madani

കൊല്ലം: അബ്‌ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യ നില ആശങ്കാജനകമാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. കർണാടക സർക്കാർ വിഷയത്തിൽ കേരളവുമായി ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ലെങ്കിലും മഅ്ദനിയുടെ കുടുംബത്തെയും പി.ഡി.പി നേതാക്കളെയും ഉദ്ധരിച്ചാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് അയച്ചിരിക്കുന്നത്.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅ്ദനിയുടെ തൂക്കം 44 കിലോയായി കുറഞ്ഞെന്നാണ് വിവരം. നേരത്തെ കോയമ്പത്തൂർ സ്‌ഫാേടന കേസിൽ പ്രതിയായി അറസ്‌റ്റിലാകുമ്പോൾ 110 കിലോയായിരുന്നു ഭാരം. ഒമ്പതര വർഷത്തെ ജയിൽ വാസത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ തൂക്കം 60 കിലോ ആയിരുന്നു. ബംഗളൂരുവിൽ ജയിൽ വാസം തുടരുന്നതിനിടെയിലാണ് ഇപ്പോൾ ശരീരത്തിന്റെ തൂക്കം 44 കിലോയായി ചുരുങ്ങിയത്.

ചികിത്സാ സംബന്ധമായി മഅ്ദനിയെ ജയിലിൽ നിന്ന് കോടതി മോചിപ്പിച്ചെങ്കിലും ബംഗളൂരു നഗരത്തിൽ പൊലീസ് കാവലിലാണ് താമസം. ചികിത്സയ്‌ക്കും വിചാരണ വേളയിൽ കോടതിയിൽ പോകാനും മാത്രമെ വീടിന് പുറത്തിറങ്ങാൻ അനുമതിയുള്ളു. ഭാര്യ സൂഫിയ മഅ്ദനിയും ഇളയ മകൻ സലാഹുദീൻ അയൂബിയും രണ്ട് സഹായികളുമാണ് ഒപ്പമുള്ളത്.

നേരത്തെയുണ്ടായ ബോംബ് ആക്രമണത്തിൽ തകർന്ന മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ട ഇടത് കാലിന്റെ ബാക്കി ഭാഗത്ത് സ്‌പർശന ശേഷി നഷ്‌ടപ്പെട്ടതും വലതുകാൽ നിലത്ത് ഊന്നാൻ പറ്റാത്തതും ഗുരുതര ആരോഗ്യ പ്രശ്‌നമായി തുടരുന്നു. വലത് കാലിന്റെ ഉൾവശം പൊള്ളയായയെന്ന അനുഭവപ്പെടലും അദ്ദേഹത്തെ അലട്ടുന്നുണ്ടത്രെ. ശരീരത്തിന്റെ ഊഷ്‌മാവ് നഷ്‌ടപ്പെട്ട് സദാ മരവിച്ച അവസ്ഥയിൽ ഉഷ്‌ണകാലത്ത് പോലും കിടുങ്ങൽ അനുഭവപ്പെടുന്ന ഇനിയും നിർണയിക്കപ്പെടാത്ത രോഗങ്ങളുടെ പീഡയിലാണ് അദ്ദേഹമെന്നും കൊല്ലം ജില്ലയിലെ പി.ഡ‌ി.പി നേതാക്കൾ പറയുന്നു. കൂടാതെ ജീവിത ശൈലീരോഗങ്ങൾ സൃഷ്‌ടിക്കുന്ന ക്ലേശങ്ങൾ വേറെയും.

കേസിന്റെ വിചാരണ പുരോഗമിച്ച ഘട്ടത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വിചാരണ നിറുത്തിവച്ചത്. ഇന്നലെ മഅ്ദനിയുടെ ജന്മനാടായ ശാസ്‌താംകാട്ടയിൽ സേവ് മഅ്ദനി ഫാറം രൂപീകരിച്ച് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചതോടെയാണ് മഅ്ദനിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ വീണ്ടും ചർച്ചയാകുന്നത്. മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് ശാസ്‌താംകോട്ട ജംഗ്‌ഷനിൽ സമാപിച്ച റാലിയിലും സമ്മേളനത്തിലും വൻ ജന പങ്കാളിത്തമുണ്ടായിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ശ്രീജിത്ത് പെരുമനയും മത നേതാക്കളും യോഗത്തിൽ സംസാരിച്ചു.