തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് ആറ് മാസമാകുന്നതിന് മുൻപ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കൊല്ലം ഡോക്ടർമുക്ക് സ്വദേശി അനിയെ കോടതി ജീവപര്യന്തം കഠിന തടവിനും മുപ്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിയ്ക്കണം. നാവായിക്കുളം മാവിൻമൂട് സ്വദേശി മഞ്ചുവിനെ കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി റോയ് വർഗ്ഗീസിന്റെ വിധി.
വിവാഹം കഴിഞ്ഞ നാൾ മുതൽ അനി ചാരിത്ര്യത്തിൽ സംശയം പ്രകടിപ്പിച്ച് മഞ്ചുവിനെ മർദ്ദിക്കുമായിരുന്നു. മർദ്ദനം സഹിയ്ക്ക വയ്യാതെ സഹോദരി സുമയുടെ വീട്ടിലേക്ക് താമസം മാറിയ മഞ്ചുവിനെ സുമയുടെ വീട്ടിൽ വച്ചാണ് അനി കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സുമയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അനി വീട്ടിൽ വന്നിട്ട് ഉടൻ മടങ്ങിപ്പോകുന്നത് അയൽവാസിയായ ബാലിക കണ്ടിരുന്നു. പെൺകുട്ടി സുമയുടെ വീട്ടിൽ ചെന്നപ്പോഴാണ് മഞ്ചു രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടത്. ദൃക് സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന് സഹായകമായത്. കേസിൽ 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.