ന്യൂയോർക്ക്: വർത്തമാന പരിതസ്ഥിതികൾക്കനുസരിച്ച് ഐക്യരാഷ്ട്രസഭ സംവിധാനങ്ങളിൽ മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങൾ ചേരിചേരാ രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നടത്തണമെന്ന് ഇന്ത്യ ആഹ്വാനം ചെയ്‌തു. യു.എൻ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചേരിചേരാ രാഷ്ട്ര സമൂഹത്തിന്റെ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഐക്യരാഷ്ട്രസഭയെ പേരെടുത്ത് പരാമർശിക്കാതെ ആഗോള ഭരണസംവിധാനങ്ങളിൽ മാറ്റം വരുത്തേണ്ടതിന്റെ പ്രാധാന്യം ചേരിചേരാ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇന്ത്യ ഉന്നയിച്ചത്. യു.എൻ രക്ഷാസമിതിയുൾപ്പെടെയുള്ള വേദികളിൽ ഇന്ത്യയ്ക്ക് പ്രാതിനിധ്യം ലഭിക്കണമെന്നത് കുറേക്കാലങ്ങളായി രാജ്യത്തിന്റെ പ്രധാനപ്പെട്ട വിഷയമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് അർഹമായ പ്രാതിനിധ്യം കൂടി ഉറപ്പു വരുത്തിക്കൊണ്ട് യു.എൻ രക്ഷാസമിതി വിപുലമാക്കണം.
നിരവധി പോരാട്ടങ്ങളിൽ വിജയിക്കാൻ സാധിച്ചിട്ടുണ്ടങ്കിലും പാലസ്തീൻ പോലെയുള്ള വിഷയങ്ങളിൽ ചേരിചേരാ സമൂഹം ഒരുമിച്ച് നിൽക്കണം. കോമൺവെൽത്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുത്ത വി. മുരളീധരൻ മാലിദ്വീപിന് കോമൺവെൽത്ത് സമൂഹത്തിൽ വീണ്ടും അംഗത്വം നൽകണമെന്നും ആവശ്യപ്പെട്ടു.