തിരുവനന്തപുരം: പാലായിൽ മാണി സി. കാപ്പൻ വിജയിച്ചതോടെ എൻ.സി.പിയുടെ അംഗസംഖ്യ നിയമസഭയിൽ മൂന്നായി വർദ്ധിച്ചെങ്കിലും മന്ത്രിസ്ഥാനം വച്ചുമാറേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കാപ്പനെ മന്ത്രിയാക്കണമെന്ന് ഒരു വിഭാഗം എൻ.സി.പി നേതാക്കൾ ഉന്നയിക്കാൻ സാദ്ധ്യതയുണ്ട്.

നേരത്തേ ഫോൺ കെണിയിൽ കുടുങ്ങി ശശീന്ദ്രൻ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. തുടർന്ന് മന്ത്രിയായ തോമസ് ചാണ്ടി റിസോർട്ടിനായി ഭൂമി കൈയേറിയ സംഭവത്തിൽപ്പെട്ട് പുറത്തായിരുന്നു. അങ്ങനെയാണ് വീണ്ടും ശശീന്ദ്രൻ മന്ത്രിയായത്.

അതേസമയം ഏറെക്കാലത്തിന് ശേഷം എൻ.സി.പിക്ക് മൂന്നാമതൊരു എം.എൽ.എയെ കിട്ടിയത് ചിട്ടയായ പ്രവർത്തനത്തിലൂടെയാണെന്നായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. ബി.ജെ.പിയുടെ വോട്ട് എൽ.ഡി.എഫ് വാങ്ങിയെന്ന ആരോപണത്തിൽ കഴമ്പില്ല, 'കള്ളൻ കപ്പലിൽ തന്നെ" എന്ന ജോസ് ടോമിന്റെ പ്രതികരണത്തിൽ എല്ലാമുണ്ട്. യു.ഡി.എഫിന് വോട്ട് കുറഞ്ഞതിൽ പഴിചാരേണ്ടത് അവരെത്തന്നെയാണെന്നും ശശീന്ദ്രൻ പറഞ്ഞു.