kummanam

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തിൽ ബി.ജെ.പി യിൽ അവസാന നിമിഷവും ആശയക്കുഴപ്പം തുടരുന്നു. ഇന്ന് വൈകിട്ട് ഡൽഹിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനിരിക്കേ കേരളത്തിലിതുവരെ സ്ഥാനാർത്ഥികളുടെ അവസാന രൂപം ആയിട്ടില്ല.ബി.ജെ.പിക്ക് കൂടുതൽ സാദ്ധ്യതകളുള്ള വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അവസാന നിമിഷവും ചരടുവലികൾ നടക്കുന്നത്.വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ഒരുവിഭാഗം ആഗ്രഹിക്കുന്നുണ്ട്. എന്നാൽ വീണ്ടുമൊരിക്കൽക്കൂടി പരാജയപ്പെടുത്തി കുമ്മനത്തെ ക്ഷീണിപ്പിക്കേണ്ട എന്നു വാദിക്കുന്നവരുമുണ്ട്.

അടുത്ത തവണ നേമത്ത് സുരക്ഷിതമായ സീറ്രിൽ കുമ്മനത്തെ നിറുത്താനായിരുന്നു ആർ‌.എസ്. എസിന്റെ നീക്കം. എന്നാൽ നേമം നോട്ടമിട്ടിട്ടുള്ള ചില നേതാക്കളാണ് കുമ്മനത്തെ വട്ടിയൂർക്കാവിൽ നിറുത്താൻ നിർബന്ധിക്കുന്നതെന്നാണ് ബി.ജെ.പിയിലെ അണിയറ സംസാരം.ജയിക്കാനായി ഗവർണർ പദവിവരെ രാജിവയ്പ്പിച്ച് കുമ്മനത്തെ തിരുവന്തപുരത്ത് മത്സരിപ്പിച്ചപ്പോൾ ഒരുലക്ഷം വോട്ടിനാണ് കുമ്മനം ദയനീയമായി പരാജയപ്പെട്ടത്.

അവസാന നിമിഷം കുമ്മനത്തെ വേണ്ട എന്നു വയ്ക്കുകയാണെങ്കിൽ 2011ലെ സ്ഥാനാർത്ഥി വി.വി.രാജേഷിയിരിക്കും വട്ടിയൂർക്കാവിൽ ഇത്തവണ മത്സരിക്കുക. അതേ സമയം കുമ്മനം മത്സരിക്കാനില്ലെങ്കിൽ താൻ മത്സരിക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിള്ള ആർ.എസ്. എസ് നേതാക്കളെ അറിയിച്ചതായി സൂചനയുണ്ട്. കോന്നിയിൽ കെ.സുരേന്ദ്രനുമേൽ സമ്മർദ്ദം തുടരുകയാണ്. സുരേന്ദ്രൻ വിസമ്മതിച്ചാൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകും. അരൂരിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബുവാണ് സ്ഥാനാർത്ഥിയാകുക. മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്തിനാണ് സാദ്ധ്യത. ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോ‌ട് സ്ഥാനാർത്ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാറിന്റെ പേരും സജീവമായി പരിഗണിക്കുന്നുണ്ട്. എറണാകുളത്ത് നിയോജക മണ്ഡലം പ്രസിഡ‌ന്റ് സി.ജി.രാജഗോപാൽ ( മുത്തു) ആയിരിക്കും സ്ഥാനാർത്ഥി.