ഓവർ ആക്ടീവ് ബ്ളാഡർ അഥവാ OAB അസ്വസ്ഥത ഉണ്ടാക്കുന്ന മൂത്രാശയ പ്രശ്നമാണ്. കൂടുതൽ തവണ മൂത്രം പോവുക, പെട്ടെന്ന് മൂത്രം പോവുക, പെട്ടെന്ന് അറിയാതെ പോവുക മുതലായവയാണ് ലക്ഷണങ്ങൾ. മൂത്രരോഗാണുബാധയോ മറ്റു മൂത്രാശയ രോഗങ്ങളോ ഉണ്ടാവുകയുമില്ല. പെട്ടെന്ന് മൂത്രം ഒഴിക്കാൻ തോന്നുകയാണ് ഇതിന്റെ പ്രധാന ലക്ഷണം.സാധാരണ പകൽ സമയത്ത് 7 തവണ മൂത്രമൊഴിക്കുന്നത് സ്വാഭാവികമായി കണക്കാക്കാം. ഇതിൽ കൂടുതലാണെങ്കിൽ ശ്രദ്ധിക്കണം.
OAB മറ്റു ചില അസുഖങ്ങളിൽ നിന്ന് വേർതിരിച്ചു മനസിലാക്കുന്നത് ശരിയായ ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്. ചിലരിൽ രാത്രിയിൽ കൂടുതലായി മൂത്രം ഉത്പാദിപ്പിക്കപ്പെടുന്നു. ഹൃദ്രോഗം, ഉറക്കത്തിന്റെ തകരാറുകൾ മുതലായ ഉള്ളവരിലാണ് ഇത് കൂടുതൽ കാണുന്നത്. എന്നാൽ OABയിൽ രാത്രിയിൽ കൂടുതൽ തവണ മൂത്രമൊഴിക്കുമെങ്കിലും അളവ് കുറവായിരിക്കും.
മൂത്രസഞ്ചിയിൽ വേദന ഉണ്ടാക്കുന്ന ഇന്റർ സ്റ്റീഷ്യൽ സിസ്റ്റൈററ്റിസിൽ മേല്പറഞ്ഞ അസുഖങ്ങളോടൊപ്പം അടിവയറ്റിൽ വേദനയും ഉണ്ടാക്കും.ആർത്തവ വിരാമത്തിന് ശേഷം സ്‌ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ കുറവ് കാരണം ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലവും മൂത്രാശയ പ്രശ്നങ്ങൾ ഉണ്ടാകും. ഇത്തരക്കാരിൽ ഈസ്ട്രജൻ ക്രീമുകൾ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
രോഗിയുടെ വിശദമായ രോഗചരിത്രം ചോദിച്ച് മനസിലാക്കി പരിശോധിക്കുന്നതും പ്രധാനമാണ്.
രോഗത്തെക്കുറിച്ച് വിശദമായി രോഗിയെ പറഞ്ഞു മനസിലാക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ബിഹേവിയറൽ ചികിത്സ ഒരു പ്രധാനപ്പെട്ട മാർഗമാണ്. ദ്രാവകങ്ങളുടെ കഴിക്കുന്ന അളവും സമയവും ക്രമപ്പെടുത്തുന്നത് ചികിത്സയ്ക്ക് സഹായകരമാണ്.
വിവിധങ്ങളായ മരുന്നുകൾ ഒ.എ.ബി ചികിത്സയ്ക്ക് ലഭ്യമാണ്. ആന്റീകോളിനേർജിക് മരുന്നുകൾ ഇതിൽ പ്രധാനിയാണ്. മരുന്നുകൾ ഫലപ്രാപ്തി ഇല്ലാതെ വരുമ്പോഴോ പാർശ്വഫലങ്ങൾ കൂടുതലാകുമ്പോഴോ അടുത്ത ചികിത്സാ മാർഗങ്ങളിലേക്ക് മാറുന്നു.
മൂത്രസഞ്ചിയിൽ കുത്തിവയ്ക്കുന്ന ഒണബോട്ടിലിനം ടോക്സിൻ മറ്റൊരു ചികിത്സാ മാർഗമാണ്. ആറു മാസത്തിലൊരിക്കൽ മൂത്രസഞ്ചിയിൽ എടുക്കുന്ന കുത്തിവയ്പാണിത്.
ന്യൂറോ മൊഡ്യുലേഷൻ ചികിത്സയാണ് മറ്റൊരു മാർഗം. പി.ടി.എൻ.എസ്, സാക്‌റൽ ന്യൂറോ മൊഡ്യൂലേഷൻ മുതലായവയാണ് ന്യൂറോ മൊഡ്യൂലേഷൻ ചികിത്സയിൽ ഉള്ളത്.
ഡോ. എൻ. ഗോപകുമാർ
യൂറോളജിസ്റ്റ് & ആൻഡ്രോളജിസ്റ്റ്
യൂറോ കെയർ
ഓൾഡ് പോസ്റ്റ് ഓഫീസ് ലെയിൻ, ചെമ്പകശേരി ജംഗ്ഷൻ
തിരുവനന്തപുരം
ഫോൺ: 094470 57297.