stethoscope

തിരുവനന്തപുരം: നീ​റ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ തിരുവനന്തപുരം സ്വദേശിയായ പരീക്ഷാ പരിശീലകനെ തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്നലെ തിരുവനന്തപുരത്തെത്തിയ ക്യൂ ബ്രാഞ്ച് സംഘം സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.


ആൾമാറാട്ടം നടത്തി നീ​റ്റ് പ്രവേശന പരീക്ഷ എഴുതി എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രവേശന പരീക്ഷാ കേന്ദ്രം നടത്തുന്നയാളാണ് പരീക്ഷ എഴുതാൻ ആളെ ഏർപ്പാടാക്കിയത്. ആൾമാറാട്ടത്തിന് 20 ലക്ഷം രൂപ കൈമാറിയെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. മഹാരാഷ്ട്രയിലാണ് പരീക്ഷ എഴുതിയത്. നീറ്റ് യോഗ്യത നേടിയ വിദ്യാർത്ഥി തേനി മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയിരുന്നു. എന്നാൽ ഹാൾ ടിക്ക​റ്റിലെ ചിത്രവും പരീക്ഷ എഴുതിയ ആളിന്റെ രൂപവും വ്യത്യാസമുണ്ടെന്നുള്ള അജ്ഞാതൻ അയച്ച പരാതിയാണ് തട്ടിപ്പു പുറത്താക്കിയത്.

തുടർന്നുള്ള അന്വേഷണത്തിൽ രണ്ടു പേരെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. രണ്ടു തവണ നീ​റ്റ് പരീക്ഷ എഴുതിയിട്ടും വിജയിക്കാത്ത മകനു വേണ്ടി സുഹൃത്തായ പ്രവേശന പരീക്ഷാ പരിശീലകൻ ഏർപ്പാടാക്കിയ ആളെക്കൊണ്ടു പരീക്ഷ എഴുതിക്കുകയായിരുന്നുവെന്ന് പിതാവ് മൊഴി നൽകിയിരുന്നു.