kovalam

കോവളം: ആഴാകുളത്തെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്ത തൊഴിച്ചൽ സ്വദേശി മനുവിനെ (26) തെളിവെടുപ്പിനെത്തിച്ചു. കോവളം തൊഴിച്ചൽ പുളിനിന്നവിള തോട്ടരികത്ത് വീട്ടിൽ സുരാജ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അനീഷ് ചന്ദ്രന്റെ മൊഴിയെടുക്കാൻ പൊലീസിനായില്ല. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതിനെത്തുടർന്ന് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നലെ രാവിലെ പൊലീസ് സാന്നിദ്ധ്യത്തിൽ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയെങ്കിലും കൊലപാതകത്തിനുപയോഗിച്ച കത്തി കണ്ടെത്താനായില്ല. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് രഹസ്യമായാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് കോവളം എസ്.എച്ച് ഒ.പി.അനിൽകുമാർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ നടന്ന വാക്കുതർക്കത്തിന്റെ തുടർച്ചയാണ് വൈകിട്ടോടെ കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. കോവളത്തിന് സമീപത്തെ റോഡുവക്കിൽ പാർക്ക് ചെയ്തിരുന്ന സുരാജിന്റെ ബൈക്കിൽ മനു ഓടിച്ചിരുന്ന ഓട്ടോ തട്ടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. വൈകിട്ടോടെ സുരാജും അനീഷ് ചന്ദ്രനും ആഴാകുളത്തെത്തി മനുവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. സുരാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. അതേ സമയം സുരാജിന്റേയും അനീഷ് ചന്ദ്രന്റേയും ബന്ധുക്കൾ ഇന്നലെ വൈകിട്ട് മനുവിന്റെ പിതാവ് നടത്തിവരുന്ന തട്ടുകട നശിപ്പിച്ചു. സംഭവമറിഞ്ഞ് കോവളം പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.