crime

പാറശാല: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കാന്തള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന പഞ്ചലോഹത്തിലെ തിരുമുഖം കവർന്ന കേസിലെ മൂന്ന് പ്രതികളെയും പൊഴിയൂർ പൊലീസ് അറസ്റ്റുചെയ്‌തു. മാരായമുട്ടം മണലിവിള സ്വദേശി വിഗ്രഹം മണിയൻ എന്ന മണിയൻ (62), ചെങ്കവിളക്ക് സമീപം ചാരോട്ടുകോണം പൊറ്റയിൽവീട്ടിൽ അൻവർ സിദ്ദിഖ് (33), മാറനല്ലൂർ കണ്ടല ഹരിജൻ കോളനിയിൽ താമസിക്കുന്ന ജോയിറോസ് എന്ന അജിത്ത്‌ലാൽ (40) എന്നിവരാണ് പിടിയിലായത്.

കേസിലെ ഒന്നാംപ്രതി മണിയൻ നിരവധി വിഗ്രഹമോഷണക്കേസുകളിലെ പ്രതിയാണ്. മൊബൈൽ സന്ദേശങ്ങൾ പോലും കൈമാറാതിരുന്ന പ്രതികളെ പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പറമ്പിൽ കുഴിച്ചിട്ട തിരുമുഖം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസിന്റെ നിർദേശ പ്രകാരം നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊഴിയൂർ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ഒ.എ. സുനിൽ, എസ്.ഐ പ്രസാദ്, സി.പി.ഒമാരായ വിമൽകുമാർ, ബിജു, ഷൈനു, ജയലക്ഷ്മി എന്നിവരടങ്ങുന്ന അന്വേഷണം നടത്തിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.