malinya-nikshepam

കല്ലമ്പലം: മാലിന്യ നിക്ഷേപം മൂലം ജനങ്ങൾ പൊറുതി മുട്ടുമ്പോൾ യാതൊരുവിധ നടപടികളും കൈക്കൊള്ളാതെ വെറും നോക്കുകുത്തിയാകുകയാണ് പഞ്ചായത്ത്‌. നാവായിക്കുളം ഗ്രാമ പഞ്ചായത്തിൽപ്പെട്ട മുക്കുകട - കപ്പാംവിള റോഡിൽ കൂനൻച്ചാൽ, മാടൻകാവ് പ്രദേശമാണ് സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. നിരവധി തവണ നാട്ടുകാർ മാലിന്യം കുഴിച്ചുമൂടി പ്രദേശം വെടിപ്പാക്കി. പഞ്ചായത്തിൽ പരാതി നൽകി ജനം മടുത്തു. മാലിന്യ നിക്ഷേപത്തിനെതിരെ ചെറുവിരലനക്കാൻ പോലും പഞ്ചായത്ത് അധികൃതർ തയ്യാറല്ല.

മാലിന്യങ്ങൾ കാക്കകൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിലും, ജലാശയങ്ങളിലും കൊണ്ടിടുന്നതും, അസഹ്യമായ ദുർഗന്ധം വമിക്കുന്നതും പകർച്ചവ്യാധി പടരാനിടയാക്കുമെന്ന ഭീതിയും നാട്ടുകാർക്കുണ്ട്.

ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള അനധികൃത അറവുശാലകൾ പെരുകുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അറവുശാലകൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ നോക്കുകുത്തികളായി മാറുകയും ചെയ്തതോടെയാണ് റോഡുകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയത്.

ഒരു പരിശോധനയും ഇല്ലാതെയാണ് അറവുശാലകളിൽ ആടുമാടുകളുടെ മാംസം വിൽക്കുന്നതെന്നും ആക്ഷേപമുണ്ട്. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തിൽ രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ആടുമാടുകളെ മാത്രമേ അറുക്കാനും വിൽക്കാനും പാടുള്ളൂ എന്ന കർശനമായ വ്യവസ്ഥ ലംഘിച്ചാണ് പല അറവുശാലകളുടെയും പ്രവർത്തനം. മതകേന്ദ്രങ്ങൾ, ജനവാസകേന്ദ്രങ്ങൾ എന്നിവയ്ക്ക് സമീപവും അറവുശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെതിരെ നിരവധി തവണ പൊതുജനങ്ങൾ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല.