തിരുവനന്തപുരം: അവാർഡ് നിർണയം സംബന്ധിച്ച തർക്കത്തെത്തുടർന്ന് പ്രൊഫ.എം.കെ. സാനു അദ്ധ്യക്ഷപദം ഒഴിഞ്ഞ സാഹചര്യത്തിൽ വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ പുതിയ പ്രസിഡന്റായി പെരുമ്പടവം ശ്രീധരൻ ചുമതലയേറ്റു. നിലവിൽ അദ്ദേഹം ട്രസ്റ്റ് വൈസ് പ്രസിഡന്റായിരുന്നു.
പുരസ്‌കാര പ്രഖ്യാപനത്തിനു മുമ്പ് വിവാദത്തിലായ 43-ാമത് വയലാർ അവാർഡ് നിർണയത്തിൽ ബാഹ്യ സമ്മർദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ആപേക്ഷികമായാണ് കൃതികൾ വിലയിരുത്തിയതെന്നും വി.ജെ. ജയിംസിന്റെ നിരീശ്വരൻ എന്ന നോവലിന് അവാർഡ് നൽകാനുള്ള തീരുമാനം ഏകകണ്ഠമായി എടുത്തതാണെന്നും കമ്മിറ്റി അംഗങ്ങളായ ഡോ.എ.കെ.നമ്പ്യാർ, ഡോ.അനിൽകുമാർ വള്ളത്തോൾ, ഡോ.കെ.വി.മോഹൻകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ പുരസ്‌കാര പ്രഖ്യാപനത്തിനു മുമ്പ് ചേർന്ന ട്രസ്റ്റ് അംഗങ്ങളുടെ യോഗത്തിലാണ് ദീർഘകാലം ട്രസ്റ്റ് പ്രസിഡന്റായിരുന്ന എം.കെ. സാനുവിന്റെ രാജി സ്വീകരിച്ചത്. പുതിയ പ്രസിഡന്റായ പെരുമ്പടവം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്.
വയലാർ അവാർഡ് നിർണയവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ട്രസ്റ്റ് ഉണ്ടാക്കിയതല്ലെന്നും സാനു മാഷിന്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിന്റേതു മാത്രമാണെന്നും അതിന് മറുപടി പറയാൻ ട്രസ്റ്റിന് ബാദ്ധ്യതയില്ലെന്നും പെരുമ്പടവം പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളാരും അവാർഡ് പരിഗണനയുള്ള കൃതികളുടെ പേര് പുറത്തുപറഞ്ഞിട്ടില്ല. ജഡ്ജിംഗ് കമ്മിറ്റി തിരഞ്ഞെടുത്ത കൃതി ഇന്നലെ ചേർന്ന യോഗം അംഗീകരിച്ചു. പുരസ്‌കാരം പ്രഖ്യാപിച്ചയുടൻ പത്രസമ്മേളന വേദിയിൽവച്ചു തന്നെ വി.ജെ. ജയിംസിനെ ഫോണിൽ വിളിച്ച് പെരുമ്പടവം അവാർഡ് വിവരവും അഭിനന്ദനങ്ങളും അറിയിച്ചു.
ഏഴാച്ചേരി രാമചന്ദ്രന്റെ കവിതാ സമാഹാരം 'ഇലത്തുമ്പിലെ വജ്രദാഹം', പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥ 'തിളച്ചമണ്ണിൽ കാൽനടയായി' എന്നിവയാണ് അവസാന റൗണ്ടിൽ എത്തിയ മറ്റു പുസ്തകങ്ങൾ. പുതുശ്ശേരിക്കാണ് ആദ്യം അവാർഡ് തീരുമാനിച്ചിരുന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് സാനുമാസ്റ്ററുടെ രാജിയെന്നും വാർത്ത വന്നിരുന്നു. എം.കെ. സാനു കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾക്കു മുന്നിൽ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. എന്നാൽ അവസാന റൗണ്ടിൽ എത്തിയ കൃതികൾ ഏതൊക്കെയെന്ന് പ്രഖ്യാപിക്കുന്ന പതിവ് ട്രസ്റ്റിനില്ലെന്നും പുരസ്‌കാരം കിട്ടിയ കൃതിയെക്കുറിച്ച് മാത്രമാണ് സംസാരിക്കാറെന്നും പറഞ്ഞ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ട്രസ്റ്റ് ഭാരവാഹികൾ ഒഴിഞ്ഞുമാറി.