തിരുവനന്തപുരം: വയലാർ രാമവർമ്മ ട്രസ്റ്റിന്റെ ഈ വർഷത്തെ വയലാർ അവാർഡ് വി.ജെ. ജയിംസിന്റെ 'നിരീശ്വരൻ' എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്‌ടോബർ 27ന് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2017ലെ മികച്ച നോവലിനുള്ള കേരളസാഹിത്യ അക്കാഡമി പുരസ്‌കാരം നിരീശ്വരൻ നേടിയിരുന്നു. ഭക്തിയും വിശ്വാസവും കപടമായി മാറുന്ന കാലത്ത് മനുഷ്യമനസിൽ തിരിച്ചറിവിന്റെ ചോദ്യങ്ങളുയർത്തുന്ന നോവലാണിത്. പരമ്പരാഗതമായ എഴുത്തുരീതിയിൽ മാറ്റം വരുത്തുന്ന 'നിരീശ്വരൻ' മൗലികതയും ശാസ്ത്രബോധവും ഉള്ള കൃതിയാണെന്നും ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. ഡോ.എ.കെ.നമ്പ്യാർ, ഡോ.അനിൽകുമാർ വള്ളത്തോൾ, ഡോ.കെ.വി.മോഹൻകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് കൃതി തിരഞ്ഞെടുത്തത്. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശിയായ വി.ജെ.ജെയിംസ് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ വലിയമല യൂണിറ്റിൽ എൻജിനിയറാണ്.