തിരുവനന്തപുരം: കേരള സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് മികച്ച വിജയം. ജില്ലയിൽ തിരഞ്ഞെടുപ്പ് നടന്ന 34 കോളേജിൽ 31ലും എസ്.എഫ്.ഐ സമ്പൂർണ വിജയം നേടി. മൂന്ന് കോളേജ് യൂണിയനുകളിൽ കെ.എസ്.യു വിജയിച്ചു.
സംസ്‌കൃത കോളേജ്, പാറശാല ഐ.എച്ച്.ആർ.ഡി കോളേജ്, ഗവ. കാര്യവട്ടംകോളേജ്, ചെമ്പഴന്തി എസ്.എൻ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ്, ഫൈൻ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ യൂണിയനുകൾ എസ്.എഫ്.ഐ എതിരില്ലാതെ ജയിച്ചിരുന്നു. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജ്, എം.ജി കോളേജ് എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നില്ല. നെയ്യാറ്റിൻകര ഇടിഞ്ഞികോളേജ്, നെടുമങ്ങാട് മുസ്ലീം അസോസിയേഷൻ കോളേജ് എന്നിവിടങ്ങളിൽ നോമിനേഷൻ സമർപ്പണവേളയിൽ തർക്കമുണ്ടായി. തുടർന്ന് പ്രിൻസിപ്പൽമാർ തിരഞ്ഞെടുപ്പ് തടഞ്ഞുവച്ചു. പെരിങ്ങമ്മല ഇക്ബാൽ കോളേജ്, നഗരൂർ ശ്രീശങ്കരാചാര്യ കോളേജ്, തോന്നയ്‌ക്കൽ എ.ജെ. കോളേജ്, തുടങ്ങിയ ഇടങ്ങളിൽ കെ.എസ്.യു പാനൽ വിജയിച്ചു. ഇതിൽ തോന്നയ്ക്കൽ എ.ജെ കോളേജ് എസ്.എഫ്.ഐയിൽ നിന്നും തിരിച്ചു പിടിക്കുകയായിരുന്നു. സെൻ സേവ്യേഴ്സ് കോളേജിൽ കെ.എസ്.യു ആർട്സ് ക്ലബ് സെക്രട്ടറി എതിരില്ലാതെ വിജയിച്ചു. ആൾ സെയിൻസ് കോളേജിൽ കെ.എസ്.യു മാഗസിൻ എഡിറ്റർ വിജയിച്ചു. മന്നാനിയ കോളേജിൽ ഇരുപത്തിയേഴിൽ 12 ക്ലാസുകളിൽ കെ.എസ്.യു വിജയംനേടി. തിരഞ്ഞെടുപ്പ് ഫലം വലതുപക്ഷ ശക്തികൾക്കും മത തീവ്രവാദത്തിനുമെതിരെയുള്ള വിദ്യാർത്ഥികളുടെ അഭിപ്രായപ്രകടനമാണെന്ന് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു. അതേസമയം ആഹ്ലാദപ്രകടനത്തിന്റെ മറവിൽ എസ്.എഫ്.ഐ വ്യപകമായി അക്രമം അഴിച്ചുവിട്ടെന്ന് കെ.എസ്.യു, എ.ഐ.എസ്.എഫ് നേതാക്കാൾ ആരോപിച്ചു.