മെഡിക്കൽ കോഴ്സ് പ്രവേശനത്തിന് രാജ്യത്തൊട്ടാകെ ഏകീകൃത പ്രവേശന പരീക്ഷ നിലവിൽ വന്നതോടെ ഈ രംഗത്തു നടമാടിയിരുന്ന എല്ലാ ക്രമക്കേടുകൾക്കും അറുതിയായി എന്നു കരുതിയവർക്കു തെറ്റി. 'നീറ്റി"ലും നീറ്റല്ലാത്ത പലതും നടക്കുമെന്നാണ് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ. കേരളത്തിൽ ഈയിടെ നടന്ന പി.എസ്.സി പരീക്ഷാ തട്ടിപ്പിനു സമാനമായ തട്ടിപ്പ് ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിലും അരങ്ങേറിയത്രെ. സ്വയം എഴുതി ജയിക്കുകയില്ലെന്നു ബോദ്ധ്യമുള്ള വിദ്യാർത്ഥി പകരക്കാരെ വച്ച് പരീക്ഷയെഴുതി ഉയർന്ന റാങ്ക് നേടി പ്രവേശനം നേടിയ സംഭവങ്ങളാണ് ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ പരീക്ഷ എഴുതാനുള്ള അപരന്റെ കൂലി ഇരുപതുലക്ഷം രൂപയോ അതിലധികമോ ആണത്രെ. അങ്ങേയറ്റം ആസൂത്രിതമായി നടന്ന ആൾമാറാട്ടവുമായി ബന്ധപ്പെട്ട് ഏതാനും വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തട്ടിപ്പിന്റെ സൂത്രധാരൻ കേരളത്തിലുള്ളയാളാണെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ചില മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന കുട്ടികളാണ് പൊലീസ് വലയിലായിരിക്കുന്നത്. തട്ടിപ്പിൽ വേറെയും ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിൽ തമിഴ്നാട് പൊലീസ് രാജ്യവ്യാപകമായി വലവിരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തേനി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഒരു വിദ്യാർത്ഥിയും പിതാവുമാണ് ആദ്യം അറസ്റ്റിലായത്. തമിഴ്നാട്ടിലെ തന്നെ മറ്റു മൂന്നു മെഡിക്കൽ കോളേജുകളിലും സമാന രീതിയിലുള്ള തട്ടിപ്പിലൂടെ ചിലർ പ്രവേശനം തരപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന. കേസെടുത്ത് അന്വേഷണം നടക്കുകയാണ്. ഡൽഹിയിലും യു.പിയിലുമുള്ള പരീക്ഷാകേന്ദ്രങ്ങളിലാണ് അപരന്മാർ നീറ്റ് പരീക്ഷ എഴുതി മികച്ച സ്കോർ നേടിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
'നീറ്റ് " പരീക്ഷയ്ക്കുള്ള അപേക്ഷയിൽ ഫോട്ടോ അപരന്റേതായിരിക്കുമെങ്കിലും മറ്റു മുഴുവൻ വിവരങ്ങളും യഥാർത്ഥ വിദ്യാർത്ഥിയുടേത് തന്നെയായിരിക്കും. പരീക്ഷാഹാളിൽ പ്രവേശനം ഉറപ്പാക്കുന്നത് ഫോട്ടോ നോക്കിയാകയാൽ അപരന് തടസമൊന്നുമുണ്ടാകുന്നില്ല. പ്രവേശന പരീക്ഷ എഴുതി തഴക്കവും പഴക്കവുമുള്ള മിടുക്കന്മാരായിരിക്കും അപരന്മാരായി എത്തുക. നല്ല രീതിയിൽ പരീക്ഷ എഴുതാൻ അവർക്കു കഴിയും. ഏതു കുട്ടിക്കു വേണ്ടിയാണോ പരീക്ഷ എഴുതിയത്, ഉയർന്ന റാങ്കിന്റെ ബലത്തിൽ പ്രവേശനം തരപ്പെടുകയും ചെയ്യും. ഫോട്ടോയിലെ മാറ്റം കൃത്യമായി പരിശോധിക്കുന്നതിലുണ്ടായ വീഴ്ച തട്ടിപ്പ് ഏറെ എളുപ്പമാക്കുന്നുമുണ്ട്.
