തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകൾക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായി. വട്ടിയൂർക്കാവിൽ മുൻ ഡി.സി.സി പ്രസിഡന്റും മനുഷ്യാവകാശ കമ്മിഷൻ അംഗവുമായിരുന്ന കെ. മോഹൻകുമാർ, കോന്നിയിൽ മുൻ ഡി.സി.സി പ്രസിഡന്റ് പി. മോഹൻരാജ്, അരൂരിൽ രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, എറണാകുളത്ത് ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ് എന്നിവരാണ് സ്ഥാനാർത്ഥികൾ. ഇന്നലെ രാത്രിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എന്നിവർ നടത്തിയ കൂടിയാലോചനകളിലാണ് അന്തിമധാരണയായത്. തുടർന്ന് മുല്ലപ്പള്ളി ഡൽഹിയിൽ എ.കെ. ആന്റണിയുമായും എ.ഐ.സി.സി ജനറൽസെക്രട്ടറി കെ.സി. വേണുഗോപാലുമായും ഫോണിൽ സംസാരിച്ചു. പട്ടിക ഡൽഹിക്ക് അയച്ചു. ഇന്ന് അംഗീകാരം ലഭിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. അരൂരിൽ ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന് വേണ്ടി അവസാനനിമിഷവും ശ്രമിച്ചെങ്കിലും അദ്ദേഹം താല്പര്യക്കുറവ് അറിയിക്കുകയായിരുന്നു. ഈഴവ പ്രാതിനിദ്ധ്യത്തിനുള്ള ശ്രമമാണ് പാളിയത്. സാമുദായിക സന്തുലിതാവസ്ഥ ഉറപ്പാക്കാനും അതാവശ്യമായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവായ എം. ദീപുവിനെ ഒരു ഘട്ടത്തിൽ പരിഗണിച്ചെങ്കിലും സാദ്ധ്യതകളടക്കം വിലയിരുത്തി അതൊഴിവാക്കുകയാണുണ്ടായത്. തിങ്കളാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഇന്നും നാളെയും പത്രികാസമർപ്പണമില്ല. അതിനാൽ പത്രികാസമർപ്പണത്തിന് ഒരു ദിവസമേ ശേഷിക്കുന്നുള്ളൂ. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വമുറപ്പിച്ച കെ. മോഹൻ കുമാർ ഇന്നലെ മനുഷ്യാവകാശ കമ്മിഷൻ അംഗത്വം രാജിവച്ചു. രാവിലെ രാജ്ഭവനിലെത്തി അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് സമർപ്പിച്ചു. നാലിടത്തേക്കും ഓരോ പേര് മാത്രമുള്ള പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറുന്നത്.
കെ.മോഹൻകുമാർ
കന്യാകുളങ്ങര സ്കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി തുടക്കം. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ, ജില്ലാ യു.ഡി.എഫ് ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചു. 1991 മുതൽ 2000 വരെ ജില്ലാ പഞ്ചായത്തംഗം.2001 മുതൽ 2006 വരെ നിലവിലെ വട്ടിയൂർക്കാവ് മണ്ഡലം ഉൾപ്പെടുന്ന തിരുവനന്തപുരം നോർത്ത് മണ്ഡലത്തിലെ എം.എൽ.എ. 2015ൽ മനുഷ്യാവകാശ കമ്മിഷൻ അംഗമായി.
ഷാനിമോൾ ഉസ്മാൻ
എ.ഐ.സി.സി അംഗം, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം, എ.ഐ.സി.സി മുൻസെക്രട്ടറി, മഹിളാ കോൺഗ്രസ് മുൻസംസ്ഥാന പ്രസിഡൻറ്, ആലപ്പുഴ നഗരസഭ മുൻചെയർപേഴ്സൺ,ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ ആസൂത്രണ കമ്മിറ്റി അംഗം, നാഷണൽ യൂത്ത് പ്രോഗ്രാംകമ്മിറ്റിഅംഗം, കെ.എസ്.യു മുൻസംസ്ഥാന വൈസ് പ്രസിഡൻറ്, കേരള സർവകലാശാല സെനറ്റ് അംഗം, യൂണിയൻ കൗൺസിലർ, ലീഗൽ സർവീസ് അതോറിട്ടി അംഗം, കുടുംബക്ഷേമ കമ്മിറ്റി അംഗം. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ 10474 വോട്ടുകൾക്ക് തോറ്റു.
പി.മോഹൻരാജ്
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ കെ എസ് .യു യൂണിറ്റ് ജനറൽ സെക്രട്ടറി , പത്തനംതിട്ട താലൂക്ക് പ്രസിഡന്റ് , കൊല്ലം ജില്ല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ല ജനറൽ സെക്രട്ടറി , കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് , ഡി.സി.സി വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി ,പ്രസിഡന്റ് പദവികളിൽ പ്രവർത്തിച്ചു.
ടി.ജെ. വിനോദ്
എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമാണ്. രണ്ടാം തവണയാണ് ഡെപ്യൂട്ടി മേയർ പദവിയിലെത്തുന്നത്. 1995 മുതൽ നഗരസഭ കൗൺസിലർ. ബികോം ബിരുദധാരിയായ വിനോദ് 1982 ൽ കളമശേരി സെന്റ് പോൾസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായാണ് സജീവ രാഷ്ട്രീയത്തിലിറങ്ങിയത്. 83 ൽ കൊച്ചി സിറ്റി ജനറൽസെക്രട്ടറിയായി. രണ്ടു തവണ യൂണിയൻ ചെയർമാനായി. 2004 ൽ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയായി