ബാലരാമപുരം: നവരാത്രി വിഗ്രഹ ഘോഷയാത്രയ്‌ക്ക് ബാലരാമപുരത്ത് ഭക്തിനിർഭരമായ സ്വീകരണം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കുമാരകോവിലിലെ കുമാരസ്വാമിയുടെയും ശുചീന്ദ്രത്തെ മുന്നൂറ്റിനങ്കയുടെയും പദ്മനാഭപുരത്തെ സരസ്വതിദേവിയുടെയും വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്‌ക്കാണ് ബാലരാമപുരത്ത് സ്വീകരണം നൽകിയത്. ആചാരപരമായി ബാലരാമപുരത്ത് വരവേല്പ് നൽകുന്നതിനുള്ള അവകാശമുള്ള എം.സി സ്ട്രീറ്റിൽ രാജപ്പൻപിള്ളയുടെ കുടുംബമാണ് ആദ്യം സ്വീകരണം നൽകിയത്. 12 തട്ടങ്ങളിൽ പൂജയൊരുക്കി ദീപാരാധന ചടങ്ങുകളാണ് ഇവിടെ നടന്നത്. ഭക്തർക്ക് വിഗ്രഹങ്ങളെ തൊഴുത് മടങ്ങാൻ ഇവിടെ സൗകര്യമൊരുക്കി. എഴുന്നള്ളിപ്പ് ഘോഷയാത്രയെ അനുഗമിച്ചെത്തിയ ഗജവീരന് നീരാട്ടിനും സൗകര്യമൊരുക്കി. ക്ഷേത്ര സേവകശക്തിയുടെ ആഭിമുഖ്യത്തിൽ നവരാത്രി വിഗ്രഹങ്ങൾക്ക് കൊടിനടയിൽ തട്ടനിവേദ്യമൊരുക്കി. ക്ഷേത്ര സേവകശക്തി അദ്ധ്യക്ഷൻ സുരേഷ് കിഴക്കേവീട്, മുഖ്യകാര്യദർശി എ. ശ്രീകണ്ഠൻ, ഖജാൻജി മോഹനൻ, ബിപിൻചന്ദ്, എസ്.എൻ. സുധാകരൻ, രാജേന്ദ്രൻ മൂകാംബിക, എ.പി. ശ്രീകുമാർ, രാജകുമാരി ബിജു, വിനോദ് മണവാട്ടി, ആലുവിള കുമാർ, അജി വി.ലാൽ എന്നിവർ നേതൃത്വം നൽകി. വിഗ്രഹഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളിളെല്ലാം ഭക്തർ തട്ടപ്പൂജയൊരുക്കി സ്വീകരണം നൽകി. സുരക്ഷയുടെ ഭാഗമായി ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിൽ പൊലീസിനെയും വിന്യസിച്ചിരുന്നു.