തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ഹെെടെക് സെല്ലിൽ നിന്ന് ഇ-മെയിലുകൾ ചോർത്തി വ്യാജരേഖ നിർമ്മിച്ച് വർഗീയ സംഘർഷത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് ക്രെെം ബ്രാഞ്ച് എടുത്ത കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചു. ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് കേസ് പിൻവലിച്ച് പ്രതികളെ കുറ്രവിമുക്തരാക്കിയത്.
ഹെെ-ടെക് സെല്ലിലെ ഉദ്യോഗസ്ഥനായ ബിജു സലീം, മുൻ ജില്ലാ ഹോമിയോ മെഡിക്കൽ ഒാഫീസർ ഡോ.ദെസ്തക്കീർ, അഭിഭാഷകനായ ഷാനവാസ്, മാദ്ധ്യമ പ്രവർത്തകരായിരുന്ന വിജു വി.നായർ, അബ്ദുറഹ്മാൻ, പി.കെ. പാറക്കടവ് എന്ന മുഹമ്മദ്, എം.പി.ബഷീർ, മനു ഭരത് എന്നിവരുടെ പേരിലാണ് കേസ് എടുത്തിരുന്നത്.
നിരോധിത മതസംഘടനയായ സിമിയെ അനുകൂലിക്കുന്ന ഇ മെയിൽ സന്ദേശങ്ങൾ ഇന്റലിജൻസ് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 268 ഇ മെയിലുകൾ നിരീക്ഷണ വിധേയമാക്കാനും ഇതിന്റെ ഉറവിടം കണ്ടെത്താനും ഹെെ-ടെക് സെല്ലിന് ഇന്റലിജൻസ് നിർദ്ദേശം നൽകി. ഈ പട്ടികയിൽ നിന്ന് മുസ്ളിം മതവിഭാഗത്തിലുള്ളവരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തി വ്യാജരേഖ ഉണ്ടാക്കി പ്രചരിപ്പിച്ച് സംഘർഷത്തിന് പ്രതികൾ ശ്രമിച്ചെന്നായിരുന്നു കേസ്.
സാമുദായിക സംഘർഷം ഉണ്ടാക്കുന്നതും വർഗീയ കലാപം സൃഷ്ടിക്കുന്നതുമായ കേസുകൾ വിചാരണ ചെയ്യാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണം. ഇ മെയിൽ കേസ് വിചാരണ ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇക്കാര്യം സർക്കാർ അഭിഭാഷക കോടതിയെ അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് കേസ് പിൻവലിക്കാനായി സർക്കാർ തന്നെ കോടതിയെ സമീപിച്ചത്.