രാജ്യത്ത് ആസകലം വേരുകളുള്ള തട്ടിപ്പുസംഘങ്ങൾ ഇടനിലക്കാരായി ഉണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രധാനപ്പെട്ട പല പ്രവേശന പരീക്ഷകളിലും സമാനമായതോ അല്ലാത്തതോ ആയ കബളിപ്പിക്കൽ നടക്കാറുണ്ട്. ചോദ്യക്കടലാസ് ചോർച്ച ഉൾപ്പെടെ ക്രമക്കേടുകൾ പല തരത്തിലുണ്ട്. മെഡിക്കൽ പ്രവേശനത്തിൽ തട്ടിപ്പുകളും ക്രമക്കേടുകളും കോഴയുമൊക്കെ അനിയന്ത്രിതമായ നിലയിൽ പെരുകിയപ്പോഴാണ് സംസ്ഥാനങ്ങൾ നടത്തിയിരുന്ന പ്രവേശന പരീക്ഷ അവസാനിപ്പിച്ച് ഏകീകൃത പ്രവേശന പരീക്ഷാ സമ്പ്രദായം നടപ്പാക്കിയത്. പരിഷ്കാരം വന്ന് രണ്ടുവർഷമായപ്പോൾത്തന്നെ ഗൂഢസംഘങ്ങൾ പുതിയ തട്ടിപ്പു വഴികളും കണ്ടെത്തിയെന്നത് 'നീറ്റി"ലും പിഴവുകളും പഴുതുകളും ഇനിയും ശേഷിക്കുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നു. നീറ്റ് പരീക്ഷ രാജ്യത്ത് എവിടെയും അതീവ സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് നടന്നുവരുന്നത്. പരീക്ഷയ്ക്കെത്തുന്ന കുട്ടികളുടെ ഉടുപ്പും ചെരുപ്പും കമ്മലും മാത്രമല്ല സർവതും പരിശോധിച്ചാണ് കടത്തിവിടാറുള്ളത്. ക്രമക്കേടിനുള്ള ചെറിയ സാദ്ധ്യത പോലും തടയാൻ തങ്ങൾ മുൻകരുതലെടുക്കുന്നുണ്ടെന്ന അധികൃതരുടെ അവകാശവാദത്തിൽ വലിയ കഴമ്പില്ലെന്ന് ഇപ്പോൾ മനസിലായി. ആൾമാറാട്ടം അനായാസം കണ്ടുപിടിക്കാനുള്ള സംവിധാനം ഇന്നു ലഭ്യമാണ്. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ പരിശോധിച്ചാൽ മതി. ഹാൾടിക്കറ്റിലെ ഫോട്ടോയിൽ കാണുന്ന ആളല്ല യഥാർത്ഥ പരീക്ഷാർത്ഥി എന്ന് നിഷ്പ്രയാസം ഇതിലൂടെ കണ്ടെത്താം. ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ ചില കോച്ചിംഗ് സ്ഥാപനങ്ങളും ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒരു കോച്ചിംഗ് സെന്ററിൽ പരിശീലനം നേടിയ അഞ്ചു കുട്ടികൾ അപരന്മാർ വഴി മെഡിക്കൽ പ്രവേശനം നേടിയിട്ടുണ്ടെന്നാണു കരുതുന്നത്. പൊലീസ് തെളിവുകൾ തേടി ഇവർക്കു പിന്നാലെ തന്നെ ഉണ്ട്.
ലക്ഷക്കണക്കിനു കുട്ടികൾ ദീർഘകാലം ഏറെ കഷ്ടപ്പെട്ടു പഠിച്ച് പ്രവേശന പരീക്ഷ എഴുതുമ്പോൾ സമ്പന്നരുടെ സന്തതികൾ വളഞ്ഞ വഴിയിലൂടെ അന്യരെ വച്ച് പരീക്ഷ എഴുതി മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നതിലെ ഭീകരത സമൂഹത്തിന് മൊത്തത്തിൽ വലിയ ഭീഷണിയാണ്. പരീക്ഷാഹാളിൽ നടക്കാറുള്ള അനവധി ക്രമക്കേടുകളിൽ വച്ചേറ്റവും ഗർഹണീയവും പരീക്ഷയുടെ വിശ്വാസ്യതയെത്തന്നെ ഇല്ലാതാക്കുന്നതുമാണ് ആൾമാറാട്ടം. കർക്കശമായി തടയേണ്ട സാമൂഹ്യ വിപത്തു തന്നെയാണിത്. അടുത്ത 'നീറ്റ്" പരീക്ഷ മുതലെങ്കിലും ഇതിനായി കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തേണ്ടതാണ്. ക്രമക്കേടിലൂടെ ഇത്തവണ പ്രവേശനം നേടിയവരെ കോളേജുകളിൽ നിന്ന് ഉടനടി പുറത്താക്കുകയും വേണം.