്പിച്ച വർദ്ധിച്ച വിശ്വാസവുമായി കൂടുതൽ ഊർജസ്വലമായി മുമ്പോട്ടുപോവും.

അരനൂ​റ്റാണ്ടിലേറെക്കാലം ഒരു പ്രത്യേക രീതിയിൽ ചിന്തിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ വോട്ടുചെയ്യുകയും ചെയ്തിരുന്ന പാലായിലെ ജനങ്ങൾ ഇതാദ്യമായി മാറി ചിന്തിച്ചിരിക്കുകയാണ്. ഈ ചിന്താമാ​റ്റം കേരളത്തിൽ പരക്കെ ഉണ്ടാവുന്ന ഒരു പുതിയ പ്രവണതയുടെ പ്രതീകമാണ്. കേരളത്തിലെ ക്ഷേമവികസന കർമ്മപദ്ധതികൾ തുടരണമെങ്കിൽ എൽ.ഡി.എഫ് തന്നെ വേണമെന്നുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പുകളിലും ഒന്നരവർഷം കഴിഞ്ഞു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇതാവും പ്രതിഫലിക്കുക.

യു.ഡി.എഫിന്റെ എക്കാലത്തെയും വലിയ കോട്ടയായി കരുതപ്പെട്ട പാലാ മണ്ഡലത്തിലെ വിധിയെഴുത്തിൽ അവരുടെ കാൽക്കീഴിൽനിന്ന് വൻതോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുന്നു എന്നാണ് മനസിലാക്കേണ്ടത്. ഒപ്പം എൽ.ഡി.എഫിന്റെ അടിത്തറ കൂടുതൽ ബലപ്പെടുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ ഒപ്പമില്ലാതിരുന്ന ജനവിഭാഗം കൂടിയതോതിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കൊപ്പം അണിനിരക്കുന്നു.

തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തന്നെ പാലായിലെ ജനങ്ങൾ സംസ്ഥാന ഭരണത്തെ വിലയിരുത്തി പ്രതികരിക്കുമെന്നാണ് താൻ പറഞ്ഞത്. അവർ അതിഗംഭീരമായി ഭരണത്തെ പിന്തുണയ്ക്കുന്ന വിധത്തിൽ പ്രതികരിച്ചു. പ്രതിപക്ഷത്തെയും അവരുടെ അവസരവാദ രാഷ്ട്രീയത്തെയും അടിസ്ഥാനരഹിതമായ ആരോപണങ്ങളെയും അപ്പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. അവരോടു നന്ദി പറയുന്നു.