തിരുവനന്തപുരം: ചില വിഭാഗീയ പ്രശ്നങ്ങളാണ് പാലായിലെ തോൽവിക്കു കാരണമെന്നും രാഷ്ട്രീയപരമായ തിരിച്ചടിയായി അതിനെ കാണേണ്ടതില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് കുറവൻകോണം മണ്ഡലം കമ്മിറ്റി കൺവെൻഷനും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും നന്തൻകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലായിലെ തോൽവിയിൽ പ്രവർത്തകർ ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തെ അടിസ്ഥാനമാക്കി അഞ്ച് ഉപതിരഞ്ഞെടുപ്പുകളും യു.ഡി.എഫ് നേരിടും. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവിധി ആയിരിക്കും ഈ ഉപതിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുക. രാഷ്ട്രീയപരമായി വളരെയധികം പ്രാധാന്യം അർഹിക്കുന്ന പോരാട്ടമാണ് വട്ടിയൂർക്കാവിലേത്. ജനസമ്മതനായ നേതാവാണ് വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ. തലസ്ഥാന നഗരത്തിന്റെ ആദ്യഘട്ട വികസനത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

സാമ്പത്തികമായി കേരളം തകർച്ചയുടെ വക്കിലാണ്. കണ്ണൂർ എയർപോർട്ടിന്റെ പ്രവർത്തനങ്ങളും സി.എ.ജി ഓഡിറ്റിംഗിന് വിധേയമാക്കണമെന്നു ഉമ്മൻചാണ്ടി കൂട്ടി ചേർത്തു.

ഒരിടവേളയ്ക്കുശേഷമാണ് താൻ പൊതുരംഗത്തേക്ക് വീണ്ടും കടന്നുവരുന്നതെന്നും പാലായെ ഓർത്ത്‌ പ്രവർത്തകർ പരിഭ്രാന്തരാകേണ്ടതില്ലെന്നും വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി കെ. മോഹൻകുമാർ പറഞ്ഞു.

കുറവൻകോണം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. എം. വിൻസെന്റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പി. ശ്യാം കുമാർ, എൻ. ശക്തൻ നാടാർ,​ മോഹൻകുമാർ,​ എം.പി. സാജു, ഡെയ്സി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.