അശ്വത്ഥാമാ ഹത:, കുഞ്ഛര! എന്ന് ധർമ്മപുത്രർ പണ്ട് കുരുക്ഷേത്ര യുദ്ധത്തിൽ പറഞ്ഞപ്പോൾ 'കുഞ്ഛര' എന്ന വാക്കുച്ചരിച്ചത് സ്വരം താഴ്ത്തിയായിരുന്നു. ഇന്ദ്രവർമ്മന്റെ അശ്വത്ഥാമാവ് എന്ന ആനയെ നമ്മുടെ ഭീമസേനൻ കൊന്നത് വച്ചാണ് ധർമ്മപുത്രർ പറഞ്ഞത്. അതൊരു ടെക്നിക്കായിരുന്നുവെന്ന് ദ്റോണാചാര്യർ മനസിലാക്കാത്തത് കാരണം ധൃഷ്ടദ്യുമ്നൻ പണി പറ്റിച്ചു. അതുകൊണ്ട് ദ്റോണരുടെ കഥ അന്ന് കഴിഞ്ഞു. (ഇന്നിവിടെ വേറെ രൂപത്തിൽ വാരവിശേഷവുമായി ദ്റോണർ എത്തുന്നതാണ്. തെറ്റിദ്ധരിക്കേണ്ട.)
പറഞ്ഞുവന്നത്, അന്ന് ധർമ്മപുത്രർ പണി പറ്റിച്ചത് പോലെയായിപ്പോയി നമ്മുടെ ജോസ്ടോം പുലിക്കുട്ടിയുടെയും ജീവിതം എന്നാണ്. കഥ കഴിഞ്ഞത് അന്ന് ദ്റോണരുടേതാണെങ്കിൽ, ഇവിടെ പുലിക്കുന്നേൽ ജോസ് ടോമിന്റേതായിപ്പോയെന്ന സങ്കടമേ ദ്റോണർക്കുള്ളൂ. (കഥയിൽ ചെറിയൊരു ട്വിസ്റ്റ്!)
പാലായിൽ കെ.എം. മാണിയാണ് വലിയ ചിഹ്നം എന്ന് പുലിക്കുന്നേൽ ജോസ് ടോം പറയുകയുണ്ടായി. മാണിസാറിന്റെ ചിത്രം മാത്രം മതി പാലായിൽ ജയിക്കാൻ എന്നും അദ്ദേഹം പറഞ്ഞു. ദ്റോണരുടെ അനുയായികളായ പാലാക്കാർ കെ.എം. മാണിയിലെ 'കെ.എം' എന്നുച്ചരിച്ചത് കേട്ടിട്ടില്ലെന്നാണ് ഏറ്റവും പുതിയ ഇന്റലിജന്റ്സ് റിപ്പോർട്ടുകൾ. ജോസ് ടോം ആ വാല് ഉച്ചരിച്ചത് സ്വരം താഴ്ത്തിയായിപ്പോയെന്ന് വോയ്സ് മോഡുലേഷൻ അനലൈസ് ചെയ്യുക വഴി തൊടുപുഴയിൽ പശുവളർത്തിയും കൃഷി നടത്തിയും ജീവിക്കുന്ന, വിദഗ്ദ്ധ ഗായകൻ കൂടിയായ ഔസേപ്പച്ചൻ കുറിച്ചു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് പാലാക്കാർ ആ വലിയ ചിഹ്നത്തിൽ വോട്ട് കുത്തിയിടാൻ ശ്രമിച്ചു. മാണിയാണ് വലിയ ചിഹ്നം എന്ന് കേട്ടതുപാതി, കേൾക്കാത്തത് പാതി പാലാക്കാർ ആ വലിയ ചിഹ്നത്തെ തേടി അലഞ്ഞു തുടങ്ങി എന്നാണറിയുന്നത്.
അലച്ചിലിനൊടുവിൽ പാലായുടെ മുക്കിലും മൂലയിലും അവർ കണ്ടത് ഒരു മാണിയെ ആയിരുന്നു. അതും ആജാനുബാഹു. വോട്ട് യന്ത്രത്തിന്മേലും അവർ ആ ആജാനുബാഹുവായ മാണിയുടെ പേര് എഴുതിവച്ചത് കണ്ടുവത്രെ. കൂട്ടത്തിലൊരു ഘടികാരത്തിന്റെ പടവും. ചിഹ്നമാണെന്നാണ് വിവക്ഷ. വേറൊരു മാണിയേയും അരിച്ചുപെറുക്കി നോക്കിയിട്ടും കണ്ടെത്താനായതുമില്ല. മറ്റേ മാണിയാണെങ്കിൽ യന്ത്രത്തിന് ഏറ്റവും മുകളിൽ നിന്നങ്ങനെ വിലസുകയുമായിരുന്നു. അങ്ങനെയാണ് വലിയ ചിഹ്നത്തിൽ നോക്കിത്തന്നെ കുത്തിയത്. ജോസ് ടോം പുലിക്കുന്നേലിന്റെ കഥ അവിടെ തീർന്നു എന്ന് പറഞ്ഞാൽ മതി.
ഇതുപോലുള്ള യുദ്ധങ്ങളിൽ ഇമ്മാതിരി റിസ്ക് എടുക്കുമ്പോൾ സൂക്ഷിക്കേണ്ടതായിരുന്നു. കണ്ണ് തട്ടാതിരിക്കാൻ നോക്കുകുത്തികളെ വയ്ക്കുന്നത് പോലെ, ശകുനം മുടക്കാൻ നോക്കുകുത്തിയായി വഴി വിലങ്ങി നിന്നവർ വിഡ്ഢികളായി എന്ന് 'പ്രതിച്ഛായ' അടുത്തിടെ അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട്. പ്രതിച്ഛായ പറഞ്ഞാൽ പറഞ്ഞതാണ്. അത്തരം നോക്കുകുത്തികൾ ശപിച്ചാൽ എന്താണ് സംഭവിക്കുക എന്ന് പക്ഷേ 'പ്രതിച്ഛായ' ഓർത്തിരിക്കാൻ വഴിയില്ല. ചില നോക്കുകുത്തികൾ അങ്ങനെയാണ്. കഠിനമായി ശപിച്ചുകളയും. ഔസേപ്പച്ചൻ അത്തരക്കാരനാണെന്നല്ല. സാഹചര്യങ്ങളാണല്ലോ മനുഷ്യനെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത്. ഇനി പറഞ്ഞിട്ട് കാര്യമില്ല. കരിങ്ങോഴയ്ക്കൽ വീട്ടിൽ ജോസ്മോന് ശിഷ്ടകാലം കുഞ്ഞുകുട്ടി പരാധീനതകളുമായി കഴിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയേ നിവൃത്തിയുള്ളൂ.
കൈതച്ചക്ക പുറമേക്ക് കാണുമ്പോൾ മുള്ള് നിറഞ്ഞതാണ്. എന്നുവച്ച് ആളിന്റെ ഉള്ളത്തിൽ മുള്ളില്ല. കരിങ്ങോഴയ്ക്കൽ ജോസ് മോന് അതറിയാം. ഒരു കപ്പിൽ പൈനാപ്പിൾ കഷണങ്ങൾ നിറച്ച് സേവിച്ചാൽ 131 ശതമാനം വിറ്റാമിൻ സിയാണ് ശരീരത്തിനകത്തേക്ക് കടക്കുന്നത്. ദഹനത്തിന് ഉത്തമം. തൊണ്ടരോഗങ്ങൾ ശമിക്കാനാണെങ്കിൽ ബെസ്റ്റ്. ആരോഗ്യപരമായും ആമാശയപരമായും നല്ല ഇനമായത് കൊണ്ട് മാത്രമാണ് ജോസ് മോനും പുലിക്കുന്നേൽ ജോസ് ടോമും കൈതച്ചക്ക തന്നെ ചിഹ്നമാക്കാൻ നിശ്ചയിച്ചത്.
നീർവാർച്ചയുള്ള മണ്ണിലേ അത് വളരൂ എന്ന് പക്ഷേ ജോസ് മോൻ മനസിലാക്കിയിരുന്നില്ല. ജോസ്മോൻ അല്ലെങ്കിലും അങ്ങനെയാണ്. ഇരിക്കും മുമ്പേ കാല് നീട്ടിയാണ് ശീലമെന്ന് ഔസേപ്പച്ചന്റെ അനുയായികളാരോ പറഞ്ഞത് നേരാണ്. നീർവാർച്ചയുള്ള മണ്ണ് പാലായിൽ ഇല്ലായിരുന്നു. തൊടുപുഴയിലുണ്ട് താനും. ഇതൊക്കെ മനസിലാക്കിയിട്ട് വേണ്ടേ ജോസ് മോനേ കൈതച്ചക്കയെ സമീപിക്കാൻ എന്ന് പുലിക്കുന്നേൽ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ആത്മഗതമുയർന്നതായാണ് ഏറ്റവും പുതിയ വർത്തമാനം.
രണ്ടില ചിഹ്നം കിട്ടാത്തത് വിനയായിപ്പോയി എന്ന് പാലായിലെ ഇരുട്ടടി ഓർത്തപ്പോൾ കഴിഞ്ഞ ദിവസം കരിങ്ങോഴയ്ക്കൽ ജോസ് മോൻ പറയുകയുണ്ടായി. ഔസേപ്പച്ചൻ അതുകേട്ടപ്പോൾ പുഞ്ചിരി പൊഴിക്കുകയും ചെയ്തു. രണ്ടില ചിഹ്നം ഔസേപ്പച്ചന്റെ പോക്കറ്റിലായിപ്പോയതാണ് പറ്റിച്ചതെന്ന് പറഞ്ഞാൽ മതിയല്ലോ. ഔസേപ്പച്ചൻ ഉദാരമനസ്കനാണ്. പക്ഷേ ജോസ് മോൻ അത്ര ഉദാരമതിയല്ല. കക്ഷത്തിലിറുക്കി വച്ച 'പാർട്ടി"യെ കളയാനും വയ്യ, ഉത്തരത്തിലുള്ള രണ്ടില കിട്ടുകയും വേണം എന്നായിരുന്നു ജോസ് മോന്റെ നിലപാട്. കരിങ്ങോഴയ്ക്കൽ മാണിസാറിനോട് പയറ്റിത്തെളിഞ്ഞ ഔസേപ്പച്ചനോടാണോ ജോസ്മോന്റെ വേല. വേല വേലായുധനോട് വേണ്ടെന്ന് ഔസേപ്പച്ചൻ പറഞ്ഞു. രണ്ടിലയും പാർട്ടിയുമെല്ലാം ഈ ഉത്തരത്തിൽ തന്നെ കിടക്കുമെന്നും പറഞ്ഞു.
രണ്ടില ചിഹ്നം തരപ്പെടുത്താൻ ജോസ് മോന് മുന്നിൽ ചില പോംവഴികളുണ്ടെന്ന്, ഈ അവസ്ഥാന്തരത്തിൽ ദ്റോണർ ചില രാഷ്ട്രീയ നിരീക്ഷകരുമായി നടത്തിയ അടിയന്തര കൂടിക്കാഴ്ചയിൽ ബോദ്ധ്യപ്പെടുകയുണ്ടായി. അമ്പലമുക്ക് സ്വാമി എന്ന രാഷ്ട്രീയ നിരീക്ഷകന്റെ അഭിപ്രായത്തിൽ തമിഴ്നാട്ടിലെ പുരട്ച്ചി തലൈവി അമ്മായുടെ പാർട്ടിക്കാരനായ പനീർശെൽവത്തെ ജോസ്മോൻ സമീപിക്കുന്നത് നന്നായിരിക്കും എന്നാണ് കാണുന്നത്. അണ്ണാ ഡി.എം.കെയുടെ ചിഹ്നം രണ്ടില ആണല്ലോ. അണ്ണാ ഡി.എം.കെ പാർട്ടിയുടെ കേരള ബ്രാഞ്ച് ആയി ജോസ്മോൻ നിലകൊണ്ടാൽ ചെന്നിത്തല ഗാന്ധി, മുല്ലപ്പള്ളി ഗാന്ധി മുതലായ ഗാന്ധിമാർക്കും ജോസ്മോനെപ്പറ്റി ഒരു മതിപ്പൊക്കെ തോന്നാതിരിക്കില്ല